Saturday September 22nd, 2018 - 6:41:pm
topbanner

പാലക്കാട്; പൂട്ടിക്കിടന്ന വീടുകളില്‍ മോഷണം

fasila
പാലക്കാട്; പൂട്ടിക്കിടന്ന വീടുകളില്‍ മോഷണം

പാലക്കാട്: ഒരു ഇടവേളക്കുശേഷം ചെര്‍പ്പുളശ്ശേരി നഗരത്തില്‍ വീണ്ടും മോഷ്ടാക്കളുടെ ശല്യം. നഗരത്തില്‍ പൂട്ടിക്കിടന്ന മൂന്നു വീടുകളിലാണ് മോഷ്ടാക്കള്‍ കയറിയത്. വര്‍ഷങ്ങളായി ചെര്‍പ്പുളശ്ശേരിയില്‍ കച്ചവടം നടത്തുന്ന എ.കെ.ജി. റോഡിലുള്ള തമിഴ്‌നാട് ഒട്ടഛത്രം സ്വദേശി വിഘ്‌നേഷ് നിവാസില്‍ വഞ്ചിമുത്തു, ഗൗതം നിവാസില്‍ സദാശിവന്‍, പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വാടക കോര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന രാമ ദുരൈ എന്നിവരുടെ വീടുകളിലാണ് മോഷണവും മോഷണ ശ്രമവും നടന്നത്.

കഴിഞ്ഞ ബുധനാഴ്ച തമിഴ്‌നാട്ടിലേക്ക് പോയ വഞ്ചിമുത്തുവും കുടുംബവും തിങ്കാഴ്ച തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വഞ്ചിമുത്തുവിന്റെ വീടിന്റെ മുന്‍വാതില്‍ താക്കോല്‍ ഉപയോഗിച്ച് തുറന്ന നിലയിലാണ്. വീട്ടില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപും രണ്ട് സ്മാര്‍ട്ട് ഫോണുകളും 10,000 രൂപയും നഷ്ടമായതായി വഞ്ചിമുത്തു പറഞ്ഞു. അകത്തെ സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടിരിക്കുകയാണ്.

സദാശിവന്റെ വീടിന്റെ മുന്നിലെ വാതില്‍ കത്തിച്ച നിലയിലാണെങ്കിലും മോഷ്ടാക്കള്‍ക്ക് അകത്തേക്ക് കയറാന്‍ കഴിഞ്ഞിട്ടില്ല. പുത്തനാല്‍ക്കല്‍ ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വാടക കോര്‍ട്ടേഴ്‌സിന്റെ പൂട്ട് പൊളിച്ച നിലയിലാണ്. ഇവിടെ രണ്ടിടത്തും താമസക്കാര്‍ തിരിച്ചെത്താത്തതിനാല്‍ നഷ്ടം എന്തെന്ന് കണ്ടെത്താനായിട്ടില്ല. ചെര്‍പ്പുളശ്ശേരി എസ്.ഐ. റോയി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പാലക്കാട് നിന്നുള്ള വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.

Read more topics: palakkad, home, theft
English summary
palakkad; theft on closed homes
topbanner

More News from this section

Subscribe by Email