Sunday September 23rd, 2018 - 3:05:am
topbanner

വികസനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന: മുഖ്യമന്ത്രി

NewsDesk
വികസനത്തിനായി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് പ്രത്യേക പരിഗണന: മുഖ്യമന്