Wednesday November 21st, 2018 - 11:47:pm
topbanner

എം.ജിയില്‍ ജൈവ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പിന് 17ന് തുടക്കമാകും

Mithun muyyam
എം.ജിയില്‍ ജൈവ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പിന് 17ന് തുടക്കമാകും

കോട്ടയം: ജൈവ ജീവനത്തിനുതകുന്ന നവീനാശയങ്ങളെ പൊതു സമൂഹത്തിലെത്തിക്കാനും ഉല്പന്നവല്‍ക്കരിക്കാനുമായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ സ്റ്റുഡന്റ് സ്റ്റാര്‍ട്ട് അപ്പ് സംവിധാനത്തിന് 17ന് തുടക്കമാകും. ഹരിത കേരളം പദ്ധതി മുന്നോട്ടുവയ്ക്കുന്ന ജൈവകൃഷി, മാലിന്യനിര്‍മ്മാര്‍ജ്ജനം, ജലസംരക്ഷണം, ശുചിത്വം എന്നീ മേഖലകളിലുള്ള സംരംഭകത്വാശയങ്ങള്‍ക്കാണ് സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് സംവിധാനത്തിലൂടെ പരിപോഷണം നല്‍കുക.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ ബിസിനസ് ഇന്നൊവേഷന്‍ ആന്റ് ഇന്‍ക്യുബേഷന്‍ സെന്ററിന്റെയും അന്തര്‍സര്‍വ്വകലാശാലാ സുസ്ഥിര ജൈവ കൃഷി കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുക.നവീന ആശയ സാക്ഷാത്ക്കാരത്തിനായി വിദ്യാര്‍ത്ഥി സംരംഭകരെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. ശാസ്ത്ര സാങ്കേതിക ധനകാര്യ മാനേജ്‌മെന്റ് മേഖലകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ പരിശീലനം നല്‍കും. വാണിജ്യാടിസ്ഥാനത്തില്‍ നേട്ടമുണ്ടാകുന്ന ആശയങ്ങളെ പേറ്റന്റ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സഹായവും നല്‍കും. പരീക്ഷണശാലകളില്‍ ഉല്പാദിപ്പിക്കുന്ന വിജ്ഞാനത്തെ പൊതുസമൂഹത്തില്‍ എത്തിക്കുവാനുള്ള ശ്രമമാണ് സ്റ്റാര്‍ട്ടപ്പ് ലക്ഷ്യമിടുന്നത്. വിദ്യാര്‍ത്ഥികളെ തൊഴിലന്വേഷകരില്‍ നിന്നും തൊഴില്‍ദായകരാക്കി മാറ്റുന്ന പ്രക്രിയയാണ് നടക്കുക.

മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ കീഴിലുള്ള പഠനവകുപ്പുകളിലെയും അഫിലിയേറ്റഡ് കോളേജുകളിലെയും നിലവിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും കഴിഞ്ഞ മൂന്നു വര്‍ഷത്തിനകം പഠനം പൂര്‍ത്തിയായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റുഡന്റ്‌സ് സ്റ്റാര്‍ട്ടപ്പിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാം. ഉല്പന്നവല്‍ക്കരിക്കാവുന്ന ആശയമുള്ളവരായിരിക്കണം. ഇവര്‍ക്ക് 17ന് വൈകീട്ട് 4 മണി മുതല്‍ www.biic.org.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
ഉച്ച കഴിഞ്ഞ് 2 മണിക്ക് സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കേരളത്തിലെ ചീഫ് ജനറല്‍ മാനേജര്‍ എസ്. വെങ്കിട്ടരാമന്‍ സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് ഉദ്ഘാടനം ചെയ്യും. പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഹരികുമാര്‍, ഡോ. എ. ജോസ്, രജിസ്ട്രാര്‍ എം.ആര്‍. ഉണ്ണി, സ്റ്റേറ്റ് എന്‍.എസ്.എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. കെ. സാബുക്കുട്ടന്‍, ബി.ഐ.ഐ.സി. ഡയറക്ടര്‍ ഡോ. ആര്‍. ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിക്കും.

 

 

Read more topics: student, strat up, agriculture,
English summary
student strat up started on 17th in mg
topbanner

More News from this section

Subscribe by Email