Monday May 27th, 2019 - 12:56:pm
topbanner
topbanner

ബിനു കുരുവിള വധശ്രമക്കേസ്: പ്രതികളെ കണ്ടെത്തിയിട്ടും പിടി​കൂ​ടു​ന്നി​ല്ലെ​ന്ന് ആ​രോപണം

NewsDesk
ബിനു കുരുവിള വധശ്രമക്കേസ്: പ്രതികളെ കണ്ടെത്തിയിട്ടും പിടി​കൂ​ടു​ന്നി​ല്ലെ​ന്ന് ആ​രോപണം

പത്തനംതിട്ട: ക്‌നാനായ സഭ മാനേജ്‌മെന്റ് കമ്മറ്റിയംഗവും ക്‌നാനായ കോൺഗ്രസ് കേന്ദ്ര വൈസ് പ്രസിഡന്റുമായ തിരുവല്ല ഓതറ കല്ലേമണ്ണിൽ ബിനു കുരുവിള (42) യെ അർദ്ധരാത്രി വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പിടികൂടാനാവാത്തതിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും സാമ്പത്തികത്തിന്റെയും പിൻബലമുണ്ടെന്ന് ബിനുകുരുവിളയും കുടുംബാംഗങ്ങളും പത്രസമ്മേളനത്തിൽ ആരോപിച്ചു.

കഴിഞ്ഞ ഏപ്രിൽ 7ന് അർദ്ധരാത്രിയിലാണ് വൃദ്ധയായ മാതാവിന്റെയും ഗർഭിണിയായ ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും മുന്നിൽവെച്ച് ബിനുവിനെ ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ആക്രമിച്ച് ഗുരുതരമായി പരുക്കേൽപ്പിച്ചത്. അക്രമത്തിൽ ബിനുവിന് നാല് പല്ലുകൾ നഷ്ടമാകുകയും വലതുകാലിന്റെ എല്ലിന്റെ ഒരുഭാഗം തെറിച്ചുപോകുകയും ചെയ്തിരുന്നു. രക്തത്തിൽ കുളിച്ചുകിടന്ന ബിനു മരിച്ചു എന്നുകരുതിയാണ് അക്രമസംഘം തിരിച്ചുപോയത്. ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽകോളേജിൽ എത്തിച്ചതിനാൽ ജീവൻ തിരികെ ലഭിക്കുകയായിരുന്നു.

മാസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ കിടന്ന ബിനു കഴിഞ്ഞ മാസമാണ് ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയത്. കേസന്വേഷണം തിരുവല്ല പൊലീസ് ആരംഭിച്ചുവെങ്കിലും അന്വേഷണം അട്ടിമറിക്കുന്ന നിലപാടാണ് തുടക്കം മുതൽ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്. തുടർന്ന് ക്‌നാനായ സഭ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയമെത്രാപ്പോലീത്ത മുഖ്യമന്ത്രിയെ നേരിട്ട്കണ്ട് നിവേദനം നൽകിയതിന്റെ ഫലമായി ഉടൻതന്നെ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചിരുന്നു. അന്വേഷണം ഒരുമാസത്തിനകം പൂർത്തീകരിക്കണമെന്ന ഉത്തരവുണ്ടായെങ്കിലും അന്വേഷണം മന്ദഗതിയിലാക്കുന്ന നിലപാടാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.

ആദ്യം ക്രൈംബ്രാഞ്ച് എസ്.പി. ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കേസന്വേഷണവുമായി മുന്നോട്ടുനീങ്ങിയെങ്കിലും ഏറെ താമസിയാതെ നിരവധി ഉദ്യോഗസ്ഥരെ മാറ്റിമാറ്റി കേസന്വേഷണം പൂർണ്ണമായി അട്ടിമറിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുകയായിരുന്നു. ഈ കേസ് ശ്രദ്ധയിൽപ്പെട്ട ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഈ വിഷയത്തിൽ ഇടപെടുകയും സംസ്ഥാന പൊലീസ് മേധാവിയോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ക്‌നാനായ സഭയിൽ നിലനിന്നിരുന്ന ഇരുവിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് ബിനുവെന്നും ആക്രമണത്തിൽ പങ്കാളികളായ ക്വട്ടേഷൻ സംഘങ്ങളുടെയും ഇതിന് നേതൃത്വം കൊടുത്ത മുൻസഭാ നേതൃത്വത്തിന്റെ പേരുകൾ ഡി.ജി.പി. ദേശീയ ന്യൂനപക്ഷ കമ്മീഷന് നൽകിയെങ്കിലും ഇതിൽ ഒരു പ്രതിയെപ്പോലും ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നത്.

ഇതിന് പിന്നിൽ ഉന്നതനായ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉണ്ടെന്ന് സംശയിക്കുന്നു. പ്രതികളെന്ന് സംശയിക്കുന്നവർ സമൂഹത്തിൽ പൊലീസിന് മുന്നിലൂടെപോലും സ്വതന്ത്രരായി സഞ്ചരിക്കുമ്പോൾ സാധാരണക്കാരായ പൗരന്മാർക്ക് കിട്ടേണ്ട നിയമസംരക്ഷണം പോലും ആക്രമണത്തിന് ഇരയായ തനിക്ക് ലഭിച്ചിട്ടില്ലെന്ന് ബിനുവും കുടുംബാംഗങ്ങളും വ്യക്തമാക്കി.

ആക്രമണം കഴിഞ്ഞ് ഏതാനും മാസങ്ങൾക്ക് ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനങ്ങൾ അടക്കം നശിപ്പിക്കാൻ ശ്രമിച്ചിട്ടും ഇതിലും പ്രതികളെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. പ്രതികളെ പിടികൂടാൻ സാധിക്കാത്ത പൊലീസിന്റെ ഈ നിലപാടിൽ പ്രതിഷേധിച്ച് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് തങ്ങളെന്നും ബിനുവും കുടുംബാംഗങ്ങളും വ്യക്തമാക്കി.

Read more topics: pathanamthitta, murder, attempt,
English summary
pathanamthitta Binu Kuruvila murder assassination attempt
topbanner

More News from this section

Subscribe by Email