Thursday January 17th, 2019 - 5:08:pm
topbanner

വികസന കാര്യങ്ങളില്‍ വിവേചനമില്ലാത്ത സമീപനമാണ് സര്‍ക്കാരിന്റേത്: മന്ത്രി മാത്യു ടി.തോമസ്

Aswani
വികസന കാര്യങ്ങളില്‍ വിവേചനമില്ലാത്ത സമീപനമാണ് സര്‍ക്കാരിന്റേത്: മന്ത്രി മാത്യു ടി.തോമസ്

പത്തനംതിട്ട: വികസന കാര്യങ്ങളില്‍ ഭരണ പ്രതിപക്ഷ മണ്ഡലങ്ങളെന്ന വ്യത്യാസമില്ലാത്ത സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. മന്ത്രിസഭാവാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുന്‍സര്‍ക്കാരിന്റെ കാലത്ത് പ്രതിപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ നമമാത്രമായ പദ്ധതികള്‍ മാത്രം അനുവദിച്ചപ്പോള്‍ ഈ സര്‍ക്കാര്‍ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാ മണ്ഡലങ്ങളിലും വികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണ്. വികസന പദ്ധതികള്‍ ജനങ്ങള്‍ക്കുവേണ്ടിയാണെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചിട്ടുള്ളത്.

മന്ത്രിസഭാവാര്‍ഷികാഘോഷങ്ങളുടെ മുന്നോടിയായുള്ള വിളംബര ജാഥ ഈ മാസം 21ന് വൈകിട്ട് മൂന്നിന് പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷനില്‍ നിന്നും നഗരസഭാ ബസ് സ്റ്റാന്‍ഡിലേക്ക് നടക്കും. 22 മുതല്‍ 28 വരെ നഗരസഭയുടെ ശബരിമല ഇടത്താവളത്തില്‍ മികവ് പ്രദര്‍ശന വിപണനമേള നടക്കും. വാര്‍ഷികാഘോഷങ്ങളുടെ ഔദേ്യാഗിക ഉദ്ഘാടനം 22ന് രാവിലെ 10ന് നഗരസഭയുടെ ശബരിമല ഇടത്താവളത്തില്‍ റവന്യു വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. തുടര്‍ന്ന് ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന മികവ് പ്രദര്‍ശന വിപണന മേളയില്‍ സെമിനാറുകള്‍, കലാസന്ധ്യകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. വാര്‍ഷികാഘോഷങ്ങളുടെ സമാപനം 28ന് വൈകിട്ട് നാലിന് നഗരസഭാ ശബരിമല ഇടത്താവളത്തില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.

നദീപുരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിന് മാതൃകയാകുന്ന പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നത്. നാശോന്മുഖമായ ജലസ്രോതസ്സുകളെ വീണ്ടെടുത്തത് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടായി. വരട്ടാറിന്റെ പുനരുജ്ജീവനം സംസ്ഥാനത്തിന് മുഴുവന്‍ ആവേശം പകര്‍ന്നിരുന്നു. മെയ് മാസം തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്യുവാന്‍ കഴിഞ്ഞത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നും മന്ത്രി പറഞ്ഞു.

വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ള കമ്പനി ഈ വര്‍ഷം അരുവിക്കരയില്‍ പ്രവ ര്‍ത്തനം ആരംഭിക്കും. കുപ്പിവെള്ള കമ്പനിക്കാര്‍ തന്നെ വിലകുറച്ചുവില്‍ക്കാന്‍ തയാറായി വന്നതാണ്. എന്നാല്‍ വ്യാപാരികള്‍ ഈ നീക്കത്തോട് സഹകരിക്കുന്ന സമീപനമല്ല സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ വ്യാപാരികളുമായി ഒരുവട്ടം കൂടി ചര്‍ച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കുപ്പിവെള്ള കമ്പനി കൂടി പ്രവര്‍ത്തനക്ഷമമാകുന്നതോടെ വ്യാപാരികള്‍ക്ക് വില കുറയ്‌ക്കേണ്ടിവരും. സര്‍ക്കാര്‍ ഓഫിസുകളില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഹില്ലി അക്വ കുപ്പിവെള്ളം ഉപയോഗിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വീടില്ലാത്തവര്‍ക്കെല്ലാം വീട് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ അടുത്ത ഘട്ടത്തിനായി 4000 കോടി രൂപയുടെ വായ്പ എടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി പുതുതായി 480 കോടി രൂപയുടെ മരാമത്ത് പണികള്‍ക്കാണ് ജില്ലയില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. 17 പദ്ധതികളിലായി 188 കി.മീറ്റര്‍ റോഡുകളുടെ പുനരുദ്ധാരണവും അഞ്ച് പാലങ്ങളുടെ നിര്‍മാണവുമാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

