Wednesday November 21st, 2018 - 4:19:pm
topbanner

പച്ചക്കൊളുന്തിനു വിലയില്ല: ചെറുകിട തേയില കർഷകർ കൃഷി ഉപേക്ഷിച്ചു തുടങ്ങി

suvitha
പച്ചക്കൊളുന്തിനു വിലയില്ല: ചെറുകിട തേയില കർഷകർ കൃഷി ഉപേക്ഷിച്ചു തുടങ്ങി

തൊടുപുഴ: പച്ചക്കൊളുന്തിനു വിലയില്ലാതായതോടെ ചെറുകിട തേയില കർഷകർ കൃഷി ഉപേക്ഷിച്ചു തുടങ്ങി. പ്രതിസന്ധി ഘട്ടത്തിൽ കർഷകരെ സഹായിക്കേണ്ട കമ്മോഡിറ്റി ബോർഡായ തേയില ബോർഡാകട്ടെ വൻകിട തോട്ടമുടമകൾക്കു മാത്രമായി നില കൊള്ളുന്നതിനാൽ ചെറുകിട തേയില കർഷകർക്ക് വിലത്തകർച്ച മൂലം ഇനി കൃഷി ഉപേക്ഷിക്കുക മാത്രമാണ് മുന്നിലുള്ള പോംവഴി.

തേയില കർഷകരെ സഹായിക്കാനായി ടീ ബോർഡ് പ്രഖ്യാപിച്ച സഹായ പദ്ധതികളുടെ ആനുകൂല്യത്തിന്റെ സിംഹ ഭാഗവും വൻകിട തോട്ടമുടമകൾ കൈപ്പറ്റിയപ്പോൾ ചെറുകിട കർഷകർക്കു ലഭിച്ചതാകട്ടെ അനുവദിച്ച തുകയുടെ 30 ശതമാനം മാത്രം. ഇതാകട്ടെ വിളവെടുക്കുന്ന കൊളുന്ത് ഫാക്ടറികളിലേക്ക് എത്തിക്കുന്നതിനായി വാഹനം വാങ്ങാനാണ് അനുവദിച്ചത്. വാഹനം ലഭിച്ചപ്പോൾ വിളവെടുക്കുന്ന കൊളുന്ത് വിൽക്കാൻ ഇടമില്ലാതായി.

ജില്ലയിൽ തേയില കർഷകർ നേരിടുന്ന പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി ചെറുകിട തേയില കർഷക ഫെഡറേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ടീ ബോർഡിനു നിവേദനം നൽകിയതിനെ തുടർന്ന് ജില്ലയിൽ തേയില കൃഷി പുനരുദ്ധാരണത്തിനായി 18 കോടി രൂപയാണ് തേയില ബോർഡ് അനുവദിച്ചത്. ഇതിൽ ഇനി ചെറുകിട കർഷകർക്ക് 1.27 കോടി രൂപ ലഭിക്കാനുണ്ട്.

ബാക്കി വരുന്ന തുക വൻകിട തോട്ടമുടമകൾ കൈപ്പറ്റി. ചെറുകിട കർഷകർക്കായി ജില്ലയിൽ മൂന്നു ഫാക്ടറി നിർമാണത്തിനും വാഹനം വാങ്ങുന്നതിനും റീ പ്ലാന്റിംഗിനുമായാണ് തുക അനുവദിച്ചിരുന്നത്. അതീവ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഇപ്പോൾ ചെറുകിട തേയില കൃഷി മേഖല നീങ്ങുന്നത്. മറ്റു കാർഷിക വിളകൾ കൃഷി ചെയ്യാൻ കഴിയാത്തതും എന്നാൽ തേയിലകൃഷിക്കു പര്യാപ്തമായതമായ മേഖലകളിൽ മാത്രമാണ് തോട്ടങ്ങൾക്കു പുറമെ ചെറുകിട തേയില കൃഷി നടക്കുന്നത്.

