തൃശൂര്‍: അനധികൃതമായി കാറില്‍ കടത്തുകയായിരുന്ന ഒരു കോടി എണ്‍പത്തിനാല് ലക്ഷത്തി ഇരുപത്താറായിരം രൂപയുമായി രണ്ടു പേര് പട്ടാമ്പിയില്‍ പിടിയില്‍. മലപ്പുറം, രാമപുരം പനങ്ങാങ്ങര സ്വദേശികളായ ഹുസൈന് (32) സജാദ് (22) എന്നിവരാണ് പട്ടാമ്പി പോലീസിന്റെ പിടിയിലായത്. ഇന്നലെ രാവിലെ 11ന് വിളയൂര്‍ പുലാമന്തോള്‍ പാലത്തിന് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കാറില്‍നിന്നു നോട്ടുകള്‍ പിടിച്ചത്.
കാറിന്റെ ഡിക്കിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു പണം വെച്ചിരുന്നത്. അതിനു മുകളില്‍ സ്റ്റെപ്പിനി ടയര്‍ വെച്ച് മറച്ചാണ് നോട്ട് കടത്തിയിരുന്നത്. തമിഴ്നാട്ടിലെ സേലത്ത് നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്നു പണം. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി. മുരളീധരന്റെ നിര്‍ദേശപ്രകാരം പട്ടാമ്പി പോലീസ് ഇന്‍സ്പെക്ടര്‍ രമേഷും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. പണത്തിന്റെ ഉറവിടവും ലക്ഷ്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഒപ്പം പട്ടാമ്പി മേഖലയില്‍ പട്രോളിങ്ങ് ശക്തമാക്കാനും പോലീസ് തീരുമാനിച്ചു.
പട്ടാമ്പി എസ്.ഐ. അജീഷ്, എ.എസ്.ഐമാരായ പ്രസാദ്, ശിവശങ്കരന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സുനില്‍, അനൂപ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്, സനല്‍, ബിജു, ഷമീര്‍, വിനീഷ്, കബീര്‍, ബ്രിജിത്ത്, ഡ്രൈവര്‍ എസ്.പി.ഒ. ധര്‍മ്മേന്ദ്രന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.