Wednesday November 14th, 2018 - 6:58:pm
topbanner

കണ്‍സഷന്‍ കാര്‍ഡില്ലാതെ വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് ഒന്ന് വരെ യാത്ര ചെയ്യാം

Aswani
കണ്‍സഷന്‍ കാര്‍ഡില്ലാതെ വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് ഒന്ന് വരെ യാത്ര ചെയ്യാം

പത്തനംതിട്ട: സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി നല്‍കുന്ന കാര്‍ഡ് ഇല്ലാതെ ജില്ലയിലെ എല്ലാ വിദ്യാര്‍ഥികള്‍ക്കും ആഗസ്റ്റ് ഒന്ന് വരെ സ്വകാര്യ ബസുകളില്‍ കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യാം. ജില്ലാ കളക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.

പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളെ സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ കണ്‍സഷന്‍ കാര്‍ഡില്ലാതെ യൂണിഫോം/ സ്‌കൂള്‍ ഐഡന്റിറ്റി കാര്‍ഡ് എന്നിവയുടെ അടിസ്ഥാനത്തില്‍ ബസുകളില്‍ കണ്‍സഷന്‍ നിരക്കില്‍ യാത്ര ചെയ്യാന്‍ അനുവദിക്കും. പ്ലസ് വണ്‍ മുതല്‍ മുകളിലോട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് ഒന്നിന് ശേഷം സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നതിന് സ്റ്റുഡന്റ്‌സ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റിയുടെ കണ്‍സഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കും.

കണ്‍സഷന്‍ കാര്‍ഡുകള്‍ നിലവില്‍ ആര്‍ടിഒ ഓഫീസുകള്‍ വഴിയാണ് വിതരണം ചെയ്തുവരുന്നത്. വിദ്യാര്‍ഥികളുടെ സൗകര്യാര്‍ഥം ഈ വര്‍ഷം മുതല്‍ തിരുവല്ല, മല്ലപ്പള്ളി, അടൂര്‍, റാന്നി എന്നിവിടങ്ങളിലുള്ള ജോയിന്റ് ആര്‍ടിഒ ഓഫീസുകള്‍ വഴിയും കാര്‍ഡുകള്‍ വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍ കാര്‍ഡ് വാങ്ങുന്നതിനായി ആര്‍ടിഒ ഓഫീസുകളില്‍ എത്തേണ്ട ആവശ്യമില്ല. കാര്‍ഡുകള്‍ക്കാവശ്യമുള്ള ഫോമുകള്‍ സ്‌കൂള്‍ അധികാരികള്‍ ആര്‍ടിഒ ഓഫീസുകളില്‍ നിന്നും വാങ്ങി പൂരിപ്പിച്ച ഫോട്ടോ, മേലധികാരിയുടെ ഒപ്പ് എന്നിവ സഹിതം ആര്‍ടിഒ ഓഫീസുകളില്‍ നല്‍കി സീല്‍ പതിച്ച് തിരികെ വാങ്ങി വിദ്യാര്‍ഥികള്‍ക്ക് നല്‍കണം.

മുന്‍വര്‍ഷം വ്യാജ കണ്‍സഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്ര ചെയ്ത സാഹച ര്യങ്ങള്‍ ജില്ലയില്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്നും ബസ് ഉടമ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വ്യാജകാര്‍ഡുകള്‍ കണ്ടെത്തിയാല്‍ ആയത്പി ടിച്ചെടുത്ത് ആര്‍ടിഒയ്ക്ക് നല്‍കണം. ഇത്തരത്തില്‍ വ്യാജകാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കെതിരെയും വ്യാജകാര്‍ഡ് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. മെയ് മാസം വരെയാണ് വിദ്യാര്‍ഥികള്‍ക്ക് കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കുന്നത്. എന്നാല്‍ ചില ബസുടമകള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ കണ്‍സഷന്‍ നല്‍കില്ല എന്ന നിലപാട് എടുക്കാറുണ്ട്. ഇത് അംഗീകരിക്കില്ല. സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ സമ്പ്രദായം വന്നതോടെ മധ്യവേനല്‍ അവധി ലഭിക്കാത്തതിനാല്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ പരീക്ഷകള്‍ക്കും അധ്യയനത്തിനും പോകേണ്ടിവരും. ഈ സമയങ്ങളില്‍ കണ്‍സഷന്‍ നല്‍കാത്ത ബസ് ഉടമകള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.


സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളെ മണിക്കൂറുകളോളാം ബസില്‍ കയറ്റാതെ നിര്‍ത്തുന്ന സാഹചര്യമുണ്ടെന്നും ഇത് ഒഴിവാക്കുന്നതിന് പോലിസിന്റെ ഇടപെടല്‍ ആവശ്യമാ ണെന്നും വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ പറഞ്ഞു. ജില്ലയിലെ എല്ലാ സ്‌കൂള്‍ പരിസരങ്ങളും ലഹരി പദാര്‍ഥങ്ങളുടെ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും ഈ വിപത്തില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിക്കുന്നതിന് പൊലിസ്, എക്‌സൈസ് വകുപ്പുകളുടെ ശക്തമായ ഇടപെടല്‍ ആവശ്യമാണെന്നും വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ അറിയിച്ചു.

യോഗത്തില്‍ ആര്‍ടിഒ എബിജോണ്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജി.ഉഷ, കെ.എസ്.ആര്‍.ടി.സി പ്രതിനിധി സി.നന്ദകുമാര്‍, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ വേണു കെ.നായര്‍, പി.ആര്‍.രാധാകൃഷ്ണന്‍ നായര്‍, ലാലു മാത്യു, ഷാജി, കെ.ആര്‍.അശോക് കുമാര്‍, വിവിധ വിദ്യാര്‍ഥി സംഘടനാ നേതാക്കളായ കെ.വി.വിഭു, പ്രണവ്, അന്‍സാര്‍ മുഹമ്മദ്, രോഹിത് പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Students can travel till August 1 without a concession card
topbanner

More News from this section

Subscribe by Email