Saturday November 17th, 2018 - 6:39:pm
topbanner

വേമ്പനാട്ട് കായൽ ഊർദ്ധശ്വാസം വലിക്കുന്നു: മത്സ്യങ്ങളിൽ പോലും പ്ലാസ്റ്റിക് സാന്നിദ്ധ്യം

suvitha
വേമ്പനാട്ട് കായൽ ഊർദ്ധശ്വാസം വലിക്കുന്നു: മത്സ്യങ്ങളിൽ പോലും പ്ലാസ്റ്റിക് സാന്നിദ്ധ്യം

ആലപ്പുഴ: ആലപ്പുഴയുടെ ജീവനാഡിയായ വേമ്പനാട്ട് കായൽ മാലിന്യങ്ങളാൽ കഴുത്തുഞെരിക്കപ്പെട്ട് ഊർദ്ധശ്വാസം വലിക്കുന്നു. രാസമാലിന്യങ്ങളാണ് കായലിനെ പ്രധാനമായും മരണത്തിലേക്ക് തള്ളിയിടുന്നതെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത് വേമ്പനാട്ട് കായലിലാണ്. ഇവിടെ നിന്നു പിടിച്ച മീനുകളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിധ്യമുണ്ടെന്നും ലിറ്റർ ബേസ് എന്ന അന്താരാഷ്ട്ര ഗവേഷണ സ്ഥാപനത്തിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. 

രാസമാലിന്യത്തിന്റെയും മനുഷ്യവിസർജ്യത്തിലടങ്ങിയിട്ടുള്ള കോളിഫോം ബാക്ടീരിയയുടേയും അളവ് വേമ്പനാട്ടു കായലിൽ അധികമായിരിക്കുന്നു. കൃഷിക്കുപയോഗിക്കുന്ന കീടനാശിനികൾ ഉൾപ്പടെയുള്ള മാലിന്യത്തിന്റെ തോത്‌ കായലിൽ ക്രമാതീതമായി വർധിച്ചു. ഇതോടെ ജലം പൂർണമായും ഉപയോഗ യോഗ്യമല്ലാതായിരിക്കുകയാണ്.

ജൈവമാലിന്യങ്ങളും രാസമാലിന്യങ്ങളുമാണ് വേമ്പനാട്ട് കായലിന് കൂടുതൽ ഭീഷണി ഉയർത്തുന്നത്. ഹൗസ്‌ബോട്ടുകൾ പുറന്തള്ളുന്ന മാലിന്യങ്ങൾ, പാടശേഖരങ്ങളിൽ നിന്ന് ഒഴുകിയെത്തുന്ന കീടനാശിനി കലർന്ന ജലം, വ്യവസായ സ്ഥാപനങ്ങളിൽ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങൾ എന്നിവയാണ് കായലിനെ മാലിന്യവാഹിനിയാക്കുന്നത്.

ഹൗസ്‌ബോട്ടുകൾ പെരുകിയിട്ടും മാലിന്യനിർമ്മാർജനത്തിനായി സംവിധാനം ഒരുക്കാത്തത് ഗുരുതര വിഷയമായി അവശേഷിക്കുന്നു. വ്യക്തമായ കണക്കില്ലെങ്കിലും മൂവായിരത്തോളം ഹൗസ്‌ബോട്ടുകൾ വേമ്പനാട്ടു കായലിൽ സർവ്വീസ് നടത്തുന്നുണ്ട്. സർക്കാർ നിർദേശിക്കുന്ന പല മാലിന്യ നിർമ്മാർജന മാർഗ്ഗങ്ങളും ഇല്ലാതെയാണ് ഭൂരിഭാഗം ഹൗസ്‌ബോട്ടുകളും പ്രവർത്തിക്കുന്നത്.

ഇൻബോർഡ് എൻജിനുകൾ മാത്രമെ ഉപയോഗിക്കാവൂ എന്ന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദേശം മിക്ക ഹൗസ്‌ബോട്ടുകളും പാലിക്കുന്നില്ല. ഔട്ട്‌ബോർഡ് എൻജിനുകൾ പുറന്തള്ളുന്ന ഓയിലും മണ്ണണ്ണയും വേമ്പനാട് കായലിനെ മലീമസമാക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നുണ്ട്.

