topbanner
Monday December 11th, 2017 - 7:49:am
topbanner
topbanner

റബർ ഉത്തേജകപദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത് കർഷകദ്രോഹം: ഇൻഫാം

Neethu
റബർ ഉത്തേജകപദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്നത് കർഷകദ്രോഹം: ഇൻഫാം

കോട്ടയം: റബറിന്റെ വിലത്തകർച്ചയിൽ ചെറുകിട കർഷകർക്ക് ഏക ആശ്വാസമായ സംസ്ഥാന സർക്കാരിന്റെ റബർ ഉത്തേജകപദ്ധതി പ്രവർത്തനരഹിതമാക്കി അട്ടിമറിക്കാൻ ശ്രമിക്കുന്നത് കർഷകദ്രോഹമാണെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയാർ അഡ്വ.വി.സി.സെബാസ്റ്റ്യൻ പറഞ്ഞു.

മുഖ്യമന്ത്രിയും ധനമന്ത്രിയും റബർ ഉത്തേജകപദ്ധതി മുടക്കമില്ലാതെ തുടരുമെന്ന് ആവർത്തിച്ചുപറയുമ്പോഴും കഴിഞ്ഞ ഏഴ് മാസക്കാലമായി കർഷകർക്ക് ഇൗ പദ്ധതിയിലൂടെ സബ്സിഡി തുക യാതൊന്നും ലഭിച്ചിട്ടില്ല. റബർ ഉത്തേജകപദ്ധതിയുടെ മൂന്നാം ഘട്ടമാണിപ്പോൾ. ആദ്യഘട്ടത്തിൽ കഴിഞ്ഞ സർക്കാർ 300 കോടിയും ഇൗ സർക്കാർ രണ്ടാംഘട്ടത്തിൽ 500 കോടിയും കഴിഞ്ഞ ബജറ്റിൽ 500 കോടിയും അനുവദിച്ചതുൾപ്പെടെ 1300 കോടിയാണ് ഇതിനോടകം പദ്ധതിയിൽ വകയിരുത്തിയത്. 4.4 ലക്ഷം കർഷകർ രജിസ്റ്റർ ചെയ്തെങ്കിലും 3.44 ലക്ഷം കർഷകർ മാത്രമാണ് പദ്ധതിയിൽ പരിഗണിക്കപ്പെട്ടിട്ടുള്ളത്. 2017 ജൂൺ വരെ 28 ലക്ഷത്തോളം ബില്ലുകളിലൂടെ, വിപണിവിലയും സർക്കാർ പ്രഖ്യാപിച്ച അടിസ്ഥാനവിലയായ 150 രൂപയും തമ്മിലുള്ള വ്യത്യാസം കർഷകരുടെ ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തിച്ചേർന്നിട്ടുണ്ട്. എന്നാൽ ജൂൺമാസം മുതലുള്ള ബില്ലുകൾ ലിസ്റ്റുപോലും ചെയ്യപ്പെട്ടിട്ടില്ല. രണ്ടു ഘട്ടങ്ങളിലായി 776.24 കോടി രൂപയാണ് വിതരണം ചെയ്തിട്ടുള്ളതായി കണക്കുകൾ വ്യക്തമാക്കുന്നത്. രണ്ടാംഘട്ടത്തിന്റെ ബാക്കിയായ 23.76 കോടി രൂപ ഇതുവരെയും കർഷകർക്ക് ലഭിച്ചിട്ടില്ല.

റബർ പ്രതിസന്ധി രൂക്ഷമായിട്ട് നാളുകളേറെയായെങ്കിലും ഇപ്പോഴും ചർച്ചകളും പ്രഹസനങ്ങളുമായി കർഷകരെ വിഢികളാക്കുകയാണ് കേന്ദ്രസർക്കാർ. റബർബോർഡാകട്ടെ നാഥനില്ലാക്കളരിയായി മാറിയിരിക്കുന്നു. പാർട്ട് ടൈം ചെയർമാൻ ഇതുവരെയും റബർ ബോർഡ് ആസ്ഥാനത്ത് എത്തിച്ചേരാത്തത് കേന്ദ്രസർക്കാരിന്റെ റബർ മേഖലയോടുള്ള നിഷേധനിലപാടും അവഗണനയുമാണ് വ്യക്തമാക്കുന്നത്. റബറിനെ കാർഷിക ഉല്പന്നമായി പ്രഖ്യാപിക്കണമെങ്കിൽ ലോകവ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനത്തിൽ വിഷയങ്ങൾ അവതരിപ്പിച്ച് അംഗരാജ്യങ്ങളുടെ അംഗീകാരം ലഭിക്കണം. എന്നാൽ ഡിസംബർ 10ന് അർജന്റീനയിൽ ആരംഭിക്കുന്ന ഡബ്ലിയുടിഒ മന്ത്രിതല സമ്മേളനത്തിന്റെ നിലവിലുള്ള അജണ്ടകളിലൊന്നും ഇക്കാര്യം ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം വിവിധ ഉല്പന്നങ്ങളുടെ ഇറക്കുമതിച്ചുങ്കങ്ങൾ വെട്ടിക്കുറയ്ക്കണമെന്നുള്ള നിലപാട് അംഗീകരിക്കപ്പെടുവാനും സാധ്യതയേറുന്നത് കർഷകരെ ആശങ്കപ്പെടുത്തുന്നുവെന്നും വി.സി.സെബാസ്റ്റൻ പറഞ്ഞു.

 

Read more topics: kottayam, infam, rubber
English summary
rubber promote mission infam
topbanner topbanner

More News from this section

Subscribe by Email