Saturday November 17th, 2018 - 8:41:pm
topbanner

സപ്ലൈകോ ഓണം-ബക്രീദ്: പത്തനംതിട്ട ജില്ലാ ഫെയറിന് തുടക്കമായി

fasila
സപ്ലൈകോ ഓണം-ബക്രീദ്: പത്തനംതിട്ട ജില്ലാ ഫെയറിന് തുടക്കമായി

പത്തനംതിട്ട: സപ്ലൈകോയുടെ ആഭിമുഖ്യത്തിലുള്ള ഓണം-ബക്രീദ് ജില്ലാ ഫെയറിന് പത്തനംതിട്ട പോലീസ് സ്റ്റേഷന് സമീപമുളള റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി മേള ഉദ്ഘാടനം ചെയ്തു. കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ചിട്ടുള്ള സപ്ലൈകോ വിപണികള്‍ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.സര്‍ക്കാര്‍ ആശുപത്രികളിലും പൊതുവിദ്യാലയങ്ങളിലും മികച്ച സൗകര്യങ്ങള്‍ ലഭിക്കുമ്പോഴും സ്വകാര്യ സ്ഥാപനങ്ങള്‍ തേടി പോകുന്ന ഒരു ശീലം നമുക്കുണ്ട്. ഗുണനിലവാരമുള്ള സാധനങ്ങള്‍ കുറഞ്ഞ വിലയില്‍ ലഭിക്കുന്ന സപ്ലൈകോ മാര്‍ക്കറ്റുകളെ ഒഴിവാക്കി സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങാനാണ് നമുക്ക് കൂടുതല്‍ താത്പര്യം. സാമൂഹ്യപ്രതിബദ്ധതയോടെ ചിന്തിച്ച് സര്‍ക്കാര്‍ സംവിധാനങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങള്‍ പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും പ്രസിഡന്റ് പറഞ്ഞു.

മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ.ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സപ്ലൈകോ മേഖലാ മാനേജര്‍ ബി.ജ്യോതികൃഷ്ണ, ജില്ലാ സപ്ലൈ ഓഫീസറുടെ ചുമതലയുള്ള വിനോദ് കുമാര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ എ.പി.ജയന്‍, ടി.എം.ഹമീദ്, ബി.ഷാഹുല്‍ഹമീദ്, സനോജ് മേമന, സപ്ലൈകോ ഡിപ്പോ മാനേജര്‍ സി.വി.മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണം-ബക്രീദ് ആഘോഷങ്ങളെ വരവേല്‍ക്കുന്നതിന് വിപുലമായ മേളയാണ് റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ സപ്ലൈകോ ഒരുക്കിയിട്ടുള്ളത്.

സപ്ലൈകോയുടെ നിത്യോപയോഗ സാധനങ്ങളുടെ സ്റ്റാളിന് പുറമേ ഹോര്‍ട്ടികോര്‍പ്പ്, വനശ്രീ, കയര്‍ഫെഡ്, കുടുംബശ്രീയുടെ ഫുഡ്‌കോര്‍ട്ട് എന്നിവയും മേളയോടനുബന്ധിച്ച് തയാറാക്കിയിട്ടുണ്ട്. സപ്ലൈകോയുടെ സ്റ്റാളില്‍ നിന്നും സബ്‌സിഡിയുള്ള ഉത്പന്നങ്ങളും സബ്‌സിഡിരഹിത ഉത്പന്നങ്ങളും ലഭ്യമാണ്. 14 ഇനം നിത്യോപയോഗസാധനങ്ങളാണ് സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യുന്നത്.

