Sunday July 21st, 2019 - 8:04:am
topbanner
topbanner

കർഷകർക്ക് നെല്ല് വില ഉടൻ നൽകാൻ നടപടി: മന്ത്രി വി.എസ്. സുനിൽകുമാർ

suvitha
കർഷകർക്ക് നെല്ല് വില ഉടൻ നൽകാൻ നടപടി: മന്ത്രി വി.എസ്. സുനിൽകുമാർ

കോട്ടയം: കർഷകരിൽ നിന്നും സിവിൽ സപൈ്ലസ് കോർപ്പറേഷൻ സംഭരിക്കുന്ന നെല്ലിന്റെ വില ഉടൻ തന്നെ കർഷകർക്ക് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി കാർഷികവികസന-കർഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. കുമരകം മെത്രാൻ കായൽ പടശേഖരത്ത് ഉൽപ്പാദിപ്പിച്ച നെല്ല് ഉപയോഗിച്ച ഒായിൽ പാം ഇന്ത്യയുടെ കീഴിലുളള വെച്ചൂർ മോഡേൺ റൈസ് മിൽ മുഖേന പുറത്തിറക്കിയ അരിയുടെ വിപണനോദ്ഘാടനം കോട്ടയത്ത് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കർഷകർ ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ നെല്ലും സിവിൽ സപൈ്ലസ് കോർപ്പറേഷൻ മുഖേന ഏറ്റെടുക്കുന്നതിനും നടപടിയുണ്ടാകും. നെല്ലിന്റെ വില കർഷകർക്ക് ബാങ്കുകൾവഴി നൽകും. ഇതു സംബന്ധിച്ച ധാരണാപത്രം ബാങ്കുകളുമായി ചേർന്ന് സർക്കാർ തയ്യാറാക്കിയിട്ടുണ്ട്. സഹകരണ ബാങ്കുകളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കർഷകർക്ക് ബാങ്കുകൾ നൽകുന്ന തുകയ്ക്ക് ഒൻപത് ശതമാനം പലിശ സർക്കാർ നൽകും. കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില യഥാസമയം ലഭ്യമാക്കാൻ സാധിക്കാതെ വന്നതുമൂലം കർഷകർ നേരിടുന്ന ബുദ്ധിമുട്ട് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ നടപടി സ്വീകരിച്ചിട്ടുള്ളതെന്ന് അദ്ദേഹം പറഞ്ഞു.

25 ഇനം വിളകൾ ഇൻഷ്വർ ചെയ്യുന്നതിന് ജൂലൈ ഒന്നിന് ആരംഭിക്കുന്ന പദ്ധതിയിൽ എല്ലാകർഷകരേയും നിർബന്ധമായും ചേർക്കണമെന്ന് കൃഷി വകുപ്പുദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടന്നും മന്ത്രി പറഞ്ഞു. കൃഷി ഇതര ആവശ്യത്തിനായി സ്വകാര്യകമ്പനി കർഷകരിൽ നിന്നും കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടി എട്ട് വർഷം തരിശ്ശിട്ടിരുന്ന മെത്രാൻ കായൽ പാടശേഖരത്ത് നെൽകൃഷി വീണ്ടെടുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളിൽ തുടക്കംമുതൽ പങ്കാളിയായ എം.കെ.കരുണാകരൻ എന്ന മുതിർന്ന കർഷകന് 450 രൂപ വിലയുള്ള 10 കിലോഗ്രാമിന്റെ അരി പാക്കറ്റ് നൽകിയായിരുന്നു ഉദ്ഘാടനം.

പ്രായാധിക്യം വകവെയ്ക്കാതെ കാർഷികരംഗത്ത് പ്രവർത്തിക്കുന്ന അദ്ദേഹത്തെ മന്തി പൊന്നാടയണിയിച്ചാദരിച്ചു. ഒാണത്തിനൊരുമുറം പച്ചക്കറി എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങിൽ അദ്ദേഹം നിർവ്വഹിച്ചു. ബാങ്ക് എംപ്ലോയീസ് ഹാളിൽ നടന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ. സുരേഷ് കുറുപ്പ് എം.എൽ.എ ,ജില്ലാ കളക്ടർ സി.എ.ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഒാഫീസർ സുമ ഫിലിപ്പ്, കൗൺസിലർ ജയ ശ്രീകുമാർ, ഒായിൽ പാം ഇന്ത്യ ഡയറക്ടർമാരായ എൻ. അനിരുദ്ധൻ, പി.എസ്. ചെറിയാൻ, മുൻ ചെയർമാൻ വി.ബി. ബിനു, അസിസ്റ്റന്റ് മാനേജർ വിനോയി കുമാർ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, കർഷകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഒായിൽ പാം ഇന്ത്യ ചെയർമാൻ വിജയൻ കുനിശ്ശേരി സ്വാഗതവും മാനേജിംഗ് ഡയറക്ടർ എസ്.കെ. സുരേഷ് നന്ദിയും പറഞ്ഞു.

English summary
Action on the paddy price immediately: Minister VS Sunil Kumar
topbanner

More News from this section

Subscribe by Email