Sunday June 16th, 2019 - 9:08:am
topbanner
topbanner

വസന്തോത്സവത്തിന് ഇന്ന് തിരിതെളിയും; തലസ്ഥാന നഗരിക്ക് ഇനി പത്തുനാൾ നിറവസന്തം

fasila
വസന്തോത്സവത്തിന് ഇന്ന് തിരിതെളിയും; തലസ്ഥാന നഗരിക്ക് ഇനി പത്തുനാൾ നിറവസന്തം

തിരുവനന്തപുരം: തലസ്ഥാന നഗരിക്കു പൂക്കാലം സമ്മാനിച്ച് കനകക്കുന്നിൽ ഇന്നു വസന്തോത്സവത്തിനു തിരിതെളിയും. വൈകിട്ട് അഞ്ചിനു മുഖ്യമന്ത്രി പിണറായി വിജയൻ വസന്തോത്സവം ഉദ്ഘാടനം ചെയ്യും. ജനുവരി 20 വരെയാണ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന പൂക്കളുടെ മഹാമേള. വസന്തോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പതിനായിരക്കണക്കിന് ഇനം പൂക്കളും ചെടികളും കനകക്കുന്നിൽ എത്തിക്കഴിഞ്ഞു.

ഓർക്കിഡ്, ബോൺസായി, ആന്തൂറിയം ഇനങ്ങളുടെ പവലിയൻ, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ ഒരുക്കുന്ന വനക്കാഴ്ച, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ തയാറാക്കുന്ന ജലസസ്യങ്ങളുടെ പ്രദർശനം, ടെറേറിയം, കേരള ഫോറസ്റ്റ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബട്ടർഫ്‌ളൈ പാർക്ക്, തുടങ്ങിയവ ഇത്തവണത്തെ വസന്തോത്സവത്തിന്റെ പ്രത്യേകതകളാകുമെന്നും മന്ത്രി പറഞ്ഞു.

വി.എസ്.എസ്.സി, മ്യൂസിയം - മൃഗശാല, സെക്രട്ടേറിയറ്റ്, ജവഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ ഗാർഡൻ, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ, കേരള വന ഗവേഷണ കേന്ദ്രം, നിയമസഭാ മന്ദിരം, കേരള കാർഷിക സർവകലാശാല, ആയൂർവേദ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർവകലാശാല ബോട്ടണി വിഭാഗം, കിർത്താഡ്‌സ്, അഗ്രി - ഹോർട്ടി സൊസൈറ്റി എന്നിങ്ങനെ പന്ത്രണ്ടോളം സ്ഥാപനങ്ങളും പത്തോളം വ്യക്തികളും നഴ്‌സറികളും വസന്തോത്സവത്തിൽ സ്റ്റാളുകൾ ഒരുക്കും.

പൂർണമായി ഹരിതചട്ടം പാലിച്ചാണു വസന്തോത്സവം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌പോൺസർഷിപ്പ്, സ്റ്റാളുകൾ, ടിക്കറ്റ് എന്നിവ വഴിയാണ് പണം കണ്ടെത്തുന്നത്. ടിക്കറ്റ് വിൽപ്പനയിലൂടെ ലഭിക്കുന്ന തുകയുടെ പത്തു ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്നും മന്ത്രി പറഞ്ഞു. വിവിധ നഴ്സറികളിൽ നിന്നുള്ള ഉല്പന്നങ്ങളുടെ വിപണനവും ഉണ്ടായിരിക്കും. സർക്കാർ സ്റ്റാളുകൾക്ക് പുറമെ വ്യാപാര സംബന്ധമായ സ്റ്റാളുകളും സർഗാലയയുടെ ക്രാഫ്റ്റ് വില്ലേജിന്റെ പ്രത്യേക സ്റ്റാളും ഉണ്ടായിരിക്കും.

വസന്തോത്സവത്തിന്റെ ഭാഗമായി ഭക്ഷ്യമേളയും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധതരം ജ്യൂസുകൾ, മധുര പലഹാരങ്ങൾ, ഉത്തരേന്ത്യൻ വിഭവങ്ങൾ, സൗത്ത് ഇൻഡ്യൻ വിഭവങ്ങൾ, മലബാർ-കുട്ടനാടൻ വിഭവങ്ങൾ, കെ.റ്റി.ഡി.സി ഒരുക്കുന്ന രാമശേരി ഇഡലി മേള എന്നിങ്ങനെയുള്ള വിഭവങ്ങൾ സൂര്യകാന്തിയിൽ ഒരുക്കുന്ന ഭക്ഷ്യമേളയിലുണ്ടാകും. മേളയിലേയ്ക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിക്കും. അഞ്ചുവയസ്സിനു താഴെ സൗജന്യമാണ്. 12 വയസ്സ് വരെ ഒരാൾക്ക് 20 രൂപയും, 12 വയസ്സിന് മുകളിലുള്ളവർക്ക് 50 രൂപയുമാണ് നിരക്ക്.

പരമാവധി 50 പേർ അടങ്ങുന്ന സ്‌കൂൾ കുട്ടികളുടെ സംഘത്തിന് 500 രൂപ നൽകിയാൽ മതി. ടിക്കറ്റുകൾ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നഗരത്തിലെ ഒമ്പതു ശാഖകൾ വഴി ലഭിക്കും. കനകക്കുന്ന് പ്രധാന കവാടത്തിന് അടുത്തായി പത്തോളം ടിക്കറ്റ് കൗണ്ടറുകൾ കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ബാങ്കിന്റെ നേതൃത്വത്തിൽ ഇന്നു മുതൽ പ്രവർത്തിക്കും. രാവിലെ 10 മുതൽ രാത്രി എട്ടു വരെയാണ് മേളയിലേക്കുള്ള പ്രവേശനം.

തിരുവനന്തപുരം സിറ്റി പോലീസിന്റെ നേതൃത്വത്തിൽ സി.സി.റ്റി.വി ക്യാമറ ഉൾപ്പെടെ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ കനകക്കുന്നിലും സൂര്യകാന്തിയിലുമായി ഒരുക്കും. വസന്തോത്സവത്തിന്റെ ക്രമീകരണങ്ങൾ ഇന്നലെ വൈകിട്ട് കനകക്കുന്ന് കൊട്ടാരത്തിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗം വിലയിരുത്തി. ടൂറിസം സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ പി. ബാലകിരൺ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

English summary
vasantholsavam flowering fair in thiruvananthapuram
topbanner

More News from this section

Subscribe by Email