Tuesday September 25th, 2018 - 1:25:pm
topbanner

ട്രോളിംഗ് നിരോധനം ജൂൺ 14 അർധരാത്രി മുതൽ; കോഴിക്കോട് ജില്ലയിൽ ഫലപ്രദമായി നടപ്പിലാക്കും

suvitha
ട്രോളിംഗ് നിരോധനം ജൂൺ 14 അർധരാത്രി മുതൽ; കോഴിക്കോട് ജില്ലയിൽ ഫലപ്രദമായി നടപ്പിലാക്കും

കോഴിക്കോട്: ഈ വർഷത്തെ മൺസൂൺകാല ട്രോളിംഗ് നിരോധനം ജില്ലയിൽ ഫലപ്രദമായി നടപ്പിലാക്കാൻ കളക്‌റേറ്റിൽ എ.ഡി.എം ടി. ജനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മത്സ്യത്തൊഴിലാളികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു. ജൂൺ 14 അർധരാത്രി മുതൽ ജൂലൈ 31 വരെ 47 ദിവസം കേരള തീരക്കടലിൽ കരയിൽനിന്ന് കടലിലേക്ക് 12 നോട്ടിക്കൽ മൈൽ അല്ലെങ്കിൽ 22 കിലോ മീറ്റർ വരെ മൺസൂൺകാല ട്രോളിംഗ് നിരോധനം നടപ്പിലാക്കും. ട്രോളിംഗ് നിരോധന കാലയളവിൽ മത്സ്യബന്ധന ബോട്ടുകൾ മത്സ്യബന്ധനം നടത്താൻ പാടില്ല.

എന്നാൽ മറ്റുവിഭാഗത്തിൽപെട്ട യാനങ്ങൾക്ക് ട്രോളിംഗ് ഒഴികെയുള്ള മത്സ്യബന്ധന രീതികൾ അനുവർത്തിക്കാവുന്നതാണ്. രണ്ട് വള്ളങ്ങൾ ഉപയോഗിച്ചുള്ള പെയർ ട്രോളിംഗ് നിരോധിച്ചിട്ടുള്ളതാണ്. എല്ലാ യാനങ്ങളിലും രജിസ്‌ട്രേഷൻ മാർക്ക് നിർബന്ധമായി ഉണ്ടായിരിക്കേണ്ടതാണ്. ജില്ലയിൽ 857 യന്ത്രവത്കൃത മത്സ്യബന്ധന ബോട്ടുകളും 240 ഇൻബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും 3669 ഔട്ട്‌ബോർഡ് എൻജിൻ ഘടിപ്പിച്ച വള്ളങ്ങളും 180 എൻജിൻ ഘടിപ്പിക്കാത്ത വള്ളങ്ങളും അടക്കം ആകെ 4946 യാനങ്ങൾ ഫിഷറീസ് വകുപ്പിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കൂടാതെ അന്യ ജില്ലകളിൽനിന്നും ഏകദേശം 600ഓളം ബോട്ടുകൾ ജില്ലയിലെ തീരക്കടലിൽ പ്രവർത്തിക്കുന്നുണ്ട്. നാല് പ്രധാന ഫിഷിംഗ് ഹാർബറുകളുള്ള ജില്ലയിൽ ഏകദേശം 27500 തൊഴിലാളികൾ പ്രത്യക്ഷമായി മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്നു. ഫിഷറീസ് വകുപ്പ് കടൽ പട്രോളിംഗിനും കടൽ സുരക്ഷാ പ്രവർത്തനങ്ങൾക്കും മെയ് 15 മുതൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ബേപ്പൂർ ഫിഷറീസ് സ്‌റ്റേഷനിൽ ആരംഭിച്ചിട്ടുണ്ട്. ഫോൺ: ജില്ലാ കൺട്രോൾ റൂം-0495 2371002, ഫിഷറീസ് കൺട്രോൾ റൂം-0495 2414074. ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി എന്നിവ കേന്ദ്രീകരിച്ച് മൂന്ന് ബോട്ടുകളും ചോമ്പാൽ കേന്ദ്രീകരിച്ച് ഒരു ഫൈബർ വള്ളവും പ്രവർത്തിക്കും.

കടൽ പട്രോളിംഗിനും രക്ഷാദൗത്യങ്ങൾക്കുമായി ഫിഷറീസ് വകുപ്പ്, തുറമുഖ വകുപ്പ്, നേവി, കോസ്റ്റ് ഗാർഡ്, തീരദേശ പൊലീസ് എന്നിവ സഹകരിച്ച് പ്രവർത്തിക്കും. അടിയന്തിര ഘട്ടങ്ങളിൽ ജില്ലാ ദുരന്ത നിവാരണ സമിതി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്, ഫയർ ഫോഴ്‌സ് എന്നിവ തദ്ദേശീയ മത്സ്യത്തൊഴിലാളികളെ ഏകോപിപ്പിച്ച് രക്ഷാപ്രവർത്തനം നടത്തും. അന്യസംസ്ഥാന ബോട്ടുകൾ ജൂൺ 14ന് മുമ്പേ കേരള തീരം വിട്ടു പോവേണ്ടതാണെന്നും ജൂൺ 14ന് ശേഷം ഒരു കാരണവശാലും ഇവയെ കടലിൽ ഇറങ്ങാൻ അനുവദിക്കില്ലെന്നും മംഗലാപുരം, കന്യാകുമാരി ജില്ലാ കളക്ടർമാർക്ക് കോഴിക്കോട് ജില്ലാ കളക്ടർ അറിയിപ്പ് നൽകും.

ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികൾക്കും ഹാർബറിലെ അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ അനുവദിക്കുമെന്നും അറിയിച്ചു. യോഗത്തിൽ കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ മറിയം ഹസീന, ഡെപ്യൂട്ടി കളക്ടർ (ഡി.എം) സി. ലില്ലി, ജില്ലാ സപ്ലൈ ഓഫീസർ കെ.വി. പ്രഭാകരൻ, സിറ്റി ഡി.സി.പി പി.ബി. രാജീവ്, കോസ്റ്റ്ഗാർഡ്, മത്സ്യബോർഡ്, തുറമുഖ വകുപ്പ്, ഫയർ ഫോഴ്‌സ് പ്രതിനിധികൾ, മത്സ്യത്തൊഴിലാളി പ്രതിനിധികൾ, ബോട്ടുടമകൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

English summary
The ban on trolling has been reported from midnight on June 14; Effectively in Kozhikode district
topbanner

More News from this section

Subscribe by Email