കാലാവസ്ഥ അനുയോജ്യമായതാണ് കൂടുതൽ കർഷകർ ഇത്തരം മേഖലകളിൽ തേയില കൃഷിയിലേക്ക് കടക്കാൻ കാരണം. ഇടുക്കി ജില്ലയിൽ 12740 ഓളം കർഷകർ 50 സെന്റുമുതൽ ആറേക്കർ വരെ തേയില കൃഷി ചെയ്യുന്നതായാണ് കണക്ക്. തേയില ഉൽപാദന മേഖലയിലെ വിപണന സാധ്യതകൾ കണ്ടറിഞ്ഞാണ് ഒട്ടേറെ കർഷകർ ചെറുകിട തേയില കൃഷിയിലേക്ക് കടന്നത്. ചെറുകിട തേയില മേഖലയിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കൊളുന്ത് ജില്ലയിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന ഫാക്ടറികളിലാണു വിൽപന നടത്തി വന്നിരുന്നത്.

കിലോയ്ക്ക് 20 രൂപ വരെ പച്ചക്കൊളുന്തിനു വിലയുണ്ടായിരുന്നു. എന്നാൽ ഉൽപാദനത്തിന്റെ ഏറ്റക്കുറച്ചിൽ അനുസരിച്ച് വില കൂടിയും കുറഞ്ഞുമിരിക്കും. കൊളുന്ത് വ്യാപാര മേഖലയിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കുന്ന ഇടനിലക്കാരാണ് കൊളുന്തിന്റെ വില നിശ്ചയിക്കുന്നത്. പലപ്പോഴും ഇടനിലക്കാരുടെ ചൂഷണത്തിൽ കർഷകർ പെടുകയായിരുന്നു.
കൊളുന്ത് സംഭരിച്ചു വയ്ക്കാൻ കഴിയാത്ത ഉൽപന്നമായതിനാൽ ഏജന്റുമാർ നിശ്ചയിക്കുന്ന വിലക്ക് കർഷകർ ഉൽപന്നം വിൽക്കാൻ നിർബന്ധിതമാകുകയായിരുന്നു.

എന്നാൽ ഏതാനും മാസം മുൻപു വരെ 17 രൂപ വരെ വിലയുണ്ടായിരുന്ന പച്ചക്കൊളുന്ത് ഇപ്പോൾ രണ്ടു രൂപക്കു നൽകാമെന്നു പറഞ്ഞാൽപോലും ആരും വിലക്കെടുക്കുന്നില്ല. തേയിലച്ചെടിയിൽ നിന്നും കൊളുന്ത് നുള്ളാതിരുന്നാൽ പിന്നീട് ഉൽപന്നം എടുക്കാനാവില്ല. പണം മുടക്കി കൊളുന്തെടുക്കാമെന്നു വച്ചാൽ വിലക്കെടുക്കാൻ ആളില്ല. ഫലത്തിൽ ചെറുകിട കർഷകർ ചെകുത്താനും കടലിനും നടുവിലെന്ന അവസ്ഥയിലായി. പച്ചക്കൊളുന്ത് ഉൽപാദനം ഇപ്പോൾ അധികമായി നടക്കുന്നതിനാലാണ് കൊളുന്ത് വിലക്കെടുക്കാൻ കഴിയാത്തതെന്നാണ് ഫാക്ടറിക്കാർ പറയുന്നത്.

സാധാരണയായി ജൂൺ, ജൂലൈ മാസങ്ങളിലാണ് കൊളുന്ത് ഉൽപാദനം അധികമായി ഉണ്ടാകുന്നത്. ഈ സമയത്ത് വില കുറയുക സാധാരണമാണ്. ഇപ്പോൾ കർഷകർക്ക് സമാന്യം വില ലഭിക്കുന്ന സമയത്താണ് വിലത്തകർച്ചയുണ്ടായത്. എന്നാൽ കാലാവസ്ഥ വ്യതിയാനം മൂലം ഉൽപാദനം കൂടിയെന്നാണ് ഇവരുടെ വാദം. ജില്ലയിൽ തേയിലത്തോട്ടം മേഖലയിൽ 44 ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ ബഹുഭൂരിപക്ഷം ഫാക്ടറികളിലും ഇപ്പോൾ ചെറുകിട കർഷകരുടെ കൊളുന്ത് വിലക്കെടുന്നില്ല. ഇതിൽ ഏലപ്പാറ ഹെലിബറിയ തേയില ഫാക്ടറി കത്തി നശിച്ചിരുന്നു.

