Monday April 22nd, 2019 - 6:05:pm
topbanner
topbanner

ജൈവ കാർഷികതയും കലയും സമന്വയിപ്പിച്ച ഒാർഗാനിക് തിയേറ്ററിന് തുടക്കം കുറിക്കാനൊരുങ്ങി ഭാരത് ഭവൻ

Aswani
ജൈവ കാർഷികതയും കലയും സമന്വയിപ്പിച്ച ഒാർഗാനിക് തിയേറ്ററിന് തുടക്കം കുറിക്കാനൊരുങ്ങി ഭാരത് ഭവൻ

തിരുവനന്തപുരം: ജൈവ കാർഷികതയും കലയും സമന്വയിപ്പിച്ച ഒാർഗാനിക് തീയേറ്ററിന് ഭാരത് ഭവൻ ജൂലൈ 11 ന് സമാരംഭം കുറിക്കുന്നു. ഇന്ത്യൻ സാംസ്കാരിക ചരിത്രത്തിലെ പ്രഥമ ചുവടുവയ്പ്പ് എന്ന് വിശേഷിപ്പിക്കാവുന്ന ഇൗ ജനകീയ ദൗത്യത്തിന് ജൂലൈ 11 ബുധനാഴ്ച രാവിലെ 11 മണിക്ക് ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ ബാലനും ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. വി.എസ് സുനിൽകുമാറും ചേർന്ന് ഉത്ഘാടനം നിർവ്വഹിക്കുന്നു. തിരുവനന്തപുരം വാമനപുരത്തെ കളമച്ചൽ പാടത്ത് പത്തേക്കർ സ്ഥലത്താണ് ഒാർഗാനിക് തിയേറ്ററിന്റെ ആദ്യ മാതൃക നടപ്പാക്കുന്നത്.

കേരളത്തിന്റെ ജൈവ കാർഷിക സംസ്കൃതിയെ തിരിച്ചു പിടിക്കാനും ഗ്രാമീണ നാടക വേദിയിലൂടെ നവ സന്ദേശങ്ങൾ ജനങ്ങളിൽ എത്തിക്കുവാനുള്ള സർഗ്ഗാത്മക സംരംഭമാണ് വിവ കൾചറൽ ഒാർഗനൈസേഷന്റെ സംഘാടന സഹകരണത്തോടെ ഭാരത് ഭവൻ ആവിഷ്കരിക്കുന്നത്. പ്രകൃതിയുടെ സന്തുലികാവസ്ഥ നിലനിർത്താനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുവാനുമുളള ഇടപെടലുകൾ അനിവാര്യമായിരിക്കുന്ന വർത്തമാന കാലത്ത് മണ്ണിൻെറയും മനസ്സിന്റെയും ഉർവ്വരത പുതുതലമുറയ്ക്ക് പകർന്നേകുന്നതിനുള്ള സാംസ്കാരിക സന്ദേശമാണ് ഒാർഗാനിക് തിയേറ്റർ മുന്നോട്ട് വയ്ക്കുന്നത്. കൃഷി ചെയ്യുകയും ഇതിനൊപ്പം പാടക്കരയിലെ നാടകപ്പന്തലിൽ ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' എന്ന് നാടകത്തിന്റെ പരിശീലനക്കളരി ആരംഭിക്കുകയും ചെയ്യും. വിളവെടുപ്പ് ഉത്സവത്തോടനുബന്ധിച്ച് കൃഷിയിടത്തിനകത്ത് പരിതസ്ഥിതി നാടക വേദിയുടെ ശൈലിയിലാണ് കർഷകരെയും കലാപ്രതിഭകളെയും ഉൾപ്പെടുത്തിയാകും നാടകം അരങ്ങേറുക.

ഇടശ്ശേരിയുടെ കൂട്ടുകൃഷി നാടകത്തിന്റെ ആമുഖ വായനയോടെ ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ. കെ ബാലൻ കാർഷിക നാടക ശില്പശാല ഉത്ഘാടനം ചെയ്യും. ഇതിനൊപ്പം ജൈവ കാർഷികതയുടെ നടീൽ ഉത്സവം ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. വി. എസ് സുനിൽ കുമാർ നിർവഹിക്കും. ഫോക്ലോർ അക്കാദമി ചെയർമാൻ ശ്രീ. സി. ജെ കുട്ടപ്പൻ ഗ്രാമീണ വായ്ത്താരിയുടേയും ഗ്രാമീണ ഗാനങ്ങളുടെയും അകമ്പടിയോടെയാണ് നടീൽ ഉത്സവം നടക്കുക.

ബഹു. വാമനപുരം എം.എൽ.എ ശ്രീ. ഡി.കെ മുരളിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സംസ്കാരിക കൂട്ടായ്മയിൽ ഡോ. എ. സമ്പത്ത് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.കെ മധു, ഡോ.റ്റി.എൻ സീമ, ശ്രീമതി.റാണി ജോർജ്ജ് എെ.എ.എസ്, ശ്രീ.റ്റി.വി സുഭാഷ് എെ.എ.എസ്, അലയൻസ്ഫ്രാൻസേസ് ഡയറക്ടർ ശ്രീ.ഫ്രേൻസ്വ ഗ്രോഷോൻ, ഹോർട്ടി കോർപ്പ് ചെയർമാൻ ശ്രീ.എ.വിനയൻ എന്നിവരും പ്രമുഖ രാഷ്ട്രീയ സംഘടനകളുടെ ജില്ലാ ഭാരവാഹികളും സാമൂഹിക സാംസ്കാരിക പ്രവർത്തകരും ഭാരത് ഭവന്റേയും 'വിവ' യുടെയും പ്രതിനിഥികളും, വാമനപുരം പഞ്ചായത്തിലെ ജനപ്രതിനിഥികളും ഇൗ ബഹുജന സാംസ്കാരിക കൂട്ടായ്മയിൽ പങ്കെടുക്കും.

മാനവീയം തെരുവോരകൂട്ടത്തിന്റെ മാനവീക ഗാനങ്ങളെ തുടർന്ന് ശ്രീ. പ്രമോദ് പയ്യന്നൂർ സംവിധാനം നിർവഹിക്കുന്ന കൂട്ടുകൃഷി നാടകകൃതിയുടെ വായന പ്രൊഫ. അലിയാറിന്റെ നേതൃത്വത്തിൽ നടക്കും എന്ന് സംഘാടക സമിതി അറിയിച്ചു.
പത്രസമ്മേളനത്തിൽ മുഖ്യരക്ഷാധികാരി ശ്രീ.ഡി.കെ മുരളി എം.എൽ.എ, രക്ഷാധികാരിയും ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയുമായ ശ്രീ. പ്രമോദ് പയ്യന്നൂർ, ഡോ.റ്റി.എൻ സീമ, ‘വിവ’ കൾചറൽ ഒാർഗനൈസേഷൻ സെക്രട്ടറി ശ്രീ. എസ്.എൻ സുധീർ, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ് ശ്രീകല, ഭാരത് ഭവൻ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം ശ്രീ. റോബിൻ സേവ്യർ എന്നിവർ പങ്കെടുത്തു.

English summary
Bharat Bhavan going to start organic theater with organic farming and art
topbanner

More News from this section

Subscribe by Email