Sunday August 19th, 2018 - 11:35:pm
topbanner

സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടത്തിന് പരിധിയില്‍: വയനാട് ജില്ലാതല പ്രഖ്യാപനം കളക്ടര്‍ നിര്‍വഹിച്ചു

Aswani
സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടത്തിന് പരിധിയില്‍: വയനാട് ജില്ലാതല പ്രഖ്യാപനം കളക്ടര്‍ നിര്‍വഹിച്ചു

വയനാട്: ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഹരിത നിയമാവലിക്ക് പരിധിയിലായി. ഇതിന്റെ ജില്ലാതല പ്രഖ്യാപനം ആസൂത്രണ ഭവന്‍ എ.പി.ജെ. ഹാളില്‍ ജില്ലാ കളക്ടര്‍ എസ്.സുഹാസ് നിര്‍വഹിച്ചു. സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടറുടെ ജില്ലയിലെ അവസാനത്തെ ഔദ്യോഗിക പരിപാടിയായിരുന്നു ലോക പരിസ്ഥിതി ദിനാചരണവും ഹരിത ചട്ടം പ്രഖ്യാപനവും.

പിന്നോക്ക വിഭാഗ ക്ഷേമം, ടൂറിസം, വിദ്യാഭ്യാസം എന്നീ രംഗങ്ങളില്‍ പരാതികളില്ലാതെ ഒരു വര്‍ഷം വയനാട്ടില്‍ പ്രവര്‍ത്തിക്കാനായതില്‍ ജില്ലാ കളക്ടര്‍ ജീവനക്കാര്‍ക്ക് നന്ദി രേഖപ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ മിഷനുകളില്‍ ലൈഫില്‍ വയനാടിന് രണ്ടാം സ്ഥാനവും ആര്‍ദ്രത്തിന് മികച്ച തുടക്കം കുറിക്കുവാനും കഴിഞ്ഞെന്നും ജില്ലാ കളക്ടര്‍ അവകാശപ്പെട്ടു. ഹരിത കേരള മിഷന്റെ ചുമതലയില്‍ നിന്ന് വയനാട് ജില്ലാ കളക്ടറായി ചുമതലയേറ്റപ്പോള്‍ സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വൃക്ഷതൈ നട്ട് പ്രവര്‍ത്തനം തുടങ്ങിയത് യോഗത്തില്‍ അനുസ്മരിച്ചു.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജന വിഭാഗത്തേയും പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും ജില്ലാ കളക്ടര്‍ കൈക്കൊണ്ട നടപടി യോഗത്തില്‍ പ്രകീര്‍ത്തിച്ചു. ഹരിത നിയമാവലി പോസ്റ്റര്‍ ജില്ലാ കളക്ടര്‍ പ്രകാശനം ചെയ്തു. എ.ഡി.എം. കെ.എം.രാജു ലോക പരിസ്ഥിതി ദിന ഹരിത നിയമാവലി പ്രതിജ്ഞ ജീവനക്കാര്‍ക്ക് ചൊല്ലിക്കൊടുത്തു. ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി.കെ.സുധീര്‍ കിഷന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, സിവില്‍ സ്റ്റേഷന്‍ ഗ്രീന്‍ പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ ഫ്രാന്‍സിസ് ചക്കനാത്ത്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പി.യു.ദാസ് തുടങ്ങിയവര്‍ ആശംസയര്‍പ്പിച്ചു. ശുചിത്വ മിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ എ.കെ.രാജേഷ് സ്വാഗതവും ജൂനിയര്‍ സൂപ്രണ്ട് സുരേഷ് ബാബു നന്ദിയും പറഞ്ഞു.

ഹരിത ഓഫീസ്: ജീവനക്കാരും സന്ദര്‍ശകരും പാലിക്കേണ്ടത്

പേപ്പറിലും പ്ലാസ്റ്റിക്കിലും തെര്‍മോക്കോളിലും നിര്‍മ്മിച്ച എല്ലാത്തരം ഡിസ്‌പോസബില്‍ വസ്തുക്കളുടെ ഉപയോഗം പൂര്‍ണ്ണമായും ഒഴിവാക്കണം. മാലിന്യം ഉണ്ടാക്കുന്നതിന്റെ അളവ് കുറച്ചും ജൈവമാലിന്യം ശാസ്ത്രീയമായി സംസ്‌കരിച്ചും, സംസ്‌കരിക്കാന്‍ കഴിയാത്തവ ശേഖരണ കേന്ദ്രത്തിന് കൈമാറിയും പൊതു സ്ഥലങ്ങളേയും ജലാശയങ്ങളേയും വൃത്തിയായി സൂക്ഷിച്ച് ഹരിത നിയമം പാലിക്കാം. പരിസ്ഥിതിക്കിണങ്ങിയവയായ സ്റ്റീല്‍/ചില്ല് പ്ലേറ്റുകള്‍, കപ്പുകള്‍, തുണി സഞ്ചി, മഷി പേന എന്നിവ ശീലമാക്കണം.

ഡിസ്‌പോസബിള്‍ കപ്പുകള്‍, പ്ലേറ്റുകള്‍, ഗ്ലാസുകള്‍, കിറ്റുകള്‍ ഫ്‌ളക്‌സ് ബാനറുകള്‍, പ്ലാസ്റ്റിക് ബോക്കെകള്‍, പ്ലാസ്റ്റിക് പേനകള്‍ എന്നിവ ഒഴിവാക്കണം. ടിഷ്യൂപേപ്പര്‍, പേപ്പര്‍ മേശ വിരിപ്പ് എന്നിവ ഒഴിവാക്കി തുണി തൂവാല, തുണികൊണ്ടുള്ള വിരികള്‍ ഉപയോഗിക്കണം. മാലിന്യങ്ങള്‍ കൂട്ടിക്കലര്‍ത്തി വേസ്റ്റ് ബിന്നില്‍ നിക്ഷേപിക്കുന്നതും വലിച്ചെറിയുന്നതും കത്തിക്കുന്നതും, പ്ലാസ്റ്റിക് കവറുകളില്‍ ആഹാരം പാഴ്‌സല്‍ വാങ്ങുന്നതും ഹരിത ചട്ടത്തിന് എതിരാണ്. പുന:ചംക്രമണം ചെയ്യാന്‍ കഴിയാത്ത ഏതൊരു വസ്തുവിന്റെയും ഉപയോഗം കഴിയുന്നതും ഒഴിവാക്കുന്നത് ഹരിത ഓഫീസ് പാലിക്കുന്നതിനുള്ള നിബന്ധനകളില്‍പ്പെടുന്നു.

English summary
Government offices are limited to green protocol: wayanad district-level announcement was done by the collector
topbanner

More News from this section

Subscribe by Email