Monday March 25th, 2019 - 11:56:pm
topbanner
topbanner

കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം; പുതിയ വ്യവസായ-കാര്‍ഷിക സംരംഭങ്ങള്‍ ഉണ്ടാകണം: മന്ത്രി മാത്യു ടി തോമസ്

Aswani
കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം;  പുതിയ വ്യവസായ-കാര്‍ഷിക സംരംഭങ്ങള്‍ ഉണ്ടാകണം: മന്ത്രി മാത്യു ടി തോമസ്

പത്തനംതിട്ട: സംസ്ഥാനത്ത് വ്യവസായ സൗഹൃദ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നും പുതിയ വ്യവസായ-കാര്‍ഷിക സംരംഭങ്ങള്‍ ഉണ്ടാകണമെന്നും ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. കുന്നന്താനം വ്യവസായ പ്ലോട്ടിലെ നവീകരിച്ച റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ സൗഹൃദ അന്തരീക്ഷം കേരളത്തില്‍ രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമത്തിലാണ സംസ്ഥാന സര്‍ക്കാര്‍.

വ്യവസായത്തിന് തയാറായി വരുന്ന സംരംഭകര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഉണ്ടാകാതിരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തി. വ്യവസായം ആരംഭിക്കാനുള്ള അനുമതിക്കായി അപേക്ഷ നല്‍കി ഏഴു ദിവസത്തിനകം മറുപടി ലഭിച്ചില്ലെങ്കില്‍ അനുമതി കിട്ടിയിരിക്കുന്നുവെന്ന് സ്വയം കല്‍പ്പിച്ച് പ്രവര്‍ത്തിയുമായി മുന്നോട്ടു പോകാന്‍ കഴിയുമെന്ന വ്യവസ്ഥ നിയമപ്രകാരം കേരളത്തില്‍ നടപ്പാക്കി കഴിഞ്ഞു. വ്യവസായ മേഖലയില്‍ ഭീഷണിയായിരുന്ന നോക്കുകൂലി വാങ്ങുന്നത് നിയമ വിരുദ്ധമായി പ്രഖ്യാപിച്ച് നടപടി സ്വീകരിക്കുവാന്‍ കഴിഞ്ഞു. വളരെ ശക്തമായ തീരുമാനം ഇക്കാര്യത്തില്‍ നടപ്പാക്കാന്‍ കഴിഞ്ഞു.

എല്ലാതരത്തിലും വ്യവസായ സൗഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റിയെടുക്കുവാന്‍ പരിശ്രമം നടക്കുകയാണ്. ടൂറിസം മേഖലയിലെ പ്രധാന പ്രശ്‌നമാണ് ഹര്‍ത്താലുകള്‍. ടൂറിസം മേഖലയെ ഹര്‍ത്താലില്‍ നിന്ന് എങ്ങനെ മുക്തമാക്കാന്‍ കഴിയുമെന്ന ആലോചന നടക്കുകയാണ്. നാടിന്റെ വളര്‍ച്ചയുണ്ടാകണം. വരട്ടുവാദങ്ങള്‍ അവസാനിപ്പിച്ചു കൊണ്ട് പുരോഗതിയിലേക്ക് സംസ്ഥാനം നീങ്ങാന്‍ ആവശ്യമായ കാര്യങ്ങള്‍ എന്തൊക്കെ എന്ന് തിരിച്ചറിഞ്ഞ് അതൊക്കെ നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍.

