Wednesday May 27th, 2020 - 8:50:pm

ഹര്‍ത്താല്‍ നിരോധനമല്ല, നിയന്ത്രണമാണ് ലക്ഷ്യം: രമേശ് ചെന്നിത്തല

NewsDesk
ഹര്‍ത്താല്‍ നിരോധനമല്ല, നിയന്ത്രണമാണ് ലക്ഷ്യം: രമേശ് ചെന്നിത്തല

കൊച്ചി: ഹര്‍ത്താല്‍ നിരോധനമല്ല നിയന്ത്രണമാണ് പുതിയ ഹര്‍ത്താല്‍ നിയന്ത്രണ ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ സംബന്ധിച്ച് എറണാകുളം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന നിയമസഭ സമിതി സിറ്റിംഗില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തും കോഴിക്കോടും നടന്ന സിറ്റിംഗിനു ശേഷം നടക്കുന്ന സമിതിയുടെ മൂന്നാമത്തെ സിറ്റിംഗാണ് കൊച്ചിയില്‍ നടന്നത്. ഹൈക്കോടതി വിധിയും ഹര്‍ത്താല്‍ മൂലം പൊതുസമൂഹത്തിനുണ്ടാകുന്ന ബുദ്ധിമുട്ടുകളും കണക്കിലെടുത്താണ് ഇത്തരമൊരു ബില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. ഹര്‍ത്താലുകള്‍ ആവശ്യമായി വരുന്ന സാഹചര്യങ്ങളുണ്ടാകാം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തൊഴിലാളി സംഘടനകളെ ഇതില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും മറ്റു പ്രാദേശിക പ്രശ്‌നങ്ങള്‍ക്കു വേണ്ടിയും സമരങ്ങള്‍ നടത്തുന്നത് നിരോധിക്കുകയോ നിഷേധിക്കുകയോ ചെയ്യില്ല. എന്നാല്‍ ചെറു സംഘടനകള്‍ പൊതുജന പിന്തുണയില്ലാതെ നടത്തുന്ന സമരങ്ങള്‍ പലപ്പോഴും ഹര്‍ത്താലുകളായി പരിണമിക്കാറുണ്ട്. അത്തരം അനഭലഷണീയമായ പ്രവണതകളെ നിയന്ത്രിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യം. ഹര്‍ത്താലുമായി ബന്ധപ്പെട്ട അക്രമങ്ങളും പൊതുമുതല്‍ നശീകരണവും തടയുക, ന്യായമായ കാര്യങ്ങള്‍ക്കു വേണ്ടി ഹര്‍ത്താല്‍ നടത്തുമ്പോള്‍ മൂന്നു ദിവസം മുന്‍പ് നോട്ടീസ് നല്‍കുക തുടങ്ങിയ വ്യവസ്ഥകളും ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെ അഭിപ്രായം മനസിലാക്കിയ ശേഷം ബില്ലുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് വിവിധ തൊഴിലാളി സംഘടന നേതാക്കളും സന്നദ്ധ സംഘടന പ്രവര്‍ത്തകരും വിദ്യാര്‍ഥികളും സമിതിക്കു മുന്നില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി. ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങളുയര്‍ന്നു. തൊഴിലാളി സംഘടന നേതാക്കളടക്കമുള്ളവര്‍ ഹര്‍ത്താല്‍ നിയന്ത്രിക്കുന്നതിലൂടെ ജനങ്ങളുടെ പ്രതികരണ ശേഷിയാണ് ഇല്ലാതാക്കുന്നതെന്ന് അഭിപ്രായപ്പെട്ടു.

പ്രതികരണ ശേഷിയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുകയാണ് ഓരോ പൊതു പ്രവര്‍ത്തകന്റെയും ഉത്തരവാദിത്വമെന്ന് തൊഴിലാളി സംഘടന പ്രവര്‍ത്തകന്‍ കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെട്ടു. പിഡിപിപി, യുഎപിഎ തുടങ്ങിയ നിയമങ്ങളുള്ളപ്പോള്‍ ഹര്‍ത്താലിനു മാത്രമായി മറ്റൊരു നിയമം അശാസ്ത്രീയമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികരണ ശേഷിയില്ലാത്ത ബ്രോയിലര്‍ കോഴികളായി സമൂഹത്തെ മാറ്റരുതെന്ന് സിഐടിയു ജില്ല സെക്രട്ടറി കെ.എം. ഗോപിനാഥ് പറഞ്ഞു. ഉറവിടത്തില്‍ തന്നെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതെ പ്രതിഷേധത്തെ തടയുന്നതുകൊണ്ട് കാര്യമില്ലെന്നും ബില്ലുമായി ബന്ധപ്പെട്ട് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാനുള്ള സമയം ഫെബ്രുവരി അഞ്ചില്‍ നിന്ന് ഒരു മാസമായി നീട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സേ നോ ടു ഹര്‍ത്താല്‍ പ്രതിനിധി രാജു പി നായര്‍ ഹര്‍ത്താല്‍ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണയ്ക്കുന്നുവെന്ന് അറിയിച്ചു. പൊതുമുതല്‍ നശീകരണത്തിനെതിരേയുള്ള നിയമങ്ങള്‍ സ്വകാര്യ സ്വത്തുക്കളുടെ കാര്യത്തിലും ബാധകമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ ഏറ്റവുമധികം ബാധിക്കുന്നത് വിനോദ സഞ്ചാര മേഖലയെയാണെന്നും അതിനാല്‍ ഹര്‍ത്താലില്‍ നിന്ന് വിനോദസഞ്ചാര മേഖലയെ ഒഴിവാക്കണമെന്ന നിര്‍ദേശമാണ് കേരള ട്രാവല്‍ മാര്‍ട്ട് പ്രതിനിധി സ്വാമിനാഥന്‍ സമിതിക്കു മുന്നില്‍ സമര്‍പ്പിച്ചത്. ട്രാവല്‍ മാര്‍ട്ടില്‍ നിന്നുള്ള ഗോപിനാഥന്‍, ട്രാവല്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ അംഗം സിപി അജി കുമാര്‍ തുടങ്ങിയവരും ഹര്‍ത്താലിനെ അനുകൂലിച്ചു.

സമിതി അംഗങ്ങള്‍ എംഎല്‍എമാരായ വി.ഡി. സതീശന്‍, ഹൈബി ഈഡന്‍, ബെന്നി ബെഹനാന്‍, ടി.യു. കുരുവിള, എ.കെ. ബാലന്‍, കെ. മുരളീധരന്‍, സുരേഷ് കുറുപ്പ് എന്നിവരും വി.ജെ. പൗലോസ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ മുത്തലിബ്, സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശ്, ആലുവ റൂറല്‍ എസ്പി യതീഷ് ചന്ദ്ര തുടങ്ങിയവരും പങ്കെടുത്തു.

English summary
harthan ban ramesh chennithala, harthal control in kerala
topbanner

More News from this section

Subscribe by Email