Thursday June 20th, 2019 - 9:14:pm
topbanner
topbanner

യുവാക്കള്‍ നൈപുണ്യ ശേഷി ആര്‍ജ്ജിക്കുന്നതിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി.പി.രാമകൃഷ്ണന്‍

Aswani
യുവാക്കള്‍ നൈപുണ്യ ശേഷി ആര്‍ജ്ജിക്കുന്നതിനുള്ള  അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി ടി.പി.രാമകൃഷ്ണന്‍

തിരുവനന്തപുരം: യുവാക്കള്‍ നൈപുണ്യ ശേഷി ആര്‍ജ്ജിക്കുന്നതിനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണമെന്ന് തൊഴിലും നൈപുണ്യവും വകുപ്പു മന്ത്രി ടി.പി.രാമകൃഷ്ണന്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സ്‌ലന്‍സിന്റെ അംഗീകാരത്തോടെ ഇന്‍കേടെക് സൊലൂഷന്‍സ് നടത്തിവരുന്ന പ്രോമെക്‌സ് കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആധുനികതൊഴില്‍കമ്പോളത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റും വിധം തൊഴില്‍നൈപുണ്യം ആര്‍ജ്ജിക്കാന്‍ കേരളത്തിലെ യുവതീയുവാക്കളെ പ്രാപ്തരാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ബിരുദങ്ങളും സാങ്കേതികയോഗ്യതയും നേടിയ യുവാക്കളുടെ തൊഴിലില്ലായ്മയാണ് കേരളം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. രാജ്യത്തിനകത്തും പുറത്തും പുതിയ തൊഴില്‍മേഖലകളില്‍ വൈദഗ്ധ്യമുള്ളവരെ ആവശ്യമുണ്ടെങ്കിലും അത് പൂര്‍ണമായി നിറവേറ്റാന്‍ കഴിയാതെ പോകുന്നു. ഈ സാഹചര്യം മറികടന്ന് താല്‍പര്യമുള്ള മേഖലകളില്‍ വൈദഗ്ധ്യം നേടാന്‍ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് സര്‍ക്കാര്‍ അവസരം ഒരുക്കുകയാണ്. അതിനായുള്ള പരിശീലനപരിപാടികള്‍ വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.

എഞ്ചിനിയറിങ്ങ് ബിരുദവും ബിരുദാനന്തരബിരുദവും നേടിയ വിദ്യാര്‍ഥികള്‍ക്ക് പ്രൊഡക്ട് ഡവലപ്‌മെന്റ് മേഖലയില്‍ പരിശീലനം നല്‍കുകയും ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന തൊഴില്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയുമാണ് പ്രോമെക്‌സ് കോഴ്‌സിന്റെ ലക്ഷ്യം. വിവിധ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ബന്ധപ്പെട്ട മേഖലകളില്‍ തൊഴില്‍നൈപുണ്യം നല്‍കുന്നതിനായി കേരള അക്കാദമി ഫോർ സ്‌കില്‍സ് എക്‌സലന്‍സിനു കീഴില്‍ ഇന്‍കേടെക് പോലുള്ള സ്ഥാപനങ്ങള്‍ ഇത്തരത്തിലുള്ള പരിശീലനപരിപാടികള്‍ സംഘടിപ്പിച്ചുവരികയാണ്.

ഓട്ടോമൊബൈല്‍, എയ്‌റോസ്‌പേസ്, ആട്ടോമേഷന്‍, റോബോട്രിക്‌സ്, കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഡിഫന്‍സ്, കണ്‍സ്ട്രക്ഷന്‍ ഡിസൈന്‍ തുടങ്ങി വിവിധ തൊഴില്‍മേഖലകളില്‍ എഞ്ചിനിയറിങ്ങ് ബിരുദധാരികള്‍ക്ക് അവസരങ്ങളുണ്ട്. അതേസമയം ഈ മേഖലകളില്‍ ആവശ്യമായ നൈപുണ്യം കൈവരിക്കുകയും വേണം. പ്രൊഡക്ട് ഡവലപ്‌മെന്റ് മേഖലയില്‍ അനുദിനം മാറുന്ന ആശയങ്ങള്‍ക്കനുസൃതമായ നൈപുണ്യശേഷി ആര്‍ജ്ജിക്കാനുള്ള അവസരങ്ങള്‍ യുവാക്കള്‍ നേടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

തൊഴില്‍ നൈപുണ്യപരിശീലനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വ്യവസായസ്ഥാപനങ്ങളുമായുള്ള സഹകരണം വിപുലമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെയും സംരംഭകത്വത്തിന്റെയും സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനായി സംരംഭകത്വവികസന ക്ലബ്ബുകള്‍ക്ക് രൂപം കൊടുക്കും. കേരള അക്കാദമി ഫോർ  സ്‌കില്‍സ് എക്‌സലന്‍സ്, കരിയര്‍ ഡവലപ്‌മെന്റ് സെന്ററുകള്‍, എംപ്ലോയബിലിറ്റി സെന്ററുകള്‍ തുടങ്ങിയവ മുഖേന തൊഴിലും നൈപുണ്യവും വകുപ്പ് നടപ്പാക്കുന്ന നൈപുണ്യവികസനപദ്ധതികള്‍ യുവാക്കള്‍ പ്രയോജനപ്പെടുത്തണം.

പരിശീലനത്തിനൊപ്പം കഴിയാവുന്നത്ര ഉദ്യോഗാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ജോബ്‌ഫെയറുകളും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. വിവിധ മേഖലകളിലെ തൊഴില്‍സാധ്യതകള്‍ കണ്ടെത്തി അനുയോജ്യമായവ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന തൊഴില്‍വകുപ്പിന്റെ ജോബ് പോര്‍ട്ടല്‍ വലിയ സാധ്യതകളാണ് തുറന്നിരിക്കുന്നത്. ഇതിന്റെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താനും യുവാക്കള്‍ക്ക് കഴിയണമെന്ന് മന്ത്രി പറഞ്ഞു.ചടങ്ങില്‍ കെയ്‌സ് എം.ഡി ശ്രീറാം വെങ്കിട്ടരാമന്‍, ഇന്‍കേടെക് സൊല്യൂഷന്‍സ് എംഡി ഗോപികൃഷ്ണന്‍, ജനറല്‍ മാനേജര്‍ രാകേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Young people should use the chance to develop skills they need: minister t p ramakrishnan
topbanner

More News from this section

Subscribe by Email