Wednesday July 24th, 2019 - 8:31:am
topbanner
topbanner

അക്ഷരമുറ്റത്ത് ആദിവാസി ചുവടൊരുക്കി പഠിതാക്കളുടെ സംഗമം

RAsh
അക്ഷരമുറ്റത്ത് ആദിവാസി ചുവടൊരുക്കി പഠിതാക്കളുടെ സംഗമം

പഠിച്ച അക്ഷരങ്ങൾ ചോദിച്ചപ്പോൾ ആദിവാസിയമ്മ നെല്ലയ്ക്ക് നാണം. എൺപതാമത്തെ വയസ്സിൽ അപരിചിതമായിരുന്ന അക്ഷരങ്ങളെ പരിചയപ്പെട്ടതിന്റെ സന്തോഷം മുഖത്ത്. വെറ്റിലക്കറ പുരണ്ട മോണകാട്ടിയുള്ള ചിരിയൊന്നടക്കി, നെല്ല തന്റെ കഥ പറഞ്ഞുതുടങ്ങി. ആദ്യമായി പഠിച്ച അക്ഷരങ്ങളെ കോർത്തിണക്കി ചില വാക്കുകൾ.

'സ്വന്തം പേരെഴുതി ഒപ്പിടും. അതാ വലിയ കാര്യം'. ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ സാക്ഷരതാ മിഷനും ചേർന്ന് മീനങ്ങാടി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച മലയാള ഭാഷാ വാരാചരണവും വയനാട് ആദിവാസി സാക്ഷരതാ പഠിതാക്കളുടെ സംഗമവുമാണ് പ്രായഭേദമന്യേ ആദിവാസികൾക്ക് തങ്ങളുടെ വികാരവും വിചാരവും അവതരിപ്പിക്കാനുള്ള അപൂർവ വേദിയായത്.

ഒരുമാസമായി നെല്ല സംസ്ഥാന സർക്കാർ തുടങ്ങിയ ആദിവാസി സാക്ഷരതാ ക്ലാസിൽ പഠിക്കുന്നു. അക്ഷരങ്ങളിൽ ചിലതൊക്കെ പാഠം കണ്ടാൽ മാത്രമേ ചിരിച്ചറിയാനാകൂ എന്ന് നെല്ല. മകൻ, മകന്റെ ഭാര്യ, മക്കൾ ഉൾപ്പടെ നാല് പേരാണ് വീട്ടിൽ. ക്ലാസ് നടക്കുന്നത് സ്വന്തം വീട്ടിൽ തന്നെ.

പുറത്ത് പണിക്കൊന്നും പോകേണ്ടാത്തതിനാൽ ക്ലാസ് മുടങ്ങില്ല. മരിക്കുവോളം പഠിക്കണമെന്നാണ് നെല്ലയുടെ ആഗ്രഹം. കുറ്റമ്പാളി കോളനിയിലെ നെല്ലയെപ്പോലെ സുൽത്താൻ ബത്തേരി നഗരസഭയിലെ കാക്ക(70), മീനങ്ങാടി പഞ്ചായത്തിൽ നിന്നുള്ള മൂക്കി തുടങ്ങി പ്രായമായ ആദിവാസി സ്ത്രീകളുടെ വലിയൊരു നിര മുൻപിലെ ഇരിപ്പിടങ്ങളിൽ തന്നെ ഇടം പിടിച്ചിരുന്നു.

കാലങ്ങളായി പൊതുവേദിയിൽ സ്ഥാനം ലഭിക്കാതിരുന്ന, അല്ലെങ്കിൽ വരാൻ ബുദ്ധിമുട്ടിയിരുന്ന ഇൗ സ്ത്രീകൾ ഇത്രയും പേർ ചടങ്ങിന് പങ്കെടുത്തതുതന്നെ അക്ഷരങ്ങൾ ഇവർക്ക് നൽകിയ ശക്തിയാണ് കാട്ടുന്നതെന്ന് ഇൻസ്ട്രക്ടർമാർ പറഞ്ഞു. അമ്പലവയൽ ഒഴലിക്കൊല്ലി കോളനിയിലെ ചിരുത വേദിയിലെത്തി 'ചന്ദനക്കാട്ടിലെ ചെണ്ടമുറിപോലെ പെണ്ണൊരുത്തി ....' എന്ന പാട്ട് പാടി പാടിത്തുടങ്ങിയപ്പോൾ തന്നെ സദസ്സ് താളം ഏറ്റെടുത്ത് കൈകൊട്ടി തുടങ്ങിയിരുന്നു.

പിന്നീട് ആദിവാസി വട്ടക്കളി ഉൾപ്പടെയുള്ള കലാരൂപങ്ങൾ അരങ്ങേറി. ചിലർ ആദ്യ അക്ഷരം പഠിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയൻ സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഒാഫീസർ കെ.പി.അബ്ദൾ ഖാദർ കേരള പിറവിദിന സന്ദേശം നൽകി. ചടങ്ങിൽ ആദിവാസി സാക്ഷരതാ ക്ലാസുകളിൽ ഉപയോഗിക്കാനായി കോട്ടയം സ്വദേശിയായ ഗവേഷക വിദ്യാർഥി പി.അലക്സ് 300 റേഡിയോ സംഭാവന ചെയ്തു.

300 കോളനികളിലാണ് സാക്ഷരതാ ക്ലാസ് നടക്കുന്നത്. റേഡിയോ മാറ്റൊലിയുടെ നേതൃത്വത്തിൽ വൈകീട്ട് അഞ്ചു മുതൽ ഏഴു വരെ ആദിവാസി ഭാഷയിൽ മൊഴിമാറ്റം നടത്തി സാക്ഷരതാ ക്ലാസ് സംപ്രേഷണം ചെയ്യും.ജില്ലയിൽ ആദിവാസി സാക്ഷരതാ ക്ലാസിൽ അറുപത് വയസ് കഴിഞ്ഞ 76 പേരാണ് പഠിക്കുന്നത്.

സാക്ഷരതാ മിഷൻ ജില്ലാ കോ-ഒാർഡിനേറ്റർ സി.കെ.പ്രദീപ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെ•േനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കറപ്പൻ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയൻ, മീനങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അസൈനാർ, മീനങ്ങാടി വികസനകാര്യ ചെയർപേഴ്സൺ രാജി മോൾ, ആദിവാസി സാക്ഷരതാ കോ-ഒാർഡിനേറ്റർ പി.എൻ.ബാബു, റേഡിയോ മാറ്റൊലി സ്റ്റേഷൻ ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ പുത്തേടൻ, അസിസ്റ്റന്റ് ടൈ്രബൽ ഒാഫീസർ ബെന്നി, മീനങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം ബേബി ലത, ആദിവാസി സാക്ഷരതാ പഞ്ചായത്ത് കോ-ഒാർഡിനേറ്റർ എം.ഒ. വർഗീസ്, സാക്ഷരതാ അസിസ്റ്റന്റ് കോ-ഒാർഡിനേറ്റർ സ്വയ നാസർ എന്നിവർ പ്രസംഗിച്ചു.

Read more topics: wayanad, adhivasi, sangamam
English summary
wayanad adhivasi shaksharatha class sangamam
topbanner

More News from this section

Subscribe by Email