topbanner
Monday December 18th, 2017 - 8:32:am
topbanner
topbanner

'ആന്റീ ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ പ്ലീസ്..!': ഒന്ന് എല്ലാവരെയും അമ്പരപ്പിച്ച് പാലാ നഗരസഭാ യോഗം

NewsDesk
'ആന്റീ ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ പ്ലീസ്..!': ഒന്ന് എല്ലാവരെയും അമ്പരപ്പിച്ച് പാലാ നഗരസഭാ യോഗം

പാലാ : 'ആന്റീ ഒന്ന് അഡ്ജസ്റ്റ് ചെയ്യണേ പ്ലീസ് ....!' നെല്ലിയാനിയിലെ വിദേശമദ്യക്കടയുടെ ലൈസന്‍സ് സംബന്ധിച്ച വിഷയം പാലാ നഗരസഭാ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഷെറിന്‍ പുത്തേട്ട് പറഞ്ഞത് കേട്ട് കൗണ്‍സിലര്‍മാരും ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ആദ്യമൊന്ന് അമ്പരന്നു.
'എന്റെ വാര്‍ഡിനോട് ചേര്‍ന്നാണ് ഈ വിദേശമദ്യക്കട പ്രവര്‍ത്തിക്കുന്നത്. ഇതിനടുത്ത് താമസിക്കുന്ന ഒരു ചേച്ചി എന്നോട് ഇന്നുരാവിലെയും പരാതി പറഞ്ഞു.

ഇവിടുത്തെ വിദേശമദ്യക്കടയില്‍ നിന്ന് മദ്യം വാങ്ങി വരുന്നവര്‍ പൊലീസിനെയോ എക്‌സൈസിനെയോ കാണുമ്പോള്‍ നേരെ ആ ചേച്ചിയുടെ വീട്ടിലേക്ക് വണ്ടി വിടുകയാണ്. എന്നിട്ട് അവരോട് പറയും; ആന്റീ ഞങ്ങള്‍ കൂടുതല്‍ മദ്യം വാങ്ങിയിട്ടുണ്ട്. പൊലീസ് പിന്നാലെയുണ്ട്. തല്‍ക്കാലം ഇതൊന്ന് ഒളിപ്പിക്കാന്‍ ആന്റി ഒന്ന് അഡ്ജസ്റ്റ് ചെയ്യണം''. 'ടച്ചിംഗ്‌സ് ' ചോദിച്ചുപോലും ഈ വീട്ടില്‍ എത്തുന്നവരുണ്ടെന്ന് ഷെറിന്‍ പറഞ്ഞപ്പോള്‍ കൗണ്‍സിലര്‍മാര്‍ പൊട്ടിച്ചിരിച്ചു.'ഇതു തമാശയായി കാണരുത്. സീരിയസായാണ് ഞാന്‍ പറയുന്നത്. ' ഷെറിന്‍ കൗണ്‍സിലിനെ ഓര്‍മ്മിപ്പിച്ചു.
ഷെറിന്റെ വാദങ്ങള്‍ കേട്ടപ്പോള്‍ 'ആ ആന്റിയുടെ വീടിന് ഗേറ്റ് വച്ചാല്‍ പോരെ' എന്നായിരുന്നു വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെ പ്രതികരണം.ആന്റി എന്തിനാണ് രാത്രി ഒമ്പതുമണിക്ക് കതകും തുറന്നിട്ട് പുറത്തിരിക്കുന്നത് എന്നായിരുന്നു അഡ്വ. ബെറ്റി ഷാജുവിന്റെ ചോദ്യം.