ഇവിടേക്കുള്ള തേയില കൊളുന്ത് കരുന്തരുവി ഫാക്ടറിയാലാണ് സംസ്‌കരിക്കുന്നത്. ചെറുകിട തേയില കൊളുന്ത് ഉൽപാദന, വിപണന മേഖലയിൽ ഇടനിലക്കാരുടെയും വൻകിട തോട്ടമുടമകളുടെയും കടന്നു കയറ്റം ഒഴിവാക്കുന്നതിനാണ് ജില്ലയിൽ തേയില ഫാക്ടറികൾ ആരംഭിക്കുന്നതിനു ടീ ബോർഡ് തുക അനുവദിച്ചത്. ചെറുകിട കർഷകർക്ക് ഉൽപന്നം വിറ്റഴിക്കുന്നതിനായുള്ള ബുദ്ധിമുട്ടികൾ ഒഴിവാക്കുന്നതിനായിരുന്നു ചെറുകിട തേയില കർഷക സംഘടനകളുടെ നിവേദനത്തിനൊടുവിൽ ടീ ബോർഡ് പദ്ധതികൾ തയാറാക്കിയത്.

ചെറുകിട തേയില കൃഷി കൂടുതലായുള്ള പീരുമേട്. തങ്കമണി, വാഗമൺ എന്നിവിടങ്ങളിലാണ് ഫാക്ടറികൾ വിഭാവനം ചെയ്തത്. ഫാക്ടറികൾ നിർമിക്കുന്നതിനായുള്ള ഭൂമി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്തു നൽകുമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ പിന്നീട് നടപടികൾ ഒന്നും ഉണ്ടായില്ല. തങ്കമണിയിൽ മാത്രം സർവീസ് സഹകരണ സൊസൈറ്റിയുടെ സ്ഥലത്ത് ഫാക്ടറി നിർമാണം നടന്നു വരുന്നുണ്ട്. ഇതും ഫണ്ടു ലഭിക്കാത്തതിനാൽ നിർമാണം പൂർത്തിയാക്കാൻ കാല താമസം നേരിടും. വൻകിട തോട്ടമുടമകളെ സഹായിക്കാനായി ടീ ബോർഡ് ഉദ്യോഗസ്ഥർ ഫണ്ടു വൈകിപ്പിക്കുകയാണെന്നാണ് ചെറുകിട തേയില കർഷകർ ആരോപിക്കുന്നത്.

നിലവിൽ ചെറുകിട തേയില മേഖല നേരിടുന്ന പ്രതിസന്ധി നീണ്ടാൽ ഭൂരിഭാഗം കർഷകരും കനത്ത കടക്കെണിയിലേക്കു നീങ്ങാനും സാധ്യതയുണ്ട്. ഭൂരിപക്ഷം കർഷകരും ബാങ്ക് വായ്പയും മറ്റും തരപ്പെടുത്തിയാണ് തേയില കൃഷി ആരംഭിച്ചിരിക്കുന്നത്. കൃഷിയിൽ നിന്നുള്ള വരുമാനം നഷ്ടമായെങ്കിലും കർഷകർക്ക് തേയില കൃഷി ഉപേക്ഷിച്ച് മറ്റു കൃഷികളിലേക്ക് കടക്കാനും കഴിയാത്ത അവസ്ഥയാണ്. ഈ സ്ഥിതി തുടർന്നാൽ കർഷക ആത്മഹത്യകൾ പോലും ഉണ്ടാകുമെന്ന് ചെറുകിട തേയില മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.

English summary
Small tea growers started to quit agriculture
topbanner

More News from this section

Subscribe by Email