Monday September 24th, 2018 - 1:43:am
topbanner

കീഴ്‌കോടതി വിട്ടയച്ച പ്രതികളെ അപ്പീല്‍ കോടതി ശിക്ഷിച്ചു

NewsDesk
കീഴ്‌കോടതി വിട്ടയച്ച പ്രതികളെ അപ്പീല്‍ കോടതി ശിക്ഷിച്ചു

തൊടുപുഴ: ബിവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള മൂലമറ്റം ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് 7,85,750 രൂപ മോഷ്ടിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതി മൂലമറ്റം ഉല്ലൂപറമ്പില്‍ പ്രദീപിനെ 7 വര്‍ഷം തടവിനും 20,000 രൂപ പിഴയടക്കാനും കോടതി വിധിച്ചു. തെളിവ് നശിപ്പിക്കുന്നതിനും കളവു മുതല്‍ ഒളിപ്പിക്കുന്നതിനും ഒന്നാം പ്രതിയെ സഹായിച്ച കുറ്റത്തിന് മൂലമറ്റം കളരിക്കുന്നേല്‍ രഞ്ജിത്തിനെ ഒന്നര വര്‍ഷം തടവിനും ശിക്ഷിച്ച് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് ജഡ്ജി വി ജി ശ്രീദേവിയാണ് വിധി പ്രസ്താവിച്ചത്.

2015 ഏപ്രില്‍ 23ന് വിചാരണ കോടതി പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയച്ചിരുന്നു. ഈ കേസില്‍ കീഴ്‌കോടതി വിധിക്കെതിരെ സര്‍ക്കാര്‍ ഫയല്‍ ചെയ്ത അപ്പീലിലാണ് പ്രതികളെ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്.  2012 ജനുവരി 8നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി പ്രദീപ് രാത്രി 10.45ഓടെ ചുറ്റികയും, ഇരുമ്പുവടിയും ഉപയോഗിച്ച് മൂലമറ്റത്തെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ കയറുകയും ഇരുമ്പുപെട്ടി കുത്തിതുറന്ന് അതില്‍ സൂക്ഷിച്ചിരുന്ന 7,85,750 രൂപയും മോഷ്ടിക്കുയിരുന്നു.

രണ്ട് ദിവസം ബാങ്ക് അവധിയായതിനാല്‍ മദ്യം വിറ്റ വകയില്‍ കിട്ടിയ പണം കടയിലെ ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ തുകയാണ് ഇയാള്‍ മോഷ്ടിച്ചത്. ഈ രൂപയില്‍ കുറച്ച് രണ്ടാം പ്രതിയായ രഞ്ജിത്തിനെ ഏല്‍പ്പിക്കുകയായിരുന്നു. കളവ് മുതലാണെന്നറിയാവുന്ന രഞ്ജിത്ത് അത് സൂക്ഷിക്കുകയും ചെയ്തു. കട കുത്തി തുറക്കാന്‍ ഉപയോഗിച്ച ചുറ്റികയും ഇരുമ്പുവടിയും ഒരു ഓട്ടോറിക്ഷയില്‍ കയറ്റി തൊടുപുഴയാറ്റില്‍ കളഞ്ഞ് തെളിവ് നശിപ്പിക്കുവാനും ശ്രമിച്ചു.

മോഷണം ചെയ്ത രൂപ പ്രതികള്‍ കുഴിച്ചിട്ടിരുന്നത് അറക്കുളം എ കെ ജി കോളനിക്ക് സമീപം പുഴയുടെ സമീപത്ത് നിന്ന് പ്രതി കാണിച്ചു കൊടുത്തത് പ്രകാരം പൊലീസ് കണ്ടെത്തുകയായിരുന്നു. കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ സി ചെറിയാനായിരുന്നു അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കുറ്റപത്രം തൊടുപുഴ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്.

ഒന്നാം പ്രതി പിഴസംഖ്യയായ 20,000 അടച്ചില്ലെങ്കില്‍ രണ്ട് വര്‍ഷം കൂടി തടവ് ശിക്ഷ അനുഭവിക്കണമെന്നും ശിക്ഷാ കാലാവധികള്‍ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ എബി ഡി കൊലോത്ത് കോടതിയില്‍ ഹാജരായി.

Read more topics: thodupuzha, beverage, robbery,
English summary
thodupuzha beverage robbery case
topbanner

More News from this section

Subscribe by Email