Tuesday September 25th, 2018 - 3:24:am
topbanner

പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി 23ന് മുഖ്യമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും

NewsDesk
പെരുന്തേനരുവി ചെറുകിട ജലവൈദ്യുത പദ്ധതി 23ന്  മുഖ്യമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിക്കും

പത്തനംതിട്ട: പെരുന്തേനരുവി ചെറുകിട ജല വൈദ്യുത പദ്ധതി 23ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഇതിനൊപ്പം പെരുന്തേനരുവി ഡാം ടോപ് ബ്രിഡ്ജിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. റാന്നി താലൂക്കില്‍ നാറാണംമൂഴി-വെച്ചൂച്ചിറ പഞ്ചായത്തുകളിലായി പമ്പാ നദിയില്‍ പെരുന്തേനരുവി വെള്ളച്ചാട്ടത്തിനു സമീപമാണ് ചെറുകിട ജലവൈദ്യുത പദ്ധതി നിര്‍മിച്ചിരിക്കുന്നത്.

ആറ് മെഗാവാട്ട് സ്ഥാപിത ശേഷിയും 25.77 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ഉത്പാദനവുമുള്ള പെരുന്തേനരുവി പവര്‍‌സ്റ്റേഷനില്‍ നിന്നുള്ള വൈദ്യുതി റാന്നി 110 കെവി സബ് സ്റ്റേഷന്‍ വഴിയും റാന്നി-പെരുനാട് 33 കെവി സബ് സ്റ്റേഷന്‍ വഴിയും പ്രസരണം ചെയ്യും. പമ്പാ നദിയില്‍ നിര്‍മിച്ച ആദ്യത്തെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് പെരുന്തേനരുവിയിലേത്. നാറാണംമൂഴി, വെച്ചൂച്ചിറ മേഖലകളിലേക്കായി പ്രാദേശിക വൈദ്യുതി വിതരണം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഇത് പൂര്‍ത്തിയാകുന്നതോടെ ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ഈ മേഖലയില്‍ വിതരണം ചെയ്യാന്‍ സാധിക്കും.

നിരവധി തൊഴിലവസരങ്ങളും മേഖലയുടെ സുസ്ഥിര വികസനവും പെരുന്തേനരുവി പദ്ധതിയിലൂടെ സാധ്യമായിട്ടുണ്ട്. ഇരുകരകളേയും ബന്ധിപ്പിച്ച് നിര്‍മിച്ചിരിക്കുന്ന ഡാം ടോപ്പ് ബ്രിഡ്ജും 700 മീറ്ററോളം നീളമുള്ള അപ്രോച്ച് റോഡും കടത്തു വഞ്ചിയെ മാത്രം ആശ്രയിച്ചിരുന്ന നാട്ടുകാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനകരമാണ്. പദ്ധതിയുടെ റിസര്‍വോയറില്‍നിന്നും ജല അതോറിറ്റിയുടെ രണ്ട് കുടിവെള്ള പദ്ധതികളിലേക്കും ആവശ്യമായ ജലം ലഭ്യമാക്കുന്നുണ്ട്. പെരുന്തേനരുവി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത കാത്തുസൂക്ഷിച്ചാണ് പദ്ധതി നിര്‍മിച്ചിട്ടുള്ളത്. വിഭാവനം ചെയ്തു വരുന്ന 450 കിലോവാട്ട് സ്ഥാപിതശേഷിയുള്ള സൗരോര്‍ജ നിലയം, ഹൈഡല്‍ ടൂറിസം പദ്ധതി, പെരുന്തേനരുവി രണ്ടാംഘട്ടം എന്നിവ മേഖലയുടെ വികസനത്തിന് കുതിപ്പേകും. വിനോദസഞ്ചാരം, വൈദ്യുതോത്പാദനം തുടങ്ങിയ പദ്ധതികളിലൂടെ പെരുന്തേനരുവിയുടെ വികസനത്തിന് നേതൃത്വം നല്‍കുന്നത് രാജു ഏബ്രഹാം എംഎല്‍എയാണ്.

പെരുന്തേനരുവി പവര്‍ഹൗസ് പരിസരത്ത് നടക്കുന്ന സമ്മേളനത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി, രാജു ഏബ്രഹാം എംഎല്‍എ എന്നിവര്‍ മുഖ്യാതിഥികളാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ, കെഎസ്ഇബി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.കെ. ഇളങ്കോവന്‍, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോഹന്‍രാജ് ജേക്കബ്, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സ്‌കറിയ, ജില്ലാ പഞ്ചായത്തംഗം പി.വി. വര്‍ഗീസ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനു ഏബ്രഹാം, ബിബിന്‍ മാത്യു, വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് അംഗം ഏബ്രഹാം വി. മാത്യു, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി. ഉദയഭാനു, ബാബു ജോര്‍ജ്, എ.പി. ജയന്‍, ടി.എം. ഹമീദ്, വിക്ടര്‍ ടി. തോമസ്, അശോകന്‍ കുളനട, ബിനു തെള്ളിയില്‍, അലക്‌സ് കണ്ണമല, അഡ്വ. മണ്ണടി അനില്‍, ബഹനാന്‍ ജോസഫ്, സനോജ് മേമന, എം.ജെ. രാജു, സജു അലക്‌സാണ്ടര്‍, ജി. കൃഷ്ണകുമാര്‍, രാജു നെടുവംപുറം, കെഎസ്ഇബി ഡയറക്ടര്‍മാരായ എസ്. രാജീവ്, ഡോ. വി. ശിവദാസന്‍, എന്‍. വേണുഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

Read more topics: pathanamthitta, perunthenaruvi,
English summary
perunthenaruvi small hydro electric project inauguration
topbanner

More News from this section

Subscribe by Email