Friday September 21st, 2018 - 5:39:pm
topbanner
Breaking News

ക്ലാസുകള്‍ നാല്, കുട്ടികള്‍ ഒമ്പത്, അദ്ധ്യാപകര്‍ പൂജ്യം. രക്ഷകനെ കാത്ത് കോള്‍ത്തുരുത്തി എ.എല്‍.പി സ്‌കൂള്‍

SNEHA
ക്ലാസുകള്‍ നാല്, കുട്ടികള്‍ ഒമ്പത്, അദ്ധ്യാപകര്‍ പൂജ്യം. രക്ഷകനെ കാത്ത് കോള്‍ത്തുരുത്തി എ.എല്‍.പി സ്‌കൂള്‍


തളിപ്പറമ്പ് : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ പൈലറ്റ് പദ്ധതികള്‍ പുരോഗമിക്കുന്ന തളിപ്പറമ്പ് നിയോജകമണ്ഡലത്തില്‍ സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ആന്തൂര്‍ നഗരസഭയില്‍ കോള്‍തുരുത്തി ദ്വീപിലെ നാലു ക്ലാസുകളിലായി ഒമ്പതു വിദ്യാര്‍ത്ഥികള്‍ മാത്രം പഠിക്കുന്ന കോള്‍ത്തുരുത്തി എ.എല്‍.പി സ്‌കൂളിനാണ് അടച്ചു പൂട്ടല്‍ ഭീഷണി.

കുട്ടികള്‍ കുറവാണെങ്കിലും പ്രവര്‍ത്തനങ്ങള്‍ സുഗമമായി പോയിരുന്ന സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് പരിക്കുപറ്റി അവധിയില്‍ പ്രവേശിച്ചിരുന്നു. ഇതോടെ സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായെങ്കിലും പ്രശ്‌നത്തില്‍ മയ്യില്‍ എ.ഇ.ഒ ഇടപെട്ട് ഡി.ഇ.ഒക്ക് റിപ്പോര്‍ട്ട് നല്‍കുകയും ഡി.ഇ.ഒ യുടെ നിര്‍ദ്ദേശാനുസരണം ഒരു അദ്ധ്യാപികയെ നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അധികം വൈകാതെ തന്നെ ഇവരെ പിന്‍വലിച്ച് പകരം ബി.ആര്‍.സി ട്രെയിനറായ സംസ്‌കൃതാദ്ധ്യാപകനെ പകരം നിയമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഈ അദ്ധ്യാപകനെയും തിരിച്ചുവിളിച്ചുകൊണ്ട് നിര്‍ദ്ദേശം വന്നതോടെ രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും സ്‌കൂള്‍ അടച്ചുപൂട്ടുമെന്ന ഭീതിയിലാണ്.

വൈദ്യുതി കണക്ഷന്‍ പോലും ഇല്ലാത്ത ചോര്‍ന്നൊലിക്കുന്ന സ്‌കൂള്‍കെട്ടിടവും തകര്‍ച്ചയുടെ വക്കിലാണ്. ഇത്രയും പ്രശ്‌നങ്ങള്‍ക്കിടയിലും പ്രതിസന്ധി പരിഹരിക്കുന്നതിനായി മാനേജ്‌മെന്റ് ഒരു ഇടപെടലും നടത്തുന്നില്ലെന്ന ആക്ഷേപവുമുണ്ട്. പരിക്കേറ്റ് ചികിത്സയിലുളള പ്രധാന അദ്ധ്യാപകന്‍ കരിവെളളൂര്‍ സ്വദേശിയായ എം.വി രാജീവന് പെട്ടന്ന് ജോലിയില്‍ പ്രവേശിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.

വിദ്യാര്‍ത്ഥികളെ കൊണ്ട് സമ്പന്നമായ ഗതകാല ചരിത്രമുളള കോള്‍ത്തുരുത്തി എ.എല്‍.പി സ്‌കൂളില്‍ ഒന്നുമുതല്‍ നാലുവരെ ക്ലാസുകളില്‍ യഥാക്രമം മൂന്നും, മൂന്നും, രണ്ടും, ഒന്നും വീതം കുട്ടികളാണുളളത്. നിലവില്‍ പിടിഎ നിയമിച്ച ശംമ്പളമില്ലാതെ ജോലി ചെയ്യുന്ന അദ്ധ്യാപികയാണ് കുട്ടികളെ സംരക്ഷിക്കുന്നത്. ദിവസ വേതനത്തില്‍ അദ്ധ്യാപികയെ നിയമിച്ച് സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണി ഒഴിവാക്കണമെന്നും സ്‌കൂള്‍ വിട്ടുനല്‍കിയാല്‍ സംരക്ഷിക്കാന്‍ തയ്യാറാണെന്നും നാട്ടുകാര്‍ പറഞ്ഞു. വിഷയം എം.എല്‍.എയുടെ ശ്രദ്ധയില്‍പ്പെടുത്തി കാഞ്ഞിരങ്ങാട് മോഡലിലുളള സംരക്ഷണം കോള്‍ത്തുരുത്തി എ.എല്‍.പി സ്‌കൂളിലും നടപ്പില്‍ വരുത്താനുളള ശ്രമത്തിലാണിവര്‍.

 

English summary
school taliparamba teachers clossing
topbanner

More News from this section

Subscribe by Email