Thursday August 22nd, 2019 - 5:15:pm
topbanner
topbanner

തൃശൂര്‍ കുതിരാനില്‍ ഫിനോള്‍ ടാങ്കര്‍ മറിഞ്ഞ് ഫിനോള്‍ ചോര്‍ച്ച: മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ചോര്‍ച്ച അടച്ചു; ടാങ്കറില്‍ ഉണ്ടായിരുന്നത് ഇരുപതിനായിരം ലിറ്റര്‍ ഫിനോള്‍

Mithun Muyyam
തൃശൂര്‍ കുതിരാനില്‍ ഫിനോള്‍ ടാങ്കര്‍ മറിഞ്ഞ് ഫിനോള്‍ ചോര്‍ച്ച: മണിക്കൂറുകള്‍ നീണ്ട പ്രവര്‍ത്തനങ്ങള്‍ക്കുശേഷം ചോര്‍ച്ച അടച്ചു;  ടാങ്കറില്‍ ഉണ്ടായിരുന്നത് ഇരുപതിനായിരം ലിറ്റര്‍ ഫിനോള്‍

തൃശൂര്‍: ദേശീയപാത കുതിരാനില്‍ ഫിനോള്‍ കയറ്റി വന്ന ടാങ്കര്‍ലോറി താഴ്ചയിലേക്ക് മറിഞ്ഞു. വന്‍തോതില്‍ ഫിനോള്‍ ചോര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ 1.45 നാണ് സംഭവമുണ്ടായത്. കൊച്ചി ഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക്കല്‍ കെമിക്കല്‍സില്‍നിന്നു മഹാരാഷ്ട്ര ദീപക് ഫെഡ്‌ലൈസേഷന്‍ പെട്രോ കെമിക്കത്സിലേക്ക് ഫിനോളുമായി പോകുന്ന ടാങ്കര്‍ലോറി പാലക്കാട് ഭാഗത്തുനിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്ന കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് താഴ്ചയിലേക്ക് മറിഞ്ഞത്. മറിഞ്ഞതിന്റെ ആഘാതത്തില്‍ ടാങ്കറിന്റെ വിവിധ ഭാഗങ്ങളില്‍ ചോര്‍ച്ചയുണ്ടായി. ഫിനോള്‍ പുറത്തുവന്നു.

ചെറിയതോതില്‍ മഴയുണ്ടായതിനാല്‍ കുതിരാന്‍ മലമുകളില്‍നിന്ന് ഒഴുകിവരുന്ന നീര്‍ച്ചാലിലെ വെള്ളത്തില്‍ ഫിനോള്‍ കലര്‍ന്നു. സംഭവം അറിഞ്ഞ് പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫോഴ്‌സ് ആദ്യംതന്നെ നീര്‍ച്ചാലിലേക്ക് ഒലിച്ചിറങ്ങുന്ന ഫിനോളിനെ തൊട്ടടുത്ത പറമ്പിലേക്ക് ഒഴുക്കിവിടുകയും അവിടെ ഹിറ്റാച്ചിവച്ച് കുഴിയെടുത്ത് കുഴിയില്‍ പ്ലാസ്റ്റിക് കവര്‍ വിരിച്ച് അതിലേക്ക് ചാടിച്ചു. ഇതോടെ ഫിനോള്‍ മണലിപ്പുഴയിലേക്ക് ഒഴുകുന്നതിനുള്ള സാധ്യത ഇല്ലാതാക്കി. വളരെ വീര്യംകൂടിയ കൊറോസീസ് ഇനത്തില്‍പ്പെട്ട ഹോഡ്രോ ഫിനോള്‍ ആണ് ഇത്. അതിനാല്‍ വെള്ളത്തില്‍ കലരുന്നത് അപകടകരമാണ്.

ഒരുലിറ്റര്‍ ഫിനോള്‍ 1000 ലിറ്റര്‍ വെള്ളത്തിലേ ലയിക്കുകയുള്ളൂ. ഈ മാരകമായ രാസവസ്തു ശരീരത്തിലെ മുറിവുകളില്‍ പറ്റിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. അര്‍ദ്ധരാത്രിയില്‍ സംഭവം നടന്നിട്ടും എച്ച്.ഒ.സിയുടെ ഉദ്യോഗസ്ഥര്‍ എത്തിയത് രാവിലെ 8.30ന് ആണ്. ഇത് ജനങ്ങള്‍ക്കിടയിലും രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കിടയിലും നേരിയ പ്രതിഷേധത്തിനിടയാക്കി. എച്ച്.ഒ.സിയുടെ ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മുമ്പുതന്നെ പീച്ചി പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാഹനം ഉയര്‍ത്താനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു. തുടര്‍ന്ന് മൂന്ന് ക്രെയിന്‍ ഉപയോഗിച്ച് 11 മണിയോടെ ടാങ്കര്‍ ലോറി ഉയര്‍ത്തി.

അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ചെറിയതോതില്‍ പരുക്കുപറ്റിയിട്ടുണ്ട്. എം.എല്‍.എ. കെ. രാജന്‍, പഞ്ചായത്ത് പ്രസിഡന്റ് അനിത വാസു, തൃശൂര്‍ എ.സി.പി. വി.കെ. രാജു, പീച്ചി പോലീസ്, ഫയര്‍ഫോഴ്‌സ്, എ.ഡി.എം. ലതിക സി., ദുരന്തനിവാരണ അഥോറിറ്റി ഡെപ്യൂട്ടി കലക്ടര്‍ ബാബു സേവിയര്‍, തഹസില്‍ദാര്‍ ചന്ദ്രബാബു, ഡി.എം.ഒ. ബേബി ലക്ഷ്മി എന്നിവര്‍ സംഭവസ്ഥലത്തെത്തി.

അപകടത്തില്‍ ശ്രദ്ധേയമായത് തൃശൂര്‍ ഫയര്‍ഫോഴ്‌സിന്റെ രക്ഷാപ്രവര്‍ത്തനമാണ്. രാത്രി 1.45ന് ഉണ്ടായ അപകടം അറിഞ്ഞ് സ്ഥലത്തെത്തിയ പീച്ചി പോലീസ് ആണ് ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുന്നത്. തുടര്‍ന്ന് 2.30ന് സ്ഥലത്തെത്തി. ടാങ്കര്‍ ലോറി മറിഞ്ഞു എന്ന അറിവ് മാത്രമാണ് ഇവര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ അതിനകത്തുള്ള മാരകമായ ദ്രാവകം എന്താണെന്ന് വലിയ പിടിയുണ്ടായിരുന്നില്ല എന്ന് ജീവനക്കാര്‍ വ്യക്തമാക്കുന്നു.

തുടര്‍ന്ന് താഴെക്കിടക്കുന്ന ടാങ്കറിനടുത്ത് ചെന്നുകഴിഞ്ഞപ്പോഴാണ് ഫിനോളിനെക്കുറിച്ച് അറിയുന്നത്. നല്ലരീതിയില്‍ ഫിനോള്‍ ചോരുന്നുണ്ടായിരുന്നു. ഇത് ശരീരത്തില്‍ ആയാല്‍ പൊള്ളലും ശ്വസിച്ചാല്‍ വലിയ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാകും എന്നിരിക്കെ സ്വന്തം ശരീരവും ആരോഗ്യവും മറന്ന് ഒരുപാട് ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും വിലകൊടുത്തുകൊണ്ട് ചോര്‍ന്നൊലിക്കുന്ന മാരകമായ ദ്രാവകത്തിനെ നീര്‍ച്ചാലിലെ വെള്ളത്തില്‍നിന്നു കമ്മട്ടി ഉപയോഗിച്ച് ഗതിമാറ്റി വിടുകയും ചെയ്തു. ഇതുമൂലം വലിയ ഒരു ദുരന്തത്തെത്തന്നെയാണ് ഇല്ലാതാക്കിയത്. തുടര്‍ന്ന് ഹിറ്റാച്ചി ഉപയോഗിച്ച് തൊട്ടടുത്ത പറമ്പില്‍ ഒരു കുഴി നിര്‍മിച്ച് അതിലേക്ക് ഫിനോള്‍ ഒഴുക്കിവിട്ടു. ഇതിനിടയില്‍ ഒരു ജീവനക്കാരന് ചെറിയരീതിയില്‍ പൊള്ളലേറ്റു.

തുടര്‍ന്ന് ടാങ്കര്‍ലോറി എടുത്തുമാറ്റിയതിനുശേഷം ഏകദേശം മൂന്നുമണിയോടെയാണ് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ സ്ഥലത്തുനിന്നു പോയത്. ജില്ലാ ഫയര്‍ ഓഫീസര്‍ സുജിത്ത്, സ്‌റ്റേഷന്‍ ഓഫീസര്‍ എ.എല്‍. ലാസര്‍, ലീഡിങ് ഫയര്‍മാന്‍ ഹരി എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയത്.

Read more topics: trissur, lorry, accident,
English summary
thrissure Tanker lorry overturns in control
topbanner

More News from this section

Subscribe by Email