Sunday July 21st, 2019 - 12:47:pm
topbanner
topbanner

വട്ടിയൂര്‍ക്കാവില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

NewsDesk
 വട്ടിയൂര്‍ക്കാവില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി

തിരുവനന്തപുരം: കുടുംബ വഴക്കിനിടെ മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തടയാനെത്തിയ ഭാര്യ പിതാവിനും മാതാവിനും കുത്തേറ്റു. മേലത്തുമേലേക്ക് സമീപം കൃഷ്ണഭവനില്‍ രജനികൃഷ്ണ (43) ആണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയാണ് കത്തിക്കുത്തിലും കൊലയിലും കലാശിച്ചത്.

കത്തിക്കുത്തില്‍ രജനിയുടെ പിതാവ് സി. കൃഷ്ണന്‍ നായര്‍ (72), മാതാവ് രമാദേവി (68) എന്നിവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. രജനിയുടെ ഭര്‍ത്താവ് മലയിന്‍കീഴ് വില്ലേജില്‍ മേപ്പൂക്കട പഴയറോഡ് ശ്രീസദനത്തില്‍ ശ്രീകുമാറിനെ (48) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം 6.30നായിരുന്നു സംഭവം. 15 വര്‍ഷം മുമ്പാണ് രജനികൃഷ്ണയെ ശ്രീകുമാര്‍ വിവാഹം കഴിച്ചത്.

ഇയാള്‍ കുടുംബപ്രശ്‌നങ്ങള്‍ കാരണം ഭാര്യയില്‍ നിന്നും മക്കളില്‍ നിന്നും അകന്നുകഴിയുകയായിരുന്നു. മദ്യപിക്കുന്നത്തിന് പുറമെ മറ്റുലഹരി വസ്തുക്കള്‍ക്കും അടിമയായിരുന്ന ഇയാള്‍ മലയിന്‍കീഴിന് സമീപത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്നലെ വൈകുന്നേരം മേലത്തുമേലെയുള്ള ഭാര്യാവീട്ടിലെത്തിയ ഇയാള്‍ വീടിന്റെ മുറ്റത്തു നില്‍ക്കുകയായിരുന്ന രജനികൃഷ്ണയുമായി വഴക്കുണ്ടാക്കുകയും കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ഇവരുടെ കഴുത്തിന് കുത്തുകയായിരുന്നുവെന്ന് സമീപവാസികള്‍ പറഞ്ഞു.

ബഹളം കേട്ട് ഓടിയെത്തി ശ്രീകുമാറിനെ തടയാന്‍ ശ്രമിച്ച രജനികൃഷ്ണയുടെ പിതാവ് കൃഷ്ണന്‍ നായര്‍ക്കും ഭാര്യ രമാദേവിക്കും കുത്തേറ്റു. ഓടിയെത്തിയ നാട്ടുകാര്‍ മൂവരെയും ഉടന്‍തന്നെ പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കഴുത്തില്‍ ആഴത്തില്‍ മാരകമായി കുത്തേറ്റ രജനികൃഷ്ണയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കൃഷ്ണന്‍ നായരെയും ഭാര്യ രമാദേവിയെയും വിദഗ്ദ്ധ ചികിത്സക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനുശേഷം സ്ഥലത്തുനിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ശ്രീകുമാറിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു.

കത്തിയുമായി നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ ഏറെനേരത്തെ പരിശ്രമത്തിന് ശേഷം കീഴ്‌പ്പെടുത്തി. വട്ടിയൂര്‍ക്കാവ് എസ്.ഐ പി. പ്രദീപിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കൃഷ്ണന്‍ നായര്‍ക്ക് നെഞ്ചിനുതാഴെയും പിന്‍വശത്തും ഗുരുതരമായി കുത്തേറ്റു.

തോളിലും മുഖത്തുമാണ് രമാദേവിക്ക് പരിക്ക്. ഇരുവരും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. പേയാട് പ്രവര്‍ത്തിക്കുന്ന ഒരു മെഡിക്കല്‍ സപ്ലൈസിലെ ജീവനക്കാരിയായിരുന്നു രജനികൃഷ്ണ. മക്കള്‍: മിഥുന്‍, മിഥുല. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പോലീസ് കേസെടുത്തു.

English summary
thiruvananthapuram vattiyoorkavu murder
topbanner

More News from this section

Subscribe by Email