Wednesday March 20th, 2019 - 7:11:am
topbanner
topbanner

ആറന്മുള ജലമേള പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്താന്‍ തീരുമാനം; പമ്പയിലെ മണ്‍പുറ്റുകള്‍ ജൂലൈ 15ന് മുമ്പ് നീക്കണം: വീണാജോര്‍ജ് എംഎല്‍എ

Aswani
ആറന്മുള ജലമേള പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്താന്‍ തീരുമാനം; പമ്പയിലെ മണ്‍പുറ്റുകള്‍ ജൂലൈ 15ന് മുമ്പ് നീക്കണം: വീണാജോര്‍ജ് എംഎല്‍എ

പത്തനംതിട്ട:    ആറന്മുള ജലമേളയുമായി ബന്ധപ്പെട്ട് പമ്പയാറിലെ മണ്‍പുറ്റുകള്‍ നീക്കുന്ന പ്രവര്‍ത്തികള്‍ ജൂലൈ 15ന് മുമ്പ് പൂ ര്‍ത്തിയാക്കണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ഉതൃട്ടാതി ജലമേളയ്ക്ക് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ആറന്മുളയില്‍ നടക്കുന്ന ഡ്രഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയില്ലായെന്ന് പരാതിയുള്ളതിനാല്‍ ഇക്കാര്യത്തില്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പ് കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം.

ഇതിലേക്ക് കൂടുതല്‍ തുക ലഭ്യമാക്കുന്ന കാര്യം അടിയന്തരമായി ജലവിഭവ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സത്രക്കടവ് മുതല്‍ ക്ഷേത്രക്കടവ് വരെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മിക്കുന്ന റോഡിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ പറഞ്ഞു.

ജലമേള പൂര്‍ണമായും ഹരിതചട്ടം പാലിച്ച് നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. ഹരിതചട്ടം പൂര്‍ണമായും പാലിക്കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ പള്ളിയോട സേവാസംഘം എല്ലാ പള്ളിയോട കരകള്‍ക്കും നല്‍കും. ജലമേളയ്ക്ക് എത്തുന്നവര്‍ക്ക് ഇതുസംബന്ധിച്ച് കൂടുതല്‍ ബോധവത്ക്കരണം സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തില്‍ നല്‍കും. ജലമേളയുമായി ബന്ധപ്പെട്ട എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഹരിതചട്ടം പാലിക്കുന്നത് സംബന്ധിച്ച വ്യക്തമായ മാര്‍ഗരേഖ തയാറാക്കി നടപ്പാക്കണം.

ആറന്മുള ഉതൃട്ടാതി ജലമേളയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കാര്യക്ഷമമായ പ്രചാരണ പരിപാടികള്‍ ടൂറിസം വകുപ്പും, പള്ളിയോട സേവാസംഘവും ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ജലമേളയുമായി ബന്ധപ്പെട്ട് ആറന്മുള, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, കോഴഞ്ചേരി, കോയിപ്രം ഗ്രാമപഞ്ചായത്തുകള്‍ തനത് ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് ആവശ്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഇതിന് പ്രത്യേക അനുമതി ആവശ്യമുള്ള പക്ഷം ശുപാര്‍ശ ഉടന്‍ നല്‍കണമെന്നും ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. ഈ പഞ്ചായത്തുകള്‍ ജലമേളയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വരും വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് ബഡ്ജറ്റില്‍ പ്രത്യേക അനുമതി വാങ്ങി തുക വകയിരുത്തുന്നതിന് ശ്രദ്ധിക്കണം.

ജലമേളയുടെ കാര്യക്ഷമമായ നടത്തിപ്പിനായി പമ്പാനദിയില്‍ നടക്കുന്ന ഡ്രഡ്ജിംഗ് പ്രവര്‍ത്തനങ്ങള്‍ ജൂലൈ 15ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ മേജര്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കി. വാട്ടര്‍ സ്റ്റേഡിയത്തിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ജില്ലാതലത്തില്‍ വിദഗ്ദ്ധ സമിതി രൂപീകരിക്കും. ജലമേളയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് റവന്യു വകുപ്പിലെ മുതിര്‍ന്ന ഉദേ്യാഗസ്ഥനെ കോ-ഓര്‍ഡിനേറ്ററായി നിയമിക്കും. പമ്പയിലെ ജലവിതാനം കുറയുന്ന പക്ഷം മണിയാര്‍ ഡാമില്‍ നിന്നും ആവശ്യാനുസരണം ജലം ലഭ്യമാക്കും. ജലമേള ദിവസമായ ആഗസ്റ്റ് 29ന് കെഎസ്ആര്‍ടിസി തിരുവല്ല, ചെങ്ങന്നൂര്‍, പന്തളം, പത്തനംതിട്ട, മല്ലപ്പള്ളി, അടൂര്‍, റാന്നി എന്നിവിടങ്ങളില്‍ നിന്നും സ്‌പെഷ്യല്‍ സര്‍വീസുകള്‍ നടത്തും. ഫയര്‍ഫോഴ്‌സിന്റെ യൂണിറ്റും സ്‌കൂബാ ടീമും ജലമേളയില്‍ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കും. സത്രത്തിന്റെ അറ്റകുറ്റപ്പണികള്‍ പൊതുമരാമത്ത് കെട്ടിട വിഭാഗം ഉടന്‍ പൂര്‍ത്തിയാക്കും.

ജലമേളയില്‍ വിജയികളാകുന്നവര്‍ക്ക് സ്‌പോണ്‍സര്‍മാര്‍ മുഖേന ക്യാഷ് അവാര്‍ഡുകള്‍ നല്‍കുന്നതിനുള്ള സാധ്യത ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ പരിശോധിക്കും. ആറന്മുള, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, കോയിപ്രം ഗ്രാമപഞ്ചായത്തുകള്‍ തെരുവുവിളക്കുകള്‍, ബയോ ടോയ്‌ലറ്റുകള്‍ എന്നിവ ക്രമീകരിക്കും. എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തും. ജലമേളയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തിന് മുമ്പായി ഇതുസംബന്ധിച്ച എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കണമെന്ന് കളക്ടര്‍ വകുപ്പ് ഉദേ്യാഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് പി.റ്റി.എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എം.ബി.സത്യന്‍, നിര്‍മല മാത്യൂസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീലാമോഹന്‍, പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി.കൃഷ്ണകുമാ ര്‍ കൃഷ്ണവേണി, സെക്രട്ടറി പി.ആര്‍.രാധാകൃഷ്ണന്‍, വിവിധ തദ്ദേശഭരണ ഭാരവാഹികള്‍, വകുപ്പ് ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Viral News

English summary
The decision to make Aranmula Jalamela completely green;The mud in Pampa should be removed before July 15: veena george mla
topbanner

More News from this section

Subscribe by Email