Thursday September 20th, 2018 - 2:58:am
topbanner
Breaking News

സമാന്തര മാധ്യമങ്ങളിലാണ് നിഷ്പക്ഷത കൂടുതൽ പ്രകടനമാകുന്നത്: ആർ.എസ്.ബാബു

RAsh
സമാന്തര മാധ്യമങ്ങളിലാണ് നിഷ്പക്ഷത കൂടുതൽ പ്രകടനമാകുന്നത്: ആർ.എസ്.ബാബു

മുഖ്യധാരാ മാധ്യമങ്ങളെക്കാൾ സമാന്തര മാധ്യമങ്ങളിലൂടെയാണ് മാധ്യമ നിഷ്പക്ഷത കൂടുതൽ പ്രകടനമാകുന്നതെന്ന് കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു പറഞ്ഞു. ജനങ്ങളുടെ സത്യം അറിയാനുള്ള അവകാശം സംരക്ഷിക്കാൻ എത്ര മാധ്യമങ്ങൾക്ക് സാധിക്കുന്നുണ്ടെന്ന് പുനർച്ചിന്തനം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദേശീയ മാധ്യമ ദിനാചരണത്തിന്റെ ഭാഗമായി ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പും വയനാട് പ്രസ് ക്ലബ്ബും ചേർന്ന് സംഘടിപ്പിച്ച 'മാധ്യമ നിഷ്പക്ഷതയുടെ കാണാപ്പുറങ്ങൾ' മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർ.എസ്.ബാബു. മാധ്യമങ്ങൾക്കെതിരായ വേട്ടയാടൽ രാജ്യത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു.

വെടിയുണ്ടയ്ക്കിരയായ ഗൗരി ലങ്കേഷ് അവസാനത്തെ ഇരയായിരുന്നില്ല എന്ന് ഇപ്പോൾ തിരിച്ചറിയുന്നു. മാധ്യമങ്ങളിൽ പിറവികൊള്ളുന്ന വാർത്തകളെക്കാൾ പിറക്കാത്ത വാർത്തകളാണ് ഇന്ന് കൂടുതൽ. താൽപര്യമില്ലാത്ത വാർത്തകൾ നൽകുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ എൻഫോഴ്സ്മെന്റിനെയും സി.ബി.എെയെയും ഉപയോഗപ്പെടുത്തി വേട്ടയാടുന്ന കാലത്താണ് മാധ്യമസ്വാതന്ത്ര്യം ചർച്ചചെയ്യപ്പെടുന്നത്. വർഗീയതയ്ക്കെതിരെ മാധ്യമങ്ങൾ കടമ നിർവഹിക്കുന്നില്ല.

ഇന്ത്യയിൽ കാർട്ടൂണിസ്റ്റുകൾ പോലും ഇരുമ്പഴിക്കുള്ളിൽ ആയ കാലം അടിയന്തിരാവസ്ഥയെപ്പോലും ലജ്ജിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെയും ആദിവാസികളുടെയും പ്രശ്നങ്ങൾ അവർക്കിടയിൽ പ്രവർത്തിച്ച് വാർത്തയാക്കിയ പ്രതിബന്ധതയുള്ള പത്രപ്രവർത്തകനായിരുന്നു വി.ജി.വിജയനെന്ന് ആർ.എസ്.ബാബു പറഞ്ഞു.

അദ്ദേഹത്തിന്റെ സ്മരണാർഥം റൂറൽ റിപ്പോർട്ടിങ്ങുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തെ ഒരു അന്താരാഷ്ട്ര ശിൽപ്പശാല മാധ്യമ പ്രവർത്തകർക്കും വിദ്യാർഥികൾക്കുമായി വയനാട്ടിൽ മീഡിയ അക്കാദമി സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത റൂറൽ റിപ്പോർട്ടറായ പി..സായീ നാഥിനെ ഇതിൽ പങ്കെടുപ്പിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിജയന്റെ ഫോട്ടോ അനാശ്ചാദനവും അദ്ദേഹം നിർവഹിച്ചു. വാർത്തയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് വാർത്തകൾ എഴുതിയിരുന്ന വിജയന്റെ ഒാർമ വയനാടിന് ഒരിക്കലും മറക്കാൻ കഴിയാത്തതാണെന്ന് വി.ജി.വിജയൻ അനുസ്മരണ പ്രഭാഷണം നടത്തിയ ഒ.കെ.ജോണി പറഞ്ഞു.

പ്രസ് ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ഛൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ ഇൻഫർമേഷൻ ഒാഫീസർ കെ.പി.അബ്ദുൾ ഖാദർ, പ്രസ് ക്ലബ്ബ് സെക്രട്ടറി പി.ഒ ഷീജ, വിജയൻ ചെറുകര, എം.കമൽ, വിജയൻ മടക്കിമല, സാം പി.മാത്യു, എൻ.രാമാനുജൻ, പി.ആർ.ഡി അസിസ്റ്റന്റ് എഡിറ്റർ കെ.എസ്.സുമേഷ് എന്നിവർ പ്രസംഗിച്ചു.

Read more topics: press day, seminar, r s babu
English summary
wayanad press day seminar r s babu inauguration
topbanner

More News from this section

Subscribe by Email