ആലപ്പുഴ: സംസ്ഥാനത്ത് തന്നെ അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ഫലമണിയുന്ന പെരുംജീരകം തീരദേശമണലിൽ വിളഞ്ഞത് നാട്ടുകാർക്കും വീട്ടുകാർക്കും കൗതുകമായി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 12-ാം വാർഡിൽ പൂങ്കാവ് പറത്തറ വലിയവീട് സിബിച്ചൻ ജോസഫിന്റെ വീട്ടിലാണ് വീട്ടുകാർ പോലും അറിയാതെ പെരുംജീരകം വളർന്നതും വിളഞ്ഞതും.
വീടിനോട് ചേർന്നുള്ള പുരയിടത്തിൽ പച്ചക്കറികൃഷി നടത്തുന്നുണ്ട്. വെണ്ടയ്ക്ക, ചീര, കപ്പ എന്നിവയ്ക്കിടയിലാണ് ജീരകവും പാകമായി നിൽക്കുന്നത്. നട്ടുവളർത്താതെ തന്നെ, വളർന്നു വന്നയിനമേതെന്നറിയാതെ വീട്ടുകാർ വളമിടുകയും പരിപാലിക്കുകയും ചെയ്തു.
പിന്നീടാണ് നാലടിയോളം ഉയരത്തിൽ മഞ്ഞപ്പൂക്കളോടുക്കൂടി വിളഞ്ഞു നിൽക്കുന്നത് പെരും ജീരകച്ചെടികളാണെന്ന് വ്യക്തമായത്. വിദേശത്ത് ജോലി ചെയ്യുകയാണ് സിബിച്ചൻ. ഭാര്യ ബ്രൈറ്റിയാണ് കൃഷിയും മറ്റും നോക്കുന്നത്. ജീരകം കൃഷിചെയ്യാൻ മിതമായ കാലാവസ്ഥയാണ് അനുയോജ്യം.
സാധാരണ അധികം ചൂടുള്ള കാലാവസ്ഥ ജീരകച്ചെടികൾ താങ്ങില്ല. എന്നാൽ വിപരീത സാഹചര്യത്തിലും തീരദേശ മണ്ണിൽ ജീരകം ഫലമണിഞ്ഞതാണ് ഇപ്പോൾ കൗതുകമായിരിക്കുന്നത്. ഇന്ത്യയിൽ കേരളം, ബംഗാൾ, ആസാം എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും ജീരകം കൃഷി ചെയ്യുന്നുണ്ട്.
മിതമായ കാലാവസ്ഥയുള്ളയിടങ്ങളിൽ ജല സേചനം നടത്തിയും കൃഷി ചെയ്യാവുന്ന ഒരു വിളയാണിത്. കൃഷിയിടത്തിലെ കൗതുകക്കാഴ്ച കാണാൻ നിരവധിപ്പേർ എത്തുന്നുണ്ട്.