Tuesday November 13th, 2018 - 11:44:pm
topbanner

പത്തനംതിട്ട ജില്ലയില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവം

Aswani
പത്തനംതിട്ട ജില്ലയില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവം

പത്തനംതിട്ട:  കളിച്ചും ചിരിച്ചും ഉല്ലസിച്ചും ആദ്യാക്ഷരമധുരം നുകരാനെത്തിയ കുരുന്നുകള്‍ക്ക് ജില്ലയില്‍ വര്‍ണ്ണാഭമായ പ്രവേശനോത്സവം. അറിവിന്റെ മധുരം നുണയാന്‍ ആയിരക്കണക്കിന് കുട്ടികളാണ് ആദ്യദിനത്തില്‍ തന്നെ പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുകിയെത്തിയത്.

നവാഗതരെ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയ പ്രവേശനോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം അടൂര്‍ എം.എല്‍.എ ചിറ്റയം ഗോപകുമാര്‍ പന്തളം തോട്ടക്കോണം ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നിര്‍വ്വഹിച്ചു. പ്രവേശനോത്സവം അക്ഷരാര്‍ത്ഥത്തില്‍ ഉത്സവസമാനമായിരുന്നു. അമ്പരപ്പും ഭയവുമായെത്തിയ കുട്ടികളെ തൊപ്പിയണിയിച്ചും, ബലൂണ്‍ നല്‍കിയുമാണ് അദ്ധ്യാപകരും കുട്ടികളും സ്വീകരിച്ചത്.

പൊതുവിദ്യാലയങ്ങളെ ശക്തിപ്പെടുത്തുക, മികവിന്റെ കേന്ദ്രങ്ങളാക്കുക എന്നതാണ് രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും, അതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലുടനീളം ക്ലാസുകളെ ഹൈടെക്ക് ആക്കുമെന്നും, ഉദ്ഘാടനപ്രസംഗത്തില്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. കൂടാതെ, പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുകയും, അക്കാഡമിക് നിലവാരം ഇനിയും കൂടുതല്‍ ഉയര്‍ത്തുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാത്രമല്ല, ഈ വിദ്യാഭ്യാസവര്‍ഷത്തില്‍ ജില്ലയിലുടനീളം നിരവധി വിദ്യാര്‍ത്ഥികളാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും പൊതുവിദ്യാലയങ്ങളിലേക്ക് ഒഴുകിയെത്തിയത്. കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും വര്‍ദ്ധിച്ചു. കഴിഞ്ഞ വര്‍ഷം ജില്ലയിലെ ആറ് സ്‌കൂളുകളാണ് ഹൈടെക് ക്ലാസ്മുറികളുമായി മുഖം മിനുക്കിയത്. ഈ അധ്യയന വര്‍ഷത്തിലാകട്ടെ അത് ഇരുപത്തിനാലിലേക്ക് ഉയര്‍ത്തും. അതിനായി സര്‍ക്കാര്‍ പ്രത്യേക ഫണ്ടും വിലയിരുത്തി കഴിഞ്ഞിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടേയും , വിദ്യാഭ്യാസ സംരക്ഷണസമിതിയുടേയും ജനകീയ പങ്കാളിത്തത്തോടെയാണ് ഈ നേട്ടങ്ങള്‍ സര്‍ക്കാര്‍ കൈവരിച്ചതെന്നും എം.എല്‍.എ പറഞ്ഞു.

പ്ലസ് ടു , എസ്.എസ്.എല്‍.സി പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡലും ചടങ്ങില്‍ എം.എല്‍.എ വിതരണം ചെയ്തു. സ്‌കൂളില്‍ പൂര്‍ത്തിയായ അഞ്ച് ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവി നിര്‍വ്വഹിച്ചു. പന്തളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലസിത നായര്‍ നവീകരിച്ച ക്ലാസ് മുറികള്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണദേവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പന്തളം നഗരസഭാ അധ്യക്ഷ ടി.കെ സതി മുഖ്യപ്രഭാഷണം നടത്തി. പന്തളം നഗരസഭ വൈസ്‌ചെയര്‍മാന്‍ ഡി.രവീന്ദ്രന്‍, ആരോഗ്യക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രാധാരാമചന്ദ്രന്‍, പന്തളം നഗരസഭാ കൗണ്‍സിലര്‍ കെ.ആര്‍ വിജയകുമാര്‍, ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ പി.എ ശാന്തമ്മ, ജില്ലാപ്രോഗ്രാംഓഫീസര്‍ എ.പി ജയലക്ഷ്മി, കൗണ്‍സിലര്‍മാരായ ജി.ആനില്‍കുമാര്‍, മഞ്ജുവിശ്വനാഥ്, എ.ഷാ, സുനിതവേണു തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Colorful entrance fest in pathanamthitta district
topbanner

More News from this section

Subscribe by Email