'അല്പം മദ്യം ബോധത്തെ ഉണര്‍ത്തുമെന്ന് 'വിശുദ്ധ ബൈബിളില്‍ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സി.പി.എം. കൗണ്‍സിലറും പ്രതിപക്ഷ നേതാവുമായ റോയി ഫ്രാന്‍സിസിന്റെ അഭിപ്രായം. അങ്ങനെയെങ്കില്‍ റോയി എത്രയും വേഗം അല്പം മദ്യം കഴിക്കണമെന്ന ഭരണപക്ഷത്തെ ടോണി തോട്ടത്തിന്റെ കമന്റും നഗരസഭാ യോഗത്തില്‍ പൊട്ടിച്ചിരികളുയര്‍ത്തി.
തന്റെ വാര്‍ഡില്‍ നിന്ന് വിദേശമദ്യക്കടയെന്ന 'ദുരന്തം' ഒഴിവാക്കാന്‍ എല്ലാവരും സഹായിക്കണമെന്നായി ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി. മൂന്നു വാര്‍ഡിലെ ജനങ്ങള്‍ വിദേശമദ്യക്കടയ്‌ക്കെതിരെ നല്കിയ പരാതി ഉയര്‍ത്തിക്കാട്ടിയായിരുന്നു ചെയര്‍പേഴ്‌സന്റെ സഹായമഭ്യര്‍ത്ഥന. രണ്ടെണ്ണം വീശുന്ന സ്വഭാവം പാലാക്കാര്‍ക്ക് ഉള്ളതിനാല്‍ മദ്യക്കട നെല്ലിയാനിയില്‍ത്തന്നെ ഇരിക്കട്ടെ എന്നായിരുന്നു മുന്‍ ചെയര്‍പേഴ്‌സണ്‍ കൂടിയായ അഡ്വ. ബെറ്റി ഷാജുവിന്റെ അഭിപ്രായം.

നെല്ലിയാനിയിലെ പറമ്പുകളിലെ തെങ്ങിലൊന്നും ഇപ്പോള്‍ തേങ്ങയില്ലെന്ന് പ്രതിപക്ഷ നേതാവ് റോയി ഫ്രാന്‍സിസ് ചൂണ്ടിക്കാട്ടി. ''കുടിയന്മാര്‍തേങ്ങയും കരിക്കുമെല്ലാം ഇട്ടുകൊണ്ടുപോവുകയാണ്. എന്നാലും ഒരുമാസംകൂടി മദ്യക്കട നെല്ലിയാനിയില്‍ തന്നെ ഇരിക്കട്ടെ എന്നും പിന്നീട് അവിടെനിന്ന് മാറ്റുന്നുണ്ടെന്നാണ് തന്റെ അറിവെന്നും'' റോയി പറഞ്ഞു. എങ്ങോട്ടാണ് മാറ്റുന്നതെന്നായി ബി.ജെ.പിയിലെ അഡ്വ. ബിനു പുളിക്കക്കണ്ടത്തിന്റെ അന്വേഷണം. 'അതു പറയില്ല. സ്ഥലം പറഞ്ഞാല്‍ പാരവരും' റോയിയുടെ പ്രതികരണം.

നഗരസഭയിലെ ഏതെങ്കിലും വാര്‍ഡിലേയ്‌ക്കേ മദ്യക്കട മാറ്റൂവെന്നും ഇത് ഇടതുകാലിലെ മന്ത് എടുത്ത് വലതുകാലില്‍ വയ്ക്കുന്നതിന് തുല്യമല്ലേ എന്നുമായിരുന്നു ഭരണപക്ഷത്തെ ടോണി തോട്ടത്തിന്റെ സംശയം.

ഒടുവില്‍ ഈ വിഷയത്തില്‍ നിന്ന് കൗണ്‍സിലിന് തല ഊരാനുള്ള മാര്‍ഗ്ഗം സെക്രട്ടറി അജയ്കുമാര്‍ തന്നെ വിശദീകരിച്ചു. വിദേശമദ്യക്കട അധികാരികള്‍ നഗരസഭയില്‍ തന്നിരിക്കുന്ന ലൈസന്‍സിനുള്ള അപേക്ഷ അപൂര്‍ണ്ണമാണെന്ന് സെക്രട്ടറി ചൂണ്ടിക്കാട്ടി.

അങ്ങനെയെങ്കില്‍ അപേക്ഷ പരിഗണിക്കേണ്ട കാര്യമില്ലല്ലോ എന്ന വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്റെ വാദം കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. അങ്ങനെ വിദേശമദ്യക്കട അധികാരികളുടെ അപേക്ഷ പരിഗണിക്കാതെ തന്നെ തല്‍ക്കാലം നഗരസഭാ അധികൃതര്‍ മദ്യക്കടയ്ക്ക് ലൈസന്‍സ് കൊടുക്കുന്ന വിഷയത്തില്‍ നിന്ന് തലയൂരി.

Read more topics: pala, municipality,
English summary
pala municipality council meeting
topbanner topbanner

More News from this section

Subscribe by Email