Tuesday January 22nd, 2019 - 4:27:am
topbanner

വയനാട് ജില്ലയിൽ ഇലക്ട്രിക് ശ്മശാനത്തിന് ശുപാർശ ചെയ്യും: എസ്.സി-എസ്.ടി ഉപസമിതി

Aswani
വയനാട് ജില്ലയിൽ ഇലക്ട്രിക് ശ്മശാനത്തിന് ശുപാർശ ചെയ്യും: എസ്.സി-എസ്.ടി ഉപസമിതി

വയനാട്: ആദിവാസി ജനവിഭാഗങ്ങളിൽ പിന്നാക്കം നിൽക്കുന്ന പണിയവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് ജില്ലയിൽ ഇലക്ട്രിക് ശ്മശാനം നിർമിക്കുന്നതിന് സർക്കാരിലേക്ക് ശുപാർശ ചെയ്യുമെന്ന് പട്ടികജാതി പട്ടിക വർഗ്ഗ ക്ഷേമ ഉപസമിതി.പനമരം കമ്മ്യൂണിറ്റി ഹാളിൽ നടത്തിയ ഉപസമിതി സിറ്റിങിൽ സംസ്കരിക്കാൻ സ്ഥലമില്ലാതെ അടുക്കളയിലും വീടിനോട് ചേർന്നും മൃതദേഹം മറവുചെയ്യേണ്ട ദുരവസ്ഥ ആദിവാസികൾ വിവരിച്ചതിനെ തുടർന്നാണ് നടപടി. നിയമസഭ പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ കമ്മിറ്റിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പണിയ സമുദായക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച ഉപസമിതിയുടെ ആദ്യ സിറ്റിങായിരുന്നു പനമരത്തേത്.

ഒ.ആർ കേളു എംഎൽഎ ചെയർമാനായ ഉപസമിതി സംഘത്തിൽ സമിതി അംഗം കോവൂർ കുഞ്ഞുമോൻ എംഎൽഎയും ഉണ്ടായിരുന്നു. പണിയ വിഭാഗക്കാർ ചെയ്യുന്ന ജോലിക്ക് കൂലിയായി മദ്യം നൽകുന്ന പ്രവണതക്ക് മാറ്റമുണ്ടാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നു ഉപസമിതി നിർദേശിച്ചു.

പണിയവിഭാഗം കുട്ടികളിൽ കണ്ടുവരുന്ന മദ്യപാനാസക്തിക്കെതിരേ ആരോഗ്യവകുപ്പും എക്സൈസ് വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി കോളനികൾ കേന്ദ്രീകരിച്ച് ബൃഹദ് പദ്ധതി തയ്യാറാക്കാൻ സമിതി നിർദ്ദേശിച്ചു.കോളനിയിലെ പ്രതികൂല സാഹചര്യം കാരണം പഠിക്കാൻ കഴിവുണ്ടായിട്ടും കുട്ടികൾ സ്കൂളിൽ പോവുന്നില്ലെന്നും സമിതി വിലയിരുത്തി. വീട്ടുകാരെ സഹായിക്കാൻ കുട്ടികൾ ബാലവേലയിൽ ഏർപ്പെടുന്നതായും പരാതിയുയർന്നു. വീടുകളുടെ ശോചനീയാവസ്ഥയും ജോലി സംബന്ധമായ പ്രശ്നങ്ങളും പണിയവിഭാഗം നേതാക്കൾ സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു.

പണിയ വിഭാഗത്തിൽ നിന്ന് പത്താംതരം വരെ പഠിച്ചവർ പോലും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് എംപ്ലോയ്മെന്റ് ഒാഫിസർ അറിയിച്ചു. വന്യമൃഗശല്യവുമായി ബന്ധപ്പെട്ട കാര്യങ്ങളും സമിതിക്ക് മുമ്പാകെ വന്നു. വനത്തിൽ താമസിക്കുന്നവരുടെ ഭൂമിക്ക് മതിയായ രേഖകളില്ലെന്നായിരുന്നു മറ്റൊരു പരാതി. സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്ന കാർഡുകളാണ് ഇൗ വിഭാഗത്തിനു നൽകിയതെന്നു സപൈ്ല ഒാഫിസർ ഉപസമിതിയെ അറിയിച്ചു.

