Saturday February 16th, 2019 - 11:02:am
topbanner

പൗരാവകാശം ഹനിക്കുന്ന പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടി: മുഖ്യമന്ത്രി

fasila
പൗരാവകാശം ഹനിക്കുന്ന പോലിസുകാര്‍ക്കെതിരേ ശക്തമായ നടപടി: മുഖ്യമന്ത്രി

കണ്ണൂർ: പോലീസിലെ മഹാഭൂരിപക്ഷവും മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോഴും ചുരുക്കം ചിലരുടെ തെറ്റായ ചെയ്തികള്‍ സേനയുടെ മുഖത്ത് കരിവാരിത്തേക്കുന്ന അവസ്ഥയുണ്ടാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ക്കെതിരേ കൊലക്കുറ്റത്തിനു പോലും കേസെടുക്കേണ്ടി വരുന്ന സ്ഥിതിയാണ്. ജനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെട്ടു കൂടാ എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. പൗരാവകാശങ്ങള്‍ക്കു മേല്‍ കുതിരകയറാന്‍ ആരെയും അനുവദിക്കില്ല. അത്തരക്കാരെ കുറ്റവാളികളുടെ ഗണത്തില്‍പ്പെടുത്തി ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂര്‍ സിറ്റി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ പൊതുജനപങ്കാളിത്തത്തോടെ സ്ഥാപിച്ച 40 സിസിടിവി കാമറകള്‍, ജില്ലയിലെ പോലിസ് മൊബൈല്‍ പെട്രോളിംഗ് വാഹനങ്ങളില്‍ സ്ഥാപിച്ച സിസിടിവി കാമറകള്‍, ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കുള്ള ബോഡി കാമറകള്‍ എന്നിവ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
 
 
 
കേസന്വേഷണങ്ങളിലും കുറ്റകൃത്യങ്ങള്‍ തെളിയിക്കുന്നതിലും ആശ്ചര്യകരമായ മികവാണ് കേരള പോലിസ് പ്രകടിപ്പിക്കുന്നത്. പോലിസില്‍ മഹാഭൂരിപക്ഷവും ജനങ്ങളുമായി നല്ല രീതിയില്‍ ഇടപെടുന്നവരാണ്. ക്രമസമാധാന പാലനത്തിനൊപ്പം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കൂടി പോലിസുകാര്‍ പങ്കാളികളാവുന്ന നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയും. എന്നാല്‍ അവരില്‍ ഒന്നോ രണ്ടോ പേരുടെ തെറ്റായ ചെയ്തികളാണ് പലപ്പോഴും സമൂഹമധ്യേ എടുത്തുകാണിക്കപ്പെടുന്നത്. ശക്തമായ നടപടികളിലൂടെ പോലിസിന്റെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തെറ്റുകാരെ ഒരു കാരണവശാലും അംഗീകരിക്കുന്ന പ്രശ്‌നമില്ല. അതേസമയം നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്ന പോലിസുകാര്‍ക്ക് ആത്മധൈര്യത്തോടെ മുന്നോട്ടുപോവാമെന്നും അവര്‍ക്കുവേണ്ട എല്ലാ പിന്തുണയും സര്‍ക്കാറിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
 
ജില്ലയില്‍ ഉല്‍ഘാടനം ചെയ്യപ്പെട്ട ബോഡി കാമറകളുള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും കുറ്റവാളികളെ കണ്ടെത്തുന്നതിലും സേനയെ സഹായിക്കുന്നതോടൊപ്പം പോലിസിനെ നവീകരിക്കാന്‍ കൂടി ഉപകരിക്കുന്നതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പോലിസിന്റെ സംസാരവും ഇടപെടലുകളും കാമറയില്‍ റെക്കോര്‍ഡ് ചെയ്യപ്പെടും. മര്യാദ ശീലമില്ലാത്തവരെ മര്യാദ ശീലിപ്പിക്കാനും അവ ഉപകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ജനമൈത്രി പോലിസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ ജില്ലാ പോലിസ് മേധാവി ജി ശിവവിക്രം അധ്യക്ഷനായിരുന്നു. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍, കണ്ണൂര്‍ റേഞ്ച് ഐ.ജി ബര്‍റാം കുമാര്‍ ഉപാധ്യായ, ഡി.വൈ.എസ്.പി പി.പി സദാനന്ദന്‍, കൗണ്‍സിലര്‍ ടി ആശ, ടി.കെ രത്‌നകുമാര്‍, കെ രാജേഷ്, യു പുഷ്പരാജ്, മുഹമ്മദ് കുഞ്ഞി, സിയാല്‍ വീട്ടില്‍ ഫസല്‍, കെ.വി പ്രമോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Viral News

English summary
stronger action against policers: chief minister
topbanner

More News from this section

Subscribe by Email