കണ്ണൂര്‍: വരും തലമുറകള്‍ക്ക് മണ്ണിനെ നിലനിര്‍ത്താന്‍ ആവശ്യമായ എഴുത്തും വായനയുമാണ് വളര്‍ന്നു വരേണ്ടതെന്ന് ടിവി രാജേഷ് എംഎല്‍എ പ്രസ്താവിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ശാസ്ത്ര പഴയങ്ങാടി, ജില്ലാ സാക്ഷരതാ മിഷന് എന്നിവ സംയുക്തമായി സംഘടിപ്പിച്ച വായനക്കൂട്ടായ്മയും പരിസ്ഥിതി കവിതാ മത്സരവും മാടായി ഗവ. ബോയ്സ് എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ല വായനയില്‍ നിന്ന് നല്ല എഴുത്തും സര്ഗ്ഗധന്യമായ കൃതികളും ഉണ്ടാകും. ഭൂമിയുടെ ആസന്ന മൃതിയെക്കുറിച്ചുള്ള ആശങ്കകളകറ്റാന്‍ വായിച്ചു വളരുന്ന തലമുറക്കേ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇവി സുഗതന് അദ്ധ്യക്ഷത വഹിച്ചു. ശാസ്ത്ര ഡയറക്ടര്‍ വിആര്‍വി ഏഴോം പിഎന്‍ പണിക്കര്‍ അനുസ്മരണം നടത്തി. സാക്ഷരതാമിഷന്‍ അസി.കോ-ഓര്‍ഡിനേറ്റര്‍ ടിവി ശ്രീജന്, മാടായി ബോയ്സ് എച്ച്എസ്എസ് ഹെഡ്മാസ്റ്റര് ടിവി ചന്ദ്രന്, പിടിഎ പ്രസിഡണ്ട് വിവി രമേശന് മാസ്റ്റര്‍, റിട്ട്. എഡിസി പിവി അബ്ദുറഹ്മാന് എന്നിവര്‍ ആശംസ നേര്‍ന്നു. ഡോ. വിഎന്‍ രമണി സമ്മാനദാനം നിര്‍വഹിച്ചു. ഗീതാ അനില്‍കുമാര്‍ സ്വാഗതവും ഡോ.പിപി കുഞ്ഞിരാമന് നന്ദിയും പറഞ്ഞു.