Tuesday May 21st, 2019 - 10:38:am
topbanner
topbanner

'അട്ടപ്പാടി മില്ലറ്റ് ഗ്രാമം' ബ്രാൻഡഡ് ഉത്പന്നങ്ങൾ വിപണിയിലേക്ക്

Aswani
'അട്ടപ്പാടി മില്ലറ്റ് ഗ്രാമം' ബ്രാൻഡഡ് ഉത്പന്നങ്ങൾ വിപണിയിലേക്ക്

പാലക്കാട്: ജില്ലയിലെ അട്ടപ്പാടി ആദിവാസി മേഖലയിൽ ആദിവാസി ജനവിഭാഗത്തിന്റെ സമൂഹ ഉന്നമനം ലക്ഷ്യമാക്കി പ്രത്യേക കാർഷിക മേഖലയായി പ്രഖ്യാപിച്ചു കൊണ്ടു നടപ്പിലാക്കിയ മില്ലറ്റ്ഗ്രാമം പദ്ധതിയിലൂടെ കൃഷിചെയ്ത ചെറുധാന്യങ്ങൾ ഉപയോഗിച്ചുണ്ടാക്കിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ എന്ന ബ്രാൻഡ് നാമത്തിൽ വിപണിയിലിറങ്ങുന്നു. ആദിവാസി സമുദായങ്ങൾക്കിടയിൽ ഒരു കാലത്ത് മുഖ്യമായി കൃഷി ചെയ്തിരുന്ന ചെറുധാന്യങ്ങൾ അവർക്ക് കൈമോശം സംഭവിച്ചതുകാരണം ശിശുമരണം, പോഷകാഹാരക്കുറവ് എന്നീ ഗുരുതര പ്രശ്നങ്ങൾ സമുദായത്തെ ബാധിച്ചതിനെ തുടർന്നാണ് സംസ്ഥാന കൃഷിവകുപ്പും, പട്ടികവർഗ്ഗ ക്ഷേമവകുപ്പിന്റെയും സംയുക്തമായി അട്ടപ്പാടി മില്ലറ്റ്ഗ്രാമം പദ്ധതി 2017-ൽ ആരംഭിച്ചത്.

മൂന്ന് വർഷം നീണ്ടു നിൽക്കുന്ന ഇൗ പദ്ധതി വിജയകരമായ രണ്ടാം വർഷത്തിലേക്ക് കടന്നിരിക്കുന്ന വേളയിലാണ് ഒന്നാം വർഷത്തിലെ വിളവിൽ നിന്നുളള ധാന്യങ്ങൾ കൃഷിവകുപ്പ് സംഭരിച്ച്, സംസ്കരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി ഇറക്കിയിരിക്കുന്നത്. റാഗി കുക്കീസ്, റാഗി ബിസ്ക്കറ്റ്, റാഗി മാൾട്ട്, റാഗി പൗഡർ, റാഗി പുട്ടുപൊടി, ചാമയരി, റാഗിധാന്യം തുടങ്ങിയ മൂല്യവർദ്ധിത ഉത്പന്നങ്ങൾ അഗളിയിൽ വച്ച് കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച ആദിവാസി കർഷക സംഗമത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ പിന്നോക്കക്ഷേമ വകുപ്പുമന്ത്രി എ.കെ. ബാലൻ വിപണനോദ്ഘാടനം നിർവഹിച്ചു. മൂലനൊമ്പ്, കുറത്തിക്കല്ല്, വീട്ടിയൂർ, ചെമ്മണ്ണൂർ, ദോഡുഗട്ടി തുടങ്ങി ഉൗരുകളിലെ ഉൗരുമൂപ്പന്മാർക്ക് മൂല്യവർദ്ധിത ഉത്പന്നങ്ങൾ നൽകിക്കൊണ്ടാണ് മന്ത്രി ഉദ്ഘാടനകർമ്മം നിർവഹിച്ചത്.

2013-14 കാലഘട്ടങ്ങളിൽ ഉണ്ടായ ശിശുമരണത്തിന്റെയും ഗർഭിണികൾക്കുണ്ടായ പോഷകാഹാരക്കുറവിന്റെയും അടിസ്ഥാനത്തിൽ നടത്തപ്പെട്ട സമഗ്ര വികസന പദ്ധതികൾ വിജയം കൈവരിച്ചിരിക്കുകയാണെന്ന് മന്ത്രി എ.കെ. ബാലൻ അഭിപ്രായപ്പെട്ടു. പോഷകമൂല്യമുളള മറ്റെന്തു ഭക്ഷണം ആദിവാസി സമൂഹങ്ങൾക്കു നൽകിയാലും അവരുടെ പ്രശ്നങ്ങൾക്ക് പ്രതിവിധിയാകുന്നില്ല, മറിച്ച് അവരുടെ പരമ്പരാഗത കൃഷിരീതികളുടെ തിരിച്ചുവരവിലൂടെ മാത്രമേ സുസ്ഥിര വളർച്ച കൈവരിക്കാൻ സാധിക്കുകയുളളൂ.

