Tuesday December 11th, 2018 - 2:42:pm
topbanner

പൊതുമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് മലബാർ സിമന്റ്സ് ഉപയോഗിക്കാൻ ശുപാർശ ചെയ്യും: നിയമസഭാ സമിതി

Neethu
പൊതുമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് മലബാർ സിമന്റ്സ് ഉപയോഗിക്കാൻ ശുപാർശ ചെയ്യും: നിയമസഭാ സമിതി

പാലക്കാട്: സർക്കാർ ഏജൻസികളും വകുപ്പുകളും നേരിട്ട് നടത്തുന്ന പൊതുമേഖലയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് മലബാർ സിമന്റ്സ് ഉപയോഗിക്കാൻ സർക്കാറിനോട് ശുപാർശ ചെയ്യാൻ നിയമസഭാ സമിതി യോഗം തീരുമാനിച്ചു. പൊതുമേഖലാ സഥാപനങ്ങളെ സംബന്ധിച്ചുള്ള കേരള നിയമസഭാ സമിതി വാളയാർ മലബാർ സിമന്റ്സിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

സംസ്ഥാനത്തെ നിർമാണ പ്രവർത്തനങ്ങൾക്കാവശ്യമായ സിമന്റിന്റെ എട്ട് ശതമാനം മാത്രമാണ് നിലവിൽ മലബാർ സിമന്റസിൽ ഉത്പ്പാദിപ്പിക്കുന്നത്. മുൻവർഷങ്ങളിലെ പ്രതാപം തിരിച്ചുപിടിക്കാൻ വിപണിയിൽ ശക്തമായി ഇടപെടേണ്ടതുണ്ട്. പി.ഡബ്ൾയു.ഡി., തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ ഏജൻസികൾ നേരിട്ട് നടത്തുന്ന നിർമാണങ്ങൾക്ക് മലബാർ സിമന്റ്സ് നിർബന്ധമാക്കിയാൽ ഉത്പ്പാദനം വർധിപ്പിച്ച് ലാഭം വർധിപ്പിക്കാമെന്ന് നിയമസഭാ സമിതി അധ്യക്ഷൻ സി. ദിവാകരൻ എം.എൽ.എ. പറഞ്ഞു.

മലബാർ സിമന്റസിന്റെ നാനൂറിലധികം വരുന്ന ഏജൻസികളിൽ പലരും സ്വകാര്യ സിമന്റ് കമ്പനികളെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഇത്തരം ഏജൻസികളെ ഒഴിവാക്കാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. വലിയതോതിലുള്ള ഉത്പാദനത്തിനാവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും നിലവിൽ പ്ലാന്റിൽ ഉണ്ട്. കാര്യക്ഷമതയുള്ള നിർമാണ തൊഴിലാളികളാണ് പ്ലാന്റിലുള്ളത്. ഇവരുടെ ശേഷി പൂർണ്ണമായും ഉപയോഗപ്പെടുത്താൻ മാനെജ്മെന്റ് ശ്രദ്ധിക്കണം. സംസ്ഥാനത്തിനുതന്നെ അഭിമാനമായ മലബാർ സിമന്റസിനെതിരെ തെറ്റായ പ്രചാരണം നടത്തുന്ന ലോബി പ്രവർത്തിക്കുന്നുണ്ട്. മലബാർ സിമന്റസിനെ വിപണിയിലെ മികച്ച ബ്രാൻഡാക്കി മാറ്റുന്നതിന് വേണ്ടതെല്ലാം ചെയ്യുമെന്നും നിയമസഭാ സമിതി ചെയർമാൻ പറഞ്ഞു.

എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ഉണ്ണി, റ്റി.എ. അഹമ്മദ് കബീർ എന്നിവരുൾപ്പെട്ട നിയമസഭാ സമിതി തൊഴിലാളി സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ തൊഴിലാളികളുടെ ആവശ്യങ്ങൾ സർക്കറിനോട് ശുപാർശചെയ്യുമെന്ന് ഉറപ്പ് നൽകി. സിമന്റ് ഉത്പ്പാദനത്തിനാവശ്യമായ ചുണ്ണാമ്പുകല്ല് ഖനനം ചെയ്യുന്ന പണ്ടാരത്തിൽ ഖനിയും സമിതി സന്ദർശിച്ചു.

തൊഴിലാളി-ഉദ്യോഗസ്ഥ അനുപാതം പുനഃക്രമീകരിക്കും. മാർക്കറ്റിങ് ശക്തിപ്പെടുത്താൻ പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കും. മുൻവർഷങ്ങളിലെ 38 കോടിയോളം വരുന്ന ലാഭവിഹിതം ഗ്രീൻഫീൽഡ് പദ്ധതിയിൽ മറ്റ് സർക്കാർ സ്ഥാപനങ്ങൾക്ക് നൽകിയത് തിരിച്ചുപിടിക്കാൻ നടപടികൾ സ്വീകരിക്കും. മറ്റ് ജില്ലകളെ അപേക്ഷിച്ച് പാലക്കാട് ജില്ലയിൽ മലബാർ സിമന്റസിന് വിലവർദ്ധനവുണ്ടെന്ന ആരോപണം പരിശോധിക്കും. ഉദ്യോഗസ്ഥ കൃത്യവിലോപം നടത്തിയെന്ന സെൻട്രൽ ഒാഡിറ്റ് റിപ്പോർട്ടിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷിക്കും. പ്ലാന്റിന്റെ ആധുനികവത്ക്കരണം സർക്കാർ ശ്രദ്ധയിൽപെടുത്തും. അസംസ്കൃത വസ്തുക്കൾ സംസ്ഥാനത്തുതന്നെ ലഭിക്കുമോയെന്ന് പരിശോധിക്കും. സംസ്ഥാനത്തിന്റെ തെക്കും വടക്കും പുതിയ ഗൈ്രൻഡിങ് യൂനിറ്റെന്ന ആവശ്യം പരിശോധിക്കും. മലബാർ സിമന്റസിന്റെ സാമ്പത്തിക ഇടപാടുകൾ സുതാര്യമാണെന്ന് ഉറപ്പാക്കും. തുടങ്ങിയവയാണ് യോഗത്തിലെ മറ്റ് തീരുമാനങ്ങൾ

 

Read more topics: palakkad, malabar simant, sagest
English summary
sagest of malabar simant
topbanner

More News from this section

Subscribe by Email