നാടിന്റെ വളര്‍ച്ചയ്ക്ക് നിര്‍ബന്ധമായും ഉത്പാദനം ഉണ്ടാകണം. പരമ്പരാഗത വരുമാന സ്രോതസുകളെ മാത്രം ആശ്രയിച്ചാല്‍ പോര. വിദേശരാജ്യങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് ആരംഭിച്ചിരിക്കുന്നു. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന പണത്തെ ആശ്രയിച്ചു കൊണ്ടോ, നാട്ടിലെ ജോലിയിലൂടെ ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചു കൊണ്ടോ ഒരു നാടിന്റെ വളര്‍ച്ചയെ നിര്‍ണയിക്കാനാവില്ല. വിവിധ മേഖലകളില്‍ ഉത്പാദനം ഉണ്ടാകണം. നാട്ടില്‍ ലഭ്യമായ വിഭവങ്ങളെ സംസ്‌കരിച്ച് ഉത്പന്നങ്ങളാക്കുന്ന പ്രക്രിയ വ്യാപകമായി ഉണ്ടായില്ലെങ്കില്‍ സമ്പദ്ഘടന ശക്തിപ്പെടില്ല. റവന്യു ചെലവുകള്‍ വര്‍ധിക്കുന്നതിന് ആനുപാതികമായി നാട്ടിലെ ഉത്പാദന മേഖലയില്‍ വളര്‍ച്ച ഉണ്ടായില്ലെങ്കില്‍ സമ്പദ്ഘടന തകരും. കാര്‍ഷിക മേഖലയിലും വ്യാവസായിക മേഖലയിലും ഉത്പാദനം വര്‍ധിക്കണം.

ഈ മേഖലകളില്‍ നമ്മുടെ നാട്ടിലെ പ്രകൃതി വിഭവങ്ങളെ അസംസ്‌കൃത വസ്തുക്കളായി ഉപയോഗപ്പെടുത്തി ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ കഴിയണം. ഇതിലൂടെ നിരവധി പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കപ്പെടും. ഈ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുന്നതിലൂടെയും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാന്‍ കഴിയും. ഇതുവഴി പണത്തിന്റെ നീക്കം നാട്ടില്‍ നിലനിര്‍ത്താന്‍ ആകുന്നെങ്കില്‍ മാത്രമേ സമ്പദ്ഘടന വളരുകയുള്ളുവെന്നും മന്ത്രി പറഞ്ഞു. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണ കുറുപ്പിനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രനും സംരംഭകര്‍ ഏര്‍പ്പെടുത്തിയ വ്യവസായ ബന്ധു അവാര്‍ഡ് മന്ത്രി മാത്യു ടി തോമസ് സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാ ദേവി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ്, കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണ കുറുപ്പ്, ജില്ലാ പഞ്ചായത്തംഗം എസ്. വി. സുബിന്‍, ബ്ലോക്ക് പഞ്ചായത്തംഗം ഷിനി കെ പിള്ള, ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ സി.എന്‍. മോഹനന്‍, ഗ്രാമപഞ്ചായത്തംഗം ജി. ശശികുമാര്‍, സംരംഭകരുടെ പ്രതിനിധികളായ ബെന്നി പാറേല്‍, ശരത് ബാബു, മോര്‍ലി ജോസഫ്, അലക്‌സ് പ്രാക്കുഴി, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡി. രാജേന്ദ്രന്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എസ്. സുധ, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍മാരായ കെ. ഷൈലമ്മ, പി.എന്‍. അനില്‍കുമാര്‍, കുന്നന്താനം വ്യവസായ വികസന പ്ലോട്ട് എസ്‌റ്റേറ്റ് ഓഫീസര്‍ എസ്.കെ. ഷമ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുന്നന്താനം വ്യവസായ പ്ലോട്ടില്‍ 59 ലക്ഷം രൂപ വിനിയോഗിച്ച് 713 മീറ്റര്‍ നീളത്തില്‍ മെയിന്‍ റോഡും 420 മീറ്റര്‍ നീളത്തില്‍ ഇടറോഡുകളും നവീകരിച്ചു. ഇതിനു പുറമേ 100 മീറ്റര്‍ നീളത്തില്‍ റോഡ് കോണ്‍ക്രീറ്റും 43 മീറ്റര്‍ നീളത്തില്‍ ഇന്റര്‍ലോക്കിംഗ് ടൈലും പാകിയിട്ടുണ്ട്.

English summary
Industrial friendly atmosphere in Kerala; There should be new industry and agriculture initiatives: minister mathew t thomas
topbanner

More News from this section

Subscribe by Email