വീട് നിർമാണത്തിൽ ഇടനിലക്കാർ ഗുണഭോക്താക്കളെ മദ്യം നൽകി ചൂഷണം ചെയ്യുന്നെന്ന പരാതിയിൽ സമിതി ബന്ധപ്പെട്ടവരോട് വിവരങ്ങൾ ആരാഞ്ഞു. ഇനി നടക്കുന്ന ഭവനനിർമാണങ്ങളിൽ ഇടനിലക്കാരെ ഒഴിവാക്കി വീടുനിർമാണം പൂർത്തീകരിക്കുമെന്നു ഡി.ഡി.പി പറഞ്ഞു.പണിയവിഭാഗത്തിലെ ഉദ്യോഗാർഥികൾക്കു മാത്രമായി സ്പെഷ്യൽ റിക്രൂട്ട്മെന്റ് വേണമെന്നു സിറ്റിങിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

ശൈശവ വിവാഹത്തിനെതിരേ ബോധവൽക്കരണം നടത്തും. ആചാരത്തിന്റെ ഭാഗമായ ശൈശവ വിവാഹം നടത്തുന്ന യുവാക്കളെ പോക്സോ കേസിൽ ഉൾപ്പെടുത്തി ജയിലിലടയ്ക്കുകയാണ്. ഇതു ശരിയല്ലെന്നു ഉപസമിതി അഭിപ്രായപ്പെട്ടു. ഇന്നു തിരുനെല്ലി കോളനിയും ഉപസമിതി സന്ദർശിക്കും . ഇവിടുത്തെ ജീവിതസാഹചര്യം കൂടി മനസ്സിലാക്കി പണിയ വിഭാഗത്തിന് ഏറെ ഗുണം ചെയ്യുന്ന വിശദമായ റിപോർട്ട് സർക്കാരിന് നൽകും.

ജൂൺമാസം തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ റിപോർട്ട് ചർച്ച ചെയ്യും. അതനുസരിച്ചുള്ള തുടർനടപടികളാവും ഉണ്ടാവുകയെന്നു ചെയർമാൻ ഒ ആർ കേളു എംഎൽഎ, അംഗം കോവൂർ കുഞ്ഞുമോൻ എംഎൽഎ എന്നിവർ അറിയിച്ചു. സി കെ ശശീന്ദ്രൻ എംഎൽഎ, നിയമസഭാ ജോയിന്റ് സെക്രട്ടറി സജീവൻ, എ.ഡി.എം കെ എം രാജു, എെടിഡിപി പ്രോജക്ട് ഒാഫിസർ വാണീദാസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ആദിവാസി സംഘടനാ നേതാക്കൾ തുടങ്ങിയവർ സിറ്റിങിൽ പങ്കെടുത്തു.

ഉപസമിതി പനമരം പഞ്ചായത്തിലെ പരക്കുനി കോളനി സന്ദർശിച്ചു. കോളനിവാസികൾ തങ്ങളുടെ ദുരിതങ്ങൾ ഉപസമിതി മുമ്പാകെ വിവരിച്ചു. പനമരം പുഴയോട് ചേർന്ന കോളനിയിൽ മഴക്കാലത്ത് വെള്ളം കയറുമെന്നും ഇതു ദുരിതം ഇരട്ടിപ്പിക്കുന്നുവെന്നും അവർ പരാതിപ്പെട്ടു. പുഴയോരം ഇടിയുന്നതാണ് മറ്റൊരു പ്രശ്നം. വീടില്ലാത്തവർക്ക് ഏതെങ്കിലും ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി അടിയന്തരമായി വീട് നിർമിച്ചു നൽകണമെന്നു സമിതി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

Read more topics: wayanad, tribe, developmnt
English summary
to recommend electric grave in district: sc st committee
topbanner

More News from this section

Subscribe by Email