കോഴഞ്ചേരി -മണ്ണാറക്കുളഞ്ഞി റോഡ് 23.46 കോടി, മഞ്ഞനിക്കര- ഇലവുംതിട്ട - കിടങ്ങന്നൂര്‍ -മുളക്കുഴ റോഡ് 24.33 കോടി, കോഴഞ്ചേരി പാലം 19.77 കോടി, അട്ടച്ചാക്കല്‍ - കുമ്പളാംപൊയ്ക റോഡ് 17.28 കോടി, കലഞ്ഞൂര്‍ - പാടം റോഡ് 22.29 കോടി, പന്തളം ബൈപ്പാസ് 28.78 കോടി, അടൂര്‍ ടൗണ്‍ പാലം 11.10 കോടി, ആനയടി- കുരമ്പാല - കീരുകുഴി-ചന്ദനപ്പള്ളി - കൂടല്‍ റോഡ് 109.13 കോടി, വടശേരിക്കര പാലം 14.06 കോടി, റാന്നി വലിയ പാലം 26.76 കോടി, മഠത്തുംചാല്‍ -മുക്കൂട്ടുതറ റോഡ് 42.18 കോടി, വാലങ്കര-അയിരൂര്‍ റോഡ് 19.59 കോടി, ജേക്കബ്‌സ് റോഡ് ചാലാപ്പള്ളി വരെയുള്ള നവീകരണം 36.90 കോടി, കാവുംഭാഗം -ഇടിഞ്ഞില്ലം റോഡ് 16.83 കോടി, മുത്തൂര്‍ - കിഴക്കന്‍ മുത്തൂര്‍ റോഡ് 25.80 കോടി, പാറക്കടവ് പാലം 9.35 കോടി, ചങ്ങനാശേരി - കവിയൂര്‍ റോഡ് 32.77 കോടി എന്നിവയാണ് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുള്ള പദ്ധതികള്‍.

നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന മിഷനുകളില്‍ ജില്ല ഏറെ മുന്നേറ്റം കൈവരിച്ചിട്ടുണ്ട്. ഹരിത കേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും യോജിച്ച പ്രവര്‍ത്തനങ്ങളിലൂടെ നെല്‍കൃഷി പുനരുജ്ജീവനത്തില്‍ ജില്ലയില്‍ വന്‍മുന്നേറ്റമുണ്ടായി. നദീപുനരുജ്ജീവന പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിനുതന്നെ മാതൃകയായ പ്രവ ര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നത്. വരട്ടാറിന്റെ പുനരുജ്ജീവനം ജനകീയ മുന്നേറ്റത്തിലൂടെ നടത്തുവാന്‍ കഴിഞ്ഞു. ഇതിന്റെ വിജയം ഉള്‍ക്കൊണ്ട് വരട്ടാറിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ 7.7 കോടി രൂപ അനുവദിച്ചു. വരട്ടാര്‍ പുനരുജ്ജീവനത്തിന്റെ ചുവടുപിടിച്ച് കോലറയാര്‍, പള്ളിക്കലാര്‍, റാന്നി വലിയതോട് തുടങ്ങി അനേകം ജലസ്രോതസ്സുകളെ വീണ്ടെടുക്കുന്നതിനു ള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി നടന്നുവരികയാണ്.

സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മെയ് മാസം തന്നെ പാഠപുസ്തകങ്ങളും യൂണിഫോമും വിതരണം ചെയ്തത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ്.അടൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോഴഞ്ചേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, വെച്ചൂച്ചിറ കോളനി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോന്നി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കടപ്ര വളഞ്ഞവട്ടം കെ.എസ്.ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ സ്‌കൂളുകളുടെ വികസനത്തിന് അഞ്ച് കോടി രൂപ അനുവദിച്ചു. കിഴക്കുപുറം, എഴുമറ്റൂര്‍, കുന്നന്താനം, നാരങ്ങാനം, തോട്ടക്കോണം, മാരൂര്‍, കലഞ്ഞൂര്‍, അടൂര്‍ ഗേള്‍സ്, ഇടമുറി, ചിറ്റാര്‍, പെരിങ്ങനാട് എന്നീ ഹൈസ്‌കൂളുകള്‍ക്ക് മൂന്ന് കോടി രൂപ വിതം അനുവദിച്ചു. അയിരൂര്‍, മാന്തുക, തണ്ണിത്തോട്, തുമ്പമണ്‍, നിരണം എന്നീ യു.പി സ്‌കൂളുകള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ചു.

ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉറപ്പുവരുത്തുന്നതിന് ലക്ഷ്യമിടുന്ന ആര്‍ദ്രം പദ്ധതിയിലൂടെ ജില്ലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ മുഖച്ഛായ മാറുകയാണ്. എട്ട് പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് തെരഞ്ഞെടുത്തിരുന്നു. ആദ്യഘട്ടത്തില്‍ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായി. ബാക്കിയുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി ഉടന്‍ കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറും. ആരോഗ്യ രംഗത്തെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായി ലഭിക്കുന്നതിന് നിലവില്‍ ഉച്ചവരെ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാകുന്നതോടെ പകല്‍ സമയം പൂര്‍ണമായും പ്രവര്‍ത്തിക്കും. ഇ-ഹെല്‍ത്ത് പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചു.
വീടില്ലാത്തവര്‍ക്ക് വീട് നല്‍കുന്നതിനുള്ള ലൈഫ് പദ്ധതിയില്‍ ജില്ലയില്‍ 4150 ഗുണഭോക്താക്കളെയാണ് കണ്ടെത്തിയിട്ടുള്ളത്.പദ്ധതിയുടെ ആദ്യഘട്ടമായി വിവിധ ഭവന നിര്‍മാണ പദ്ധതികളില്‍ പണി ആരംഭിക്കുകയും എന്നാല്‍ പൂര്‍ത്തിയാക്കുവാന്‍ കഴിയാതിരിക്കുകയും ചെയ്ത വീടുകളുടെ പൂര്‍ത്തീകരണമാണ് നടത്തിയത്. 1318 വീടുകളായിരുന്നു ഇതില്‍ 878 വീടുകളാണ് 2018 ഏപ്രില്‍ വരെ പൂര്‍ത്തീകരിച്ചത്.

ലൈഫ് മിഷന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ മാസം ആരംഭിക്കും. ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും 2018-19 സാമ്പത്തികവര്‍ഷം വീട് നല്‍കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
വന്യജീവി ശല്യം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസം നല്‍കുന്നതിനാണ് സര്‍ക്കാര്‍ കഴിഞ്ഞ ഏപ്രിലില്‍ വന്യജീവി ആക്രമണത്തിനുള്ള നഷ്ടപരിഹാര തുകകളില്‍ വര്‍ദ്ധനവ് വരുത്തിയത്. വന്യജീവി ആക്രമണം മൂലം ജീവഹാനി സംഭവിക്കുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാര തുക അഞ്ച് ലക്ഷം രൂപയില്‍ നിന്നും 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. സ്ഥായിയായ അംഗവൈകല്യത്തിനുള്ള നഷ്ടപരിഹാരം 75000 രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. കൃഷി, കന്നുകാലി തുടങ്ങിയവയ്ക്കുള്ള നഷ്ടപരിഹാരവും പരുക്കേല്‍ക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും 75000 രൂപയില്‍ നിന്നും ഒരു ലക്ഷം രൂപയായും വനത്തിന് പുറത്ത്‌വച്ച് പാമ്പുകടിയേറ്റ് മരണമടയുന്നവരുടെ ആശ്രിതര്‍ക്കുള്ള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയില്‍ നിന്നും രണ്ട് ലക്ഷം രൂപയായും വര്‍ദ്ധിപ്പിച്ചു. എല്ലാത്തരം നഷ്ടപരിഹാരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തി.

