Sunday October 21st, 2018 - 7:23:am
topbanner
Breaking News

ശബരിമലയിലെ പുണ്യദര്‍ശനം കോംപ്ലക്‌സ് നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Aswani
ശബരിമലയിലെ പുണ്യദര്‍ശനം കോംപ്ലക്‌സ് നിര്‍മാണം ഉടന്‍ ആരംഭിക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: ശബരിമല സന്നിധാനത്തെ സംസ്ഥാന ടൂറിസം വകുപ്പിന്റെ പുണ്യദര്‍ശനം കോംപ്ലക്‌സിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് സംസ്ഥാന ദേവസ്വം, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പമ്പയില്‍ സന്ദര്‍ശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ദേവസ്വം ബോര്‍ഡും വനം വകുപ്പും തമ്മില്‍ പുണ്യദര്‍ശനം കോംപ്ലക്‌സിന്റെ സ്ഥലം സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കം മൂലമാണ് ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ വൈകിയത്. ഇപ്പോള്‍, സ്ഥലത്തിന്റെ സംയുക്ത സര്‍വേ പൂര്‍ത്തിയാവുകയും സ്ഥലം ദേവസ്വം ബോര്‍ഡിന്റേതാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ഈ സാഹചര്യത്തില്‍ തീര്‍ഥാടന കാലത്തിന് മുന്‍പു തന്നെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

ദേവസ്വം ബോര്‍ഡിനെ കുറിച്ചുള്ള പ്രധാന പരാതി ശബരിമല തീര്‍ഥാടന കാലത്തിനു തൊട്ടു മുന്‍പ് മാത്രം പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നുവെന്നതാണ്. ഈ പരാതിക്ക് പരിഹാരം കാണുന്നതിനാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ശ്രമിക്കുന്നത്. ശബരിമല ഉന്നതാധികാര സമിതിയുടെ യോഗം 16 ന്കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സാന്നിധ്യത്തില്‍ എറണാകുളത്ത് നടന്നു. ഈ യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പദ്ധതികളുടെ പൂര്‍ത്തീകരണം സംബന്ധിച്ചും പുതുതായി അനുവദിക്കുന്ന പദ്ധതികളെ കുറിച്ചും വിശദമായ വിലയിരുത്തല്‍ നടന്നു. കേന്ദ്ര പദ്ധതികളും സംസ്ഥാന സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും പദ്ധതികളും സമന്വയിപ്പിച്ച് തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും തീര്‍ഥാടനം തുടങ്ങുന്നതിനു മുന്‍പ് ഒരുക്കി നല്‍കുന്നതിനുള്ള ഊര്‍ജിതശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തി വരുന്നത്.

പമ്പ മുതല്‍ മരക്കൂട്ടം വരെയുള്ള പരമ്പരാഗത പാത 16.5 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുന്നത്. സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭിച്ചിട്ടുള്ള തുക ഉപയോഗിച്ചാണ് പരമ്പരാഗത പാത നവീകരിക്കുന്നത്. പമ്പയില്‍ ചേര്‍ത്തല സ്വദേശിയായ തീര്‍ഥാടകന്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സാഹചര്യത്തില്‍ സ്വദേശി ദര്‍ശന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉദ്ഘാടന ചടങ്ങ് നടത്തേണ്ടതില്ലെന്ന് മന്ത്രി നിര്‍ദേശിച്ചു. കാണാതായ തീര്‍ഥാടകനെ കണ്ടെത്തുന്നതിന് ഊര്‍ജിത ശ്രമം നടത്തുവാന്‍ പോലീസ്, ഫയര്‍ഫോഴ്‌സ് വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

പരമ്പരാഗത പാതയില്‍ ശിലകള്‍ പാകി സൗന്ദര്യവത്കരിക്കുകയും ഒരുവശത്ത് കേബിളുകളും ജലവിതരണത്തിനുള്ള പൈപ്പുകളും കൊണ്ടു പോകുന്നതിനുള്ള ഡക്ടുകളും നിര്‍മിക്കുകയാണ് പ്രധാനമായും ചെയ്യുക. ഇതോടൊപ്പം പമ്പാ മണല്‍പ്പുറത്ത് 250 മീറ്റര്‍ നീളത്തില്‍ തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനവും നടത്തും. ഇതില്‍ 100 മീറ്ററിന്റെ നിര്‍മാണം സീസണിനു മുന്‍പ് പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പമ്പാ മണല്‍പ്പുറത്ത് തീര്‍ഥാടകന്‍ ഒഴുക്കില്‍പ്പെട്ട സ്ഥലം മന്ത്രി സന്ദര്‍ശിക്കുകയും തീര്‍ഥാടകര്‍ പമ്പയിലേക്ക് ഇറങ്ങാതിരിക്കുന്നതിന് ആവശ്യമായ എല്ലാ മുന്‍കരുതലും സ്വീകരിക്കുവാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ബോര്‍ഡ് അംഗങ്ങളായ കെ.പി.ശങ്കരദാസ്, കെ.രാഘവന്‍, ദേവസ്വം കമ്മീഷണര്‍ എന്‍. വാസു, ദേവസ്വം ബോര്‍ഡ് ചീഫ് എന്‍ജിനിയര്‍ വി.ശങ്കരന്‍പോറ്റി തുടങ്ങിയവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

English summary
punya darsanam Complex Construction of Sabarimala will start soon: minister kadakampally surendran
topbanner

More News from this section

Subscribe by Email