Tuesday September 25th, 2018 - 8:50:am
topbanner

വയനാട് ജില്ലയിലെ കുപ്പാടി ഇനി പൊതുജന സൗഹൃദ സ്മാർട്ട് വില്ലേജ് ഒാഫീസ്

Aswani
വയനാട് ജില്ലയിലെ കുപ്പാടി ഇനി പൊതുജന സൗഹൃദ സ്മാർട്ട് വില്ലേജ് ഒാഫീസ്

വയനാട്: ജില്ലാ നിർമ്മിതി കേന്ദ്രയുടെ നിർമ്മാണ വൈദഗ്ധ്യത്തിൽ സ്മാർട്ടായി കുപ്പാടി വില്ലേജ് ഒാഫിസിന്റെ പുതിയ കെട്ടിടം പൂർത്തിയായി. സുൽത്താൻ ബത്തേരി മിനി സിവിൽ സ്റ്റേഷന് എതിർവശത്തായി നിർമ്മിച്ച കെട്ടിടം പൂർണ്ണമായും പൊതുജന സൗഹൃദമാണ്. പ്രവേശന കവാടം കടന്ന് എത്തുന്നത് 4500 അടി വിസ്തൃതിയിൽ കല്ല് പാകിയ വിശാലമായ പാർക്കിംഗ് സൗകര്യമുളള വലിയ മുറ്റത്തേക്കാണ്.

ശാരീരിക അവശത നേരിടുന്നവർക്കും ഭിന്നശേഷി വിഭാഗക്കാർക്കും പ്രധാന കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ റാമ്പ് സൗകര്യവും ഇവിടെ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. പ്രധാന കെട്ടിടത്തിനുള്ളിൽ സാധാരണ സർക്കാർ ഒാഫീസുകളിൽ നിന്നും വ്യത്യസ്തമായാണ് മുറികൾ ഒരുക്കിയിരിക്കുന്നത്. കോർപ്പറേറ്റ് ഒാഫീസുകളുടെ മട്ടും ഭാവത്തിലുമാണ് ഒാഫീസ് തയ്യാറാക്കിയിരിക്കുന്നത്. വിവിധ സേവനങ്ങൾക്കായി ഒാഫീസിൽ എത്തുന്നവർക്ക് ആധുനിക ഇരിപ്പിടങ്ങളും കുടിവെളള സൗകര്യവുമുളള വിശാലമായ സന്ദർശക മുറി പുതിയൊരു അനുഭവമാകും.

ഇവിടെതന്നെയാണ് സഹായക കേന്ദ്രവും പ്രവർത്തിക്കുക. ജീവനക്കാർക്കായി പ്രത്യേകം തയ്യാറാക്കിയ ക്യാബിനുകളിൽ ഫർണീച്ചറുകളും കമ്പ്യൂട്ടറുകളും മറ്റ് ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനുളള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. റെക്കാർഡ് റൂം, ഡൈനിംഗ് റൂം, ടോയിലറ്റ് എന്നിവയും ഒാഫീസ് കെട്ടിടത്തിലുണ്ട്. സ്ത്രീകൾക്കും പുരുഷൻമാർക്കുമായി വെവ്വേറെ ടോയിലറ്റുകളും കെട്ടിടത്തിനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 36,89,350 രൂപ ചെലവഴിച്ചാണ് കുപ്പാടി സമാർട്ട് വില്ലേജ് ഒാഫീസ് കെട്ടിടം പണി പൂർത്തീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആദ്യത്തെ സ്മാർട്ട് വില്ലേജ് ഒാഫീസ് കെട്ടിടമായ ചെറുകാട്ടൂർ വില്ലേജ് ഒാഫീസും ജില്ലാ നിർമ്മിതി കേന്ദ്രയാണ് ഏറ്റെടുത്ത് നിർമ്മിച്ചിരുന്നത്.

 

English summary
Kuppadi, Wayanad District, is now a public friendly smart village office
topbanner

More News from this section

Subscribe by Email