Monday August 26th, 2019 - 8:56:am
topbanner
topbanner

ശബരിമല: കന്നിമാസ പൂജയ്ക്ക് താത്ക്കാലിക ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

bincy
ശബരിമല: കന്നിമാസ പൂജയ്ക്ക് താത്ക്കാലിക ക്രമീകരണങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ നിര്‍ദേശം

പത്തനംതിട്ട : കന്നിമാസ പൂജയ്ക്കായി ശബരിമല നട 16ന് തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലും നിലയ്ക്കലും ആവശ്യമായ എല്ലാ താത്ക്കാലിക സംവിധാനങ്ങളും പൂര്‍ത്തിയാക്കാന്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. കന്നിമാസ പൂജകള്‍ക്ക് ഏര്‍പ്പെടുത്തേണ്ട താത്ക്കാലിക സംവിധാനങ്ങളും ശബരിമല സീസണില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളും ചര്‍ച്ച ചെയ്യുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തില്‍ വൈദ്യുതിവിതരണം തടസപ്പെട്ട പമ്പയില്‍ താത്ക്കാലികമായി വൈദ്യുതി പുനസ്ഥാപിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം വാട്ടര്‍ അതോറിറ്റിയുടെ പമ്പിംഗ് ആരംഭിക്കുവാന്‍ കഴിയും. ഇതോടെ പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള കിയോസ്‌കുകളില്‍ കുടിവെള്ളം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു. പമ്പയിലെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റ കണ്‍സള്‍ട്ടന്‍സിയാണ് ഇപ്പോള്‍ ഏറ്റെടുത്ത് നടത്തിവരുന്നത്. ഇവരുമായി എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തിക്കുവാന്‍ ശ്രദ്ധിക്കണം. സീസണിന് മുമ്പ് എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാകുന്നതിന് വിദഗ്ദ്ധ ഏജന്‍സിയുടെയും വകുപ്പുകളുടെയും ഏകോപനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

പമ്പയിലെ അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറായിട്ടുള്ള സാഹചര്യത്തില്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പായി പ്രവര്‍ത്തിപ്പിച്ചായിരിക്കും തീര്‍ഥാടനം നടത്തുക. ശബരിമല സീസണിലേതുപോലെ നിലയ്ക്കലില്‍ കുടിവെള്ള വിതരണം കാര്യക്ഷമമാക്കുന്നതിനായി കൂടുതല്‍ ആര്‍ഒ പ്ലാന്റുകള്‍ രണ്ട് ദിവസത്തിനുള്ളില്‍ സ്ഥാപിക്കുവാന്‍ മന്ത്രി വാട്ടര്‍ അതോറിറ്റിക്ക് നിര്‍ദേശം നല്‍കി. കഴിഞ്ഞ മാസപൂജയ്ക്ക് തീര്‍ഥാടകര്‍ക്ക് എത്തിച്ചേരുവാന്‍ കഴിയാതിരുന്ന സാഹചര്യത്തില്‍ ഇത്തവണ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുവാന്‍ സാധ്യതയുള്ളതിനാല്‍ പോലീസും മറ്റ് വകുപ്പുകളും കൂടുതല്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.

പമ്പ ഗതിമാറി ഒഴുകുന്ന സാഹചര്യത്തില്‍ തീര്‍ഥാടകര്‍ക്ക് സുരക്ഷിതമായി നദിയിലിറങ്ങി കുളിക്കുന്നതിനുള്ള താത്ക്കാലിക സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇതിന് ദേവസ്വംബോര്‍ഡും പോലീസും ചേര്‍ന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. പ്രളയത്തില്‍ പമ്പയിലും പരിസര പ്രദേശങ്ങളിലും വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തീര്‍ഥാടകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുമെന്നും അടിസ്ഥാനസൗകര്യങ്ങള്‍ താത്ക്കാലികമായി ഒരുക്കുന്നതിനുമാണ് കന്നിമാസ പൂജകളുമായി ബന്ധപ്പെട്ട് മുന്‍ഗണന നല്‍കുന്നതെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു.

