Tuesday September 25th, 2018 - 12:57:pm
topbanner

വയനാട് ജില്ലയിലെ നിർമ്മാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കണം: ജില്ലാ വികസനസമിതി

Aswani
വയനാട് ജില്ലയിലെ നിർമ്മാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കണം: ജില്ലാ വികസനസമിതി

വയനാട്: നിർമ്മാണ സാമഗ്രികളുടെ ക്ഷാമം പരിഹരിക്കുന്നതിന് നിയമാനുസൃതമായി പ്രവർത്തിച്ചു വന്നിരുന്ന ക്വാറികൾ തുറക്കാൻ അനുമതി നൽകണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു. ശക്തമായ മഴയെതുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ക്വാറികൾക്ക് തുറക്കുന്നതിനുളള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സബ്കളക്ടർ എൻ.എസ്.കെ ഉമേഷ് യോഗത്തെ അറിയിച്ചു.

ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യജീവി ശല്യം ലഘൂകരിക്കുന്നതിന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷൻ 189.04 കോടി രൂപയുടെ പദ്ധതി സമർപ്പിച്ചതായി ജില്ലാ വികസനസമിതിയിൽ അറിയിച്ചു. നോർത്ത് വയനാടി ഡിവിഷൻ പദ്ധതി ചർച്ച ചെയ്യാൻ ജൂലൈ 31 ന് രാവിലെ 10 ന് യോഗം ചേരും. തരിയോട് ഭാഗങ്ങളിൽ നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്ക് വിടുന്നതിന് വാച്ചർമാരെ നിയോഗിച്ചിട്ടുണ്ടെന്നും സൗരോർജ്ജ വേലിയുടെ അറ്റകുറ്റ പണികൾ നടന്നുവരികയാണെന്നും വനം വകുപ്പ് അധികൃതർ വ്യക്തമാക്കി.

വന്യജീവി സംഘർഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന സമയങ്ങളിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ പ്രദേശങ്ങളിൽ അടിയന്തരമായി എത്തണമെന്ന് സി.കെ ശശീന്ദ്രൻ എം.എൽ.എ നിർദ്ദേശം നൽകി. നഷ്ടപരിഹാരം നൽകുന്നതിനുളള നടപടികൾ ത്വരിതപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 50 ലക്ഷം രൂപ ഇൗ സാമ്പത്തിക വർഷം വിതരണം ചെയ്തതായും ബാക്കിയുളള 36 ലക്ഷം രൂപ ലഭ്യമാക്കാനുളള നടപടികൾ അവസാന ഘട്ടത്തിലാണെന്നും വനം വകുപ്പ് അറിയിച്ചു.

കാരാപ്പുഴ ജലസേചന പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുളള സംയുക്ത സ്ഥല പരിശോധന ആഗസ്റ്റ് 4 ന് പൂർത്തിയാകുമെന്ന് കാരാപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ശ്മശാനം നിർമ്മിക്കുന്നതിന് ഒാരോ പഞ്ചായത്തിലും അമ്പത് സെന്റ് സ്ഥലം വീതമെങ്കിലും കണ്ടെത്തണമെന്ന് സി.കെ.ശശീന്ദ്രൻ പറഞ്ഞു. സർക്കാർ ഒാഫീസുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്നും ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു.

സർവ്വീസിൽ നിന്ന് വിരമിക്കുന്ന എ.ഡി.എം. കെ.എം. രാജു, ജില്ലാ മെഡിക്കൽ ഒാഫീസർ (ഹോമിയോ) എൻ.സോമൻ എന്നിവർക്ക് യോഗത്തിൽ യാത്രയയപ്പ് നൽകി. എെ.സി ബാലകൃഷ്ണൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പ്രഭാകരൻ, ജില്ലാ പ്ലാനിംഗ് ഒാഫീസർ കെ.എം. സുരേഷ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

English summary
shortage of construction materials in the wayanad district should be resolved: District Development Committee
topbanner

More News from this section

Subscribe by Email