Saturday September 22nd, 2018 - 1:00:pm
topbanner

കേരളാ ജസ്യൂട്ട് സൊസൈറ്റിയുടെ സ്ഥലം കയ്യേറി ക്ഷേത്രകമ്മറ്റിക്കാര്‍ കോണ്‍ക്രീറ്റ് തൂണ് നാട്ടുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തതായി പരാതി

akhila
 കേരളാ ജസ്യൂട്ട് സൊസൈറ്റിയുടെ സ്ഥലം കയ്യേറി ക്ഷേത്രകമ്മറ്റിക്കാര്‍ കോണ്‍ക്രീറ്റ് തൂണ് നാട്ടുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തതായി പരാതി

പരിയാരം: കേരളാ ജസ്യൂട്ട് സൊസൈറ്റിയുടെ സ്ഥലം കയ്യേറി ക്ഷേത്രകമ്മറ്റിക്കാര്‍ കോണ്‍ക്രീറ്റ് തൂണ് നാട്ടുകയും ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തതായി പരാതി. പരിയാരം ഏമ്പേറ്റില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന നിര്‍മല ഐടിസിയുടെ രണ്ടേക്കര്‍ സ്ഥലമാണ് തങ്ങള്‍ക്ക് പട്ടയമുണ്ടെന്ന് പറഞ്ഞ് ഇന്നലെ രാവിലെ ഒന്‍പതോടെ ഒരുസംഘം ആളുകള്‍ കയ്യേറിയത്.

പരിയാരം ഉദയപുരം ക്ഷേത്രം ഭാരവാഹികളായ ഇവര്‍ സ്ഥലത്ത് നിരവധി തൂണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പരിയാരം പോലീസില്‍ പരാതിപ്പെട്ടത് പ്രകാരം പോലീസ് എത്തി കയ്യേറ്റക്കാരെ നീക്കം ചെയ്തിട്ടുണ്ട്. 1961 ല്‍ സാമുവല്‍ ആറോണ്‍ സൗജന്യമായി നല്‍കിയ 176.40 ഏക്കര്‍ സ്ഥലത്താണ് കോഴിക്കോട് മലാപ്പറമ്പ് ആസ്ഥാനമായ കേരളാ ജസ്യൂട്ട് സൊസൈറ്റി ഐടിസിയും ധ്യാനകേന്ദ്രവും ഉള്‍പ്പെടെ നടത്തുന്നത്.

ഈ സ്ഥലത്ത് നേരത്തെ പരിയാരം ഉദയപുരം ക്ഷേത്രകമ്മറ്റി ഭാരവാഹിയായ ദാമോദരന് ലഭിച്ച രണ്ടേക്കര്‍ സ്ഥലത്തിന്റെ പട്ടയം പ്രകാരം ക്ഷേത്രഭാരവാഹികളും ജസ്യൂട്ട് സൊസൈറ്റിയുമായി നടന്ന ഭൂമി സംബന്ധമായ കേസ് ക്ഷേത്രത്തിന് അനുകൂലമായി വിധി വന്നിരുന്നു.

വിധി നടപ്പിലാക്കികിട്ടുന്നതിന് സബ്ഡിവിഷന്‍ ചെയ്യുന്നതിനാണ് ജില്ലാ സര്‍വേയരുടെ നിര്‍ദ്ദേശപ്രകാരം ഇന്നലെ സ്ഥലത്ത് അതിര് നിശ്ചയിക്കാന്‍ തൂണ്‍ സ്ഥാപിച്ചതെന്നും ഇതിന് ഡിവൈഎസ്പിക്ക് രേഖാമൂലം കത്ത് നല്‍കിയിരുന്നുവെന്നും ക്ഷേത്രകമ്മറ്റി രക്ഷാധികാരി റിട്ട.ക്യാപ്റ്റന്‍ കെ.കൃഷ്ണന്‍ പറഞ്ഞു.

ക്രമസമാധാന പ്രശ്നമുണ്ടാകുമെന്നും താല്‍ക്കാലികമായി അളന്ന് തിരിക്കുന്നത് നിര്‍ത്തണമെന്നുമുള്ള പരിയാരം പോലീസിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് തങ്ങള്‍ പിന്‍വാങ്ങിയതെന്നും ഇന്ന് റവന്യൂ അധികൃതരുടെ സാനിധ്യത്തില്‍ അളക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഒരുസംഘം ആളുകള്‍ അവധി ദിവസം അതിക്രമിച്ച് കടന്നാണ് തങ്ങളുടെ സ്ഥലത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ചതെന്ന് വൈസ് പ്രിന്‍സിപ്പാള്‍ ഫാ. ജോണ്‍ പറഞ്ഞു. ഇദ്ദേഹത്തിന്റെ പരാതിയിലാണ് പോലീസ് സ്ഥലത്തെത്തിയത്.

ഇന്ന് വില്ലേജ് അധികൃതരും പോലീസും സംയുക്തമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ധാരണയായിട്ടുണ്ട്. സ്ഥലം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നതിന്റെ എല്ലാ രേഖകളും കോടതിയുത്തരവുകളും ക്ഷേത്രം അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ ആദ്യം പ്രതികരിക്കാന്‍ ജസ്യൂട്ട് സൊസൈറ്റി അധികൃതര്‍ തയ്യാറായില്ല.

Read more topics: pariyaram, land issue
English summary
pariyaram land issue
topbanner

More News from this section

Subscribe by Email