കൂടാതെ ഹൗസ്‌ബോട്ടുകളിൽ നിന്നുള്ള ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്​റ്റിക് അടക്കമുള്ള മ​റ്റ് മാലിന്യങ്ങളും മത്സ്യസമ്പത്തിന് ഭീഷണിയാകുന്നു. കായലിന്റെ തീരത്ത് പ്രവർത്തിക്കുന്ന നൂറിലധികം റിസോർട്ടുകൾ പുറന്തള്ളുന്ന മാലിന്യങ്ങളും കായലിന് കടുത്ത ദുരന്തമാണുണ്ടാക്കുന്നത്. മാലിന്യ നിക്ഷേപത്തിന് അടിയന്തിര പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ അതിവിദൂര ഭാവിയിൽത്തന്നെ വേമ്പനാട് കായൽ മാലിന്യത്തൊട്ടിയാവുമെന്ന് പരിസ്ഥിതി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഹൗസ്ബോട്ടുകൾക്കു പുറമേ സംസ്ഥാന സർക്കാരിന്റെ ജലഗതാഗത ബോട്ടുകളും കായലിന്റെ മലിനീകരണത്തിന് ആക്കം കൂട്ടുന്നുണ്ട്.

മത്സ്യങ്ങൾ അപ്രത്യക്ഷമായി

ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്ക് തിരിച്ചടിയായി കായലിൽ നിരവധി മത്സ്യ ഇനങ്ങൾ അപ്രത്യക്ഷമായി. കട്ട്‌ല, കണമ്പ്, പ്രാഞ്ചിൽ, ഒറത്തൽ, തിരണ്ടി, മാലാൻ, കടൽ കറുപ്പ് തുടങ്ങിയ മത്സ്യങ്ങൾ ഒന്നരപതിറ്റാണ്ടു മുമ്പ് കായലിൽ സുലഭമായിരുന്നെങ്കിൽ ഇന്നവയെ കാണാനില്ല. പത്തോളം മത്സ്യങ്ങൾ വംശനാശ ഭീഷണിയിലാണ്. ഒട്ടനവധി മത്സ്യങ്ങളുടെ എണ്ണത്തിലും ഭീതിദമായ കുറവ്. ഇത് ഈ മേഖലയിൽ തൊഴിലെടുത്തിരുന്നവരെ പിൻവലിയാൻ നിർബന്ധിതരാക്കുകയാണ്.

നാടൻ മുഷി, കോല, വഴക്കൂരി, ആ​റ്റുവാള, ആരകൻ, പന ആരകൻ, വാഹവരാൽ തുടങ്ങിയവയാണ് വംശനാശ ഭീഷണി നേരിടുന്നത്. മത്സ്യങ്ങളുടെ പ്രജനന കേന്ദ്രങ്ങളായിരുന്ന പാടശേഖരങ്ങളിൽ മഴക്കാലത്തും കൃഷി തുടരുന്നതും അമിത കീടനാശിനി പ്രയോഗവുമാണ് മത്സ്യസമ്പത്ത് കുറയാനുള്ള പ്രധാനകാരണം. ഹൗസ് ബോട്ടുകളിൽ നിന്നും റിസോർട്ടുകളിൽ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങളും മത്സ്യസമ്പത്തിന് ഭീഷണിയാകുന്നു.

വിദേശരാജ്യങ്ങളിലടക്കം പ്രിയമേറിയ വലിഞ്ഞിൽ, കൂരൽ, ആ​റ്റുകൊഞ്ച്, കാലൻ ചെമ്മീൻ, പൂമീൻ, കണമ്പ്, തിരുത, നഞ്ചുകരിമീൻ തുടങ്ങിയവയുടെ ലഭ്യതയും കുറഞ്ഞു. 1974ൽ 16,000 ടൺ മത്സ്യസമ്പത്ത് വേമ്പനാട് കായലിൽ നിന്നു ലഭിച്ചിരുന്നെങ്കിൽ ഇപ്പോഴത് 8,000 ടൺ ആയി കുറഞ്ഞെന്ന് കുമരകം കാർഷിക ഗവേഷണ കേന്ദ്രം നടത്തിയ നിരീക്ഷണത്തിൽ വ്യക്തമാക്കി. തണ്ണീർമുക്കം ബണ്ടിന്റെ തെക്കൻ മേഖലയിലെ മത്സ്യലഭ്യത 4,000 ടണ്ണിൽ നിന്നു 600 ആയി കുറഞ്ഞതും കായലിലെ മത്സ്യസമ്പത്തിന്റെ നാശത്തെയാണ് സൂചിപ്പിക്കുന്നത്.

Read more topics: vembanad kayal, waste, chemical
English summary
Vembanad lake damages to chemical waste
topbanner

More News from this section

Subscribe by Email