കണ്ണൂർ: വയോധികയുടെ 5 പവന്റെ മാല കബളിപ്പിച്ച് തട്ടിയെടുത്തു. തൃക്കരിപ്പൂര്‍ തങ്കയം മുക്ക് സ്വദേശിനിയും റിട്ട. അധ്യാപകയുമായ എം. ലീലക്കുട്ടി (65) ക്കാണ് മാല നഷ്ട്ടമായത്.
കഴിഞ്ഞ ദിവസം ഉച്ചയോടെ പയ്യന്നൂര്‍ സൗത്ത് ബസറില്‍ ലീലക്കുട്ടിയും മകള്‍ നവ്യയും നടന്ന് പോകുമ്പോഴാണ് പരിചയഭവം നടിച്ച് യുവാവ് അടുത്തെത്തിയത്. പേര് വിളിച്ച് സംസാരിക്കുകയും സുഖാന്വേഷണം നടത്തുകയും ചെയ്ത യുവാവ് തനിക്ക് അത്യാവശ്യമായി അന്‍പതിനായിരം രൂപ ആവശ്യമുണ്ടെന്നും എന്നാല്‍ കയ്യില്‍ പത്തായിരം
രൂപ മാത്രമാണുള്ളതെന്നും പറഞ്ഞു. അത്രയും വലിയ തുക എന്റെ കയ്യില്‍ ഇല്ലെന്ന് പറഞ്ഞലീലക്കുട്ടിയോട് കഴുത്തിലെ മാല ഊരി പണയം വെച്ച് പണം തന്നാല്‍ വൈകുന്നേരത്തിനുള്ളില്‍ മാലയെടുത്ത് തരാമെന്നും പറഞ്ഞ് കയ്യിലുള്ള പതിനായിരം രൂപ ലീലക്കുട്ടിയുടെ കൈയ്യില്‍ കൊടുക്കുകയും ചെയ്തു. ഇവർ ഉടനെ മാല ഊരി നല്‍കുകയും യുവാവ് പയ്യന്നൂര്‍ സഹകരണാശുപത്രിയുടെ പ്രധാന കവാടത്തിലൂടെ അകത്തേക്ക് കയറി പോവുകയും ചെയ്തു.
കുറച്ച് നേരം കഴിഞ്ഞ് സംശയം തോന്നിയ ടീച്ചറും മകളും ആശുപത്രിയിലെത്തി അധികൃതരോട് കാര്യങ്ങള്‍ പറഞ്ഞു. ആശുപത്രിയിലെ സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ യുവാവ് നടന്ന് വരുന്നത് കണ്ടെത്തി. സി.സി.ടി.വി ദൃശ്യം സഹിതം പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ലീലക്കുട്ടിയും മകളും പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്റിന് സമീപത്തെ ഇന്റര്‍നെറ്റ് കഫെയില്‍ പോയപ്പോഴാണ്അ വിടെയെത്തിയ യുവാവ് തന്ത്രപരമായി ടീച്ചറുടെ വിശദവിവരങ്ങള്‍ മനസ്സിലാക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തത്. പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ഏഴാം തീയ്യതി പയ്യന്നൂര്‍ കോര്‍ട്ട് റോട്ടില് വെച്ച് റിട്ട.അധ്യാപകനായ പി.പത്മനാഭന് നായര്‍(89)ടെ പതിനായിരം രൂപയും ഇതേ യുവാവ് തട്ടിയെടുത്തിരുന്നു. സര്‍വ്വീസില്‍ നിന്നും വിരമിച്ചവര്‍ക്ക് സര്‍ക്കാറില്‍ നിന്നും ഇരുപത്തിയയ്യായിരം രൂപ ലഭിക്കുന്ന പദ്ധതിയുണ്ടെന്നും പത്തായിരം രൂപ ഇതിനായി ചെലവ് വരും, കൂടാതെ 50 രൂപ മുദ്രപ്പത്രം വാങ്ങി ട്രഷറിയില്‍ കൊടുക്കണമെന്നും പറഞ്ഞാണ് റിട്ട.അധ്യാപകനില്‍ നിന്നും ഇയാള്‍ പണം തട്ടിയെടുത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പയ്യന്നൂരിലും തളിപ്പറമ്പിലും സമാനമായരീതിയിലുള്ള തട്ടിപ്പ് നടത്തിയ യുവാവ് തന്നെയാണ് ഇയാളെന്നു പോലീസിന് മനസിലായിട്ടുണ്ട്.