ഇതു തിരിച്ചറിഞ്ഞു കൊണ്ടുളള വികസന പ്രവർത്തനങ്ങളാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ആദിവാസി മേഖലയിൽ സാധ്യമായത്. ഇത് സംസ്ഥാനത്തെ മറ്റ് ആദിവാസി മേഖലകൾക്കും മാതൃകയാക്കി വ്യാപിപ്പിക്കാമെന്ന് മന്ത്രി പറഞ്ഞു. ഇന്ന് ആദിവാസി മേഖലയിൽ ശിശുമരണ നിരക്ക് സംസ്ഥാന ശരാശരിയേക്കാൾ താഴെയാണ്. പോഷകാഹാരം കിട്ടാതെ ഒരു മരണവും ആദിവാസിമേഖലയിൽ ഇപ്പോൾ ഉണ്ടാകുന്നില്ലെന്നും ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങി അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുളള നടപടികൾ വിജയകരമായി നടക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ആദിവാസി സമൂഹത്തിലെ കർഷകരെ ഉൾപ്പെടുത്തി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി രൂപീകരിച്ച് മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിപണനം നടത്തുമെന്നും ഉത്പന്നങ്ങളുടെ പൂർണ്ണ ഉത്തരവാദിത്വവും നിയന്ത്രണവും ഉൗരുകളിലെ കർഷകർക്കു മാത്രമായിരിക്കുമെന്നും ചടങ്ങിൽ അദ്ധ്യക്ഷ പ്രസംഗം നടത്തിയ കൃഷി മന്ത്രി അഡ്വ. വി. എസ് സുനിൽകുമാർ അഭിപ്രായപ്പെട്ടു. ഉത്പന്നങ്ങളുടെ ലാഭം മുഴുവൻ കർഷകർക്ക് കിട്ടുംവിധമാണ് പദ്ധതി രൂപകൽപന ചെയ്തിട്ടുളളത്.

അട്ടപ്പാടി തുവര, ആട്ടുകൊമ്പ് അവര തുടങ്ങിയ കാർഷിക വിളകൾക്ക് ഭൗമസൂചിക പദവി ലഭിക്കുന്നതിനുളള പ്രവർത്തനങ്ങൾ ഉടനെ പൂർത്തിയാക്കുവാൻ കാർഷിക സർവ്വകലാശാലയെ ചുമതലപ്പടുത്തിയിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. വെറും റേഷൻ അരി വിതരണം ചെയ്യുകയല്ല മറിച്ച് ഭക്ഷ്യ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ആദിവാസി മേഖലയിലെ കർഷകരെ പ്രാപ്തരാക്കി എടുക്കുന്നതിനാണ് കൃഷി വകുപ്പ് ഉദ്ദേശിക്കുന്നത്. ഒരു സമൂഹത്തിന്റെ തന്നെ പരമ്പരാഗത കാർഷിക സംസ്കാരത്തിന്റെ തിരിച്ചു വരവാണ് കൃഷി വകുപ്പിന്റെ അജണ്ടയിൽപ്പോലും മുമ്പില്ലായിരുന്ന ചെറുധാന്യങ്ങളുടെ കൃഷി എന്ന പുതിയ പദ്ധതിയിലൂടെ യാഥാർത്ഥ്യമായിരിക്കുന്നതെന്നും കൃഷി മന്ത്രി അറിയിച്ചു.

മില്ലറ്റ് ഗ്രാമം പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങൾ ക്രോഡീകരിച്ച് കൃഷിവകുപ്പ് തയ്യാറാക്കിയ കർഷകഡയറക്ടറി ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് ഇൗശ്വരി രേശൻ കൃഷിമന്ത്രിക്ക് കൈമാറി പ്രകാശനം നടത്തി. അട്ടപ്പാടി തുവര, ആടുകൊമ്പൻ അവര എന്നിവയ്ക്ക് ഭൗമശാസ്ത്രസൂചികാപദവി ലഭിക്കുന്നതിനുളള പഠനറിപ്പോർട്ടിനു മുന്നോടിയായി ഇരു ധാന്യങ്ങളും ഉൗരുമൂപ്പന്മാർ പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ പി. പുകഴേന്തി എെ.എഫ്.എസ്-ന് കൈമാറി.

വിവിധ ഉൗരുകൾക്കായി കൃഷിവകുപ്പിന്റെ പദ്ധതിപ്രകാരം തയ്യാറാക്കിയ പരമ്പരാഗത ധാന്യസംഭരണികളുടെ വിതരണം കൃഷിഡയറക്ടർ ജസ്റ്റിൻ മോഹൻ മേലേപരപ്പന്തറ, തെക്കേപുതൂർ ഉൗരുമൂപ്പന്മാർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. 202 ധാന്യസംഭരണികളാണ് വിവിധ കർഷകഗ്രൂപ്പുകൾക്കായി വിതരണം ചെയ്തത്. കർഷകർക്കുളള ഫാം ഡയറി ഒറ്റപ്പാലം സബ്കളക്ടർ ജെറോമിക് ജോർജ്ജ് സുബ്രഹ്മണ്യൻ മൂപ്പർക്ക് നൽകിക്കൊണ്ട് നിർവഹിച്ചു. ജൈവസർട്ടിഫിക്കേഷൻ മാന്വൽ ഇൻഡോസർട്ടിന്റെ ഏജൻസി മന്ത്രിമാർക്ക് കൈമാറി.

മണ്ണാർക്കാട് എം.എൽ.എ എൻ. ഷംസുദ്ദീൻ ചടങ്ങിന് സ്വാഗതം പറഞ്ഞു. ചടങ്ങിൽ മില്ലറ്റ് വില്ലേജ് സ്പെഷ്യൽ ഒാഫീസർ ബി. സുരേഷ് അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാർ, പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രത്തിന രാമമൂർത്തി, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി അനിൽകുമാർ, വിവിധ ജില്ലാ ബ്ലോക്കുപഞ്ചായത്തംഗങ്ങൾ, മറ്റു ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ കൃഷി ഒാഫീസർ ഗിരിജാദേവി എസ്. നന്ദി പറഞ്ഞു.

 

 

Read more topics: palakkad, minister, ak balan
English summary
'Attappady Millet gramam' branded products in the market
topbanner

More News from this section

Subscribe by Email