സഹകരണ വകുപ്പ് ക്ഷേമപെന്‍ഷനുകള്‍ പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ വിതരണം ചെയ്തത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായി. റേഷന്‍ വിതരണ രംഗത്തെ ക്രമക്കേടുകള്‍ പൂര്‍ണമായും ഇല്ലായ്മചെയ്തുകൊണ്ട് ജില്ലയില്‍ 25 റേഷന്‍ മൊത്ത വ്യാപാരികളെ ഒഴിവാക്കി ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ ഗോഡൗണുകളില്‍ നിന്നും ഭക്ഷ്യധാന്യം നേരിട്ട് ശേഖരിച്ച് വാതില്‍പ്പടി വിതരണം വഴി റേഷന്‍ കടകളിലെത്തിക്കുന്ന സംവിധാനം ആരംഭിക്കുകയും എല്ലാ റേഷന്‍ കടകളിലും ഇ-പോസ് സംവിധാനം ഏര്‍പ്പെടുത്തി.

ടൂറിസം രംഗത്തെ ജില്ലയുടെ സാധ്യതകള്‍ കണ്ടറിഞ്ഞ് വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി സര്‍ക്കാര്‍ വന്‍ പദ്ധതികളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പെരുന്തേനരുവി ടൂറിസത്തിന്റെ വികസനത്തിനായി 3.67 കോടി രൂപയുടെയും ആറന്മുള ടൂറിസം കേന്ദ്രത്തിന് 50 ലക്ഷം രൂപയുടെയും ശബരിമല പുണ്യദര്‍ശനം കോംപ്ലക്‌സിന് 4.99 കോടി രൂപയുടെയും പോളച്ചിറ അക്വാഅഡ്വഞ്ചര്‍ ടൂറിസം, നെടുംകുന്ന്മല ടൂറിസം എന്നിവയ്ക്ക് മൂന്ന് കോടി രൂപ വീതവും ആങ്ങമൂഴി കുട്ടവഞ്ചി സവാരിക്ക് രണ്ട് കോടി രൂപയും അനുവദിച്ചു.

വാട്ടര്‍ അതോറിറ്റി കിഫ്ബിയില്‍പ്പെടുത്തി അനേകം പദ്ധതികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ട്. 58 കോടി രൂപയുടെ തിരുവല്ല - ചെങ്ങനാശേരി കുടിവെളള പദ്ധതി, 41.4 കോടി രൂപ ചെലവ് വരുന്ന പെരുനാട് അത്തിക്കയം കുടിവെള്ള പദ്ധതി രണ്ടാം ഘട്ടം, 42.35 കോടി രൂപയുടെ പുറമറ്റം, കല്ലൂപ്പാറ, തോട്ടപ്പുഴശേരി കുടിവെള്ള പദ്ധതി, 24 കോടി രൂപയുടെ മല്ലപ്പളി, ആനിക്കാട്, കോട്ടാങ്ങല്‍ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം, 28 കോടിയുടെ അയിരൂര്‍ കാഞ്ഞിറ്റുകര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം, 14.58 കോടി രൂപയുടെ റാന്നി,പഴവങ്ങാടി, വടശേരിക്കര കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി അനേകം പദ്ധതികള്‍ക്കാണ് ഭരണാനുമതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.

തൊഴിലുറപ്പ് പദ്ധതിയില്‍ ഏപ്രില്‍ മാസം തന്നെ ഈ സാമ്പത്തികവര്‍ഷത്തെ പ്രവ ര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ജില്ലയില്‍ കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ 2017-18 വര്‍ഷം അംഗീകരിച്ച ലേബര്‍ ബജറ്റിനേക്കാള്‍ 46 ശതമാനം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. എംഎല്‍എമാരായ രാജു എബ്രഹാം, വീണാജോര്‍ജ്, ചിറ്റയം ഗോപകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തുEnglish summary
no difference in the developmental decisions taken by government: minister mathew t thomas
topbanner

More News from this section

Subscribe by Email