സബ്‌സിഡി സാധനങ്ങളുടെ വിശദവിവരങ്ങള്‍ ഉത്പന്നം, സബ്‌സിഡി വില (കി.ഗ്രാമിന്), സബ്‌സിഡി ഇല്ലാത്ത വില (ബ്രായ്ക്കറ്റില്‍)എന്ന ക്രമത്തില്‍:

ചെറുപയര്‍-70, (75), ഉഴുന്ന്-58,(60), കടല-43,(53), വന്‍പയര്‍-45,(58), തുവര-65, (70), മുളക്-75,(110), മല്ലി-65,(70), പഞ്ചസാര-22,(42), ജയ അരി-25, (34), മാവേലി പച്ചരി-23, മാവേലി മട്ടയരി-24, ജയ അരി (ആന്ധ അല്ലാത്തത്) - 25, ശബരി വെളിച്ചെണ്ണ അര ലിറ്റര്‍-46.

സബ്‌സിഡി ഇല്ലാത്ത ഉത്പന്നം, വില (കി.ഗ്രാമിന്): ഉഴുന്ന് പിളര്‍പ്പ്-60, ജീരകം-240, കടുക്-62, ഉലുവ-54, പിരിയന്‍ മുളക്-140, വെള്ളക്കടല-75, റാഗി-35, പച്ചരി-29, സോര്‍ട്ടക്‌സ് ബോധന അരി-32, സോര്‍ട്ടക്‌സ് മട്ടയരി-33, ജയ സോര്‍ട്ടക്‌സ് അരി-34, ആന്ധ്രയില്‍ നിന്നല്ലാത്ത ജയഅരി-33, കുറുവ അരി-32, എഫ്‌സിഐ പച്ചരി-26.50, എഫ്‌സിഐ പുഴുക്കലരി-26.50, ശബരി വെളിച്ചെണ്ണ (ലിറ്ററിന്)-212, ശബരി തെയില- 165.

ഇവയ്ക്ക് പുറമേ ശബരി ബ്രാന്‍ഡിലുള്ള വിവിധ തരം തേയിലകള്‍, കറിപൗഡറുകള്‍, മറ്റ് ഉത്പന്നങ്ങള്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭ്യമാണ്. ഹോര്‍ട്ടികോര്‍പ്പിന്റെ സ്റ്റാളില്‍ നാടന്‍ ഏത്തക്കായ, നാടന്‍ പച്ചക്കറികള്‍ എന്നിവ ലഭ്യമാണ്. തേന്‍, കുന്തിരിക്കം, മറ്റ് വനവിഭവങ്ങള്‍ എന്നിവയുമായാണ് വനശ്രീ സ്റ്റാള്‍ ഒരുക്കിയിട്ടുള്ളത്. മെത്തകള്‍, ചവിട്ടികള്‍, വിവിധ കയര്‍ ഉത്പന്നങ്ങള്‍ എന്നിവയുമായി കയര്‍ഫെഡിന്റെ സ്റ്റാളും മേളയുടെ ഭാഗമാണ്.

കുടുംബശ്രീയുടെ ഫുഡ്‌കോര്‍ട്ടില്‍ വ്യത്യസ്ത രുചികളുള്ള ഭക്ഷണങ്ങള്‍ തയാറാക്കി നല്‍കും. ഈ മാസം 24 വരെയാണ് മേള നടക്കുന്നത്. കോന്നി സൂപ്പര്‍മാര്‍ക്കറ്റിനോടനുബന്ധിച്ചുള്ള കോന്നി താലൂക്ക്തല മേളയും ആറന്മുള മാവേലി സ്റ്റോറിനോടനുബന്ധിച്ചുള്ള കോഴഞ്ചേരി താലൂക്കുതല മേളയും ഈ മാസം 16ന് ആരംഭിക്കും. ഇതിന് പുറമേ സപ്ലൈകോയുടെ എല്ലാ ചില്ലറ വ്യാപാര ഔട്ട്‌ലെറ്റുകളിലും ഓണം, ബക്രീദ് വിപണനമേള നടക്കുന്നുണ്ട്.

English summary
supplyco onam-bakrid: pathanamthitta district fair started
topbanner

More News from this section

Subscribe by Email