എല്ലാ തീര്‍ഥാടക വാഹനങ്ങളും നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്ത ശേഷം തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ബസുകളില്‍ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ എത്തിക്കും. ഹില്‍ടോപ്പില്‍ റോഡ് ഇടിഞ്ഞുതാണിട്ടുള്ള സാഹചര്യത്തില്‍ ത്രിവേണിയിലെത്തി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് തിരിയുന്നതിന് ബുദ്ധിമുട്ടായതിനാല്‍ പമ്പ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വരെ മാത്രമേ വാഹനങ്ങള്‍ അനുവദിക്കൂ. ത്രിവേണിയിലും ചക്കുപാലത്തും പാര്‍ക്കിംഗ് നടത്തുവാന്‍ കഴിയില്ല. പമ്പയില്‍ വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവുന്ന അവസ്ഥയല്ലാത്തതിനാല്‍ തീര്‍ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ നിലയ്ക്കലില്‍ ഏര്‍പ്പെടുത്തും. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പാതകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വലിയ നാശനഷ്ടം ഉണ്ടായിട്ടില്ല.

താത്ക്കാലിക വൈദ്യുതി വിതരണ സംവിധാനങ്ങള്‍ പമ്പയില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്റെ പമ്പയിലെ ആശുപത്രിയുടെ താഴത്തെ നില മുക്കാല്‍ ഭാഗവും മണ്ണ് മൂടിയിട്ടുള്ള സാഹചര്യത്തില്‍ ഒപി സംവിധാനങ്ങള്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആശുപത്രിയിലെ ട്രാന്‍സ്‌ഫോര്‍മറുകളും ഉപകരണങ്ങളും ഉള്‍പ്പെടെ ഒന്നാം നിലയിലുണ്ടായിരുന്ന എല്ലാ മണ്ണിനടിയിലായതിനാല്‍ അത്യാവശ്യ സംവിധാനങ്ങളൊരുക്കിയായിരിക്കും ആശുപത്രി പ്രവര്‍ത്തിപ്പിക്കുക.

കന്നിമാസപൂജയ്ക്ക് ആശുപത്രി പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ താത്ക്കാലിക വൈദ്യുതി കണക്ഷന്‍ ഉടന്‍ നല്‍കാന്‍ ജില്ലാ കളക്ടര്‍ വൈദ്യുതി ബോര്‍ഡിന് നിര്‍ദേശം നല്‍കി. ആശുപത്രിയിലെ ജീവനക്കാര്‍ക്ക് ഉപയോഗിക്കുന്നതിന് താത്ക്കാലിക ടോയ്‌ലറ്റ് സംവിധാനങ്ങള്‍ ഒരുക്കുകയോ അല്ലാത്തപക്ഷം ഇവര്‍ക്ക് താമസിക്കുന്നതിന് ബദല്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്ന് ദേവസ്വംബോര്‍ഡ് അറിയിച്ചു.
കന്നിമാസപൂജയ്ക്ക് ചെയിന്‍സര്‍വീസിനായി കെഎസ്ആര്‍ടിസി 60 ബസുകള്‍ എത്തിക്കും. ഇവ നിലയ്ക്കല്‍-പമ്പ റൂട്ടില്‍ 15 മുതല്‍ 20 മിനിട്ട് വരെ ഇടവിട്ട് സര്‍വീസ് നടത്തും. ചെയിന്‍ സര്‍വീസുകള്‍ക്ക് പുറമേ മറ്റ് ഡിപ്പോകളില്‍ നിന്നുമെത്തുന്ന കെഎസ്ആര്‍ടിസി ബസുകളും ഉണ്ടാകും. പമ്പയില്‍ നിലവില്‍ ലഭ്യമായ പരിമിതമായ സാഹചര്യങ്ങളില്‍ തീര്‍ഥാടകര്‍ക്ക് പരമാവധി സുരക്ഷ ഉറപ്പാക്കി തീര്‍ഥാടനം പൂര്‍ത്തിയാക്കുന്നതിനായിരിക്കും പ്രാധാന്യം നല്‍കുകയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി ടി.നാരായണന്‍, എഡിഎം പി.റ്റി.എബ്രഹാം, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍, അയ്യപ്പസേവാസംഘം ദേശീയ ജനറല്‍ സെക്രട്ടറി വേലായുധന്‍ നായര്‍, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Temporary arrangements for Kannimasam puja to be completed soon Advisory to the Minister of Water Resources
topbanner

More News from this section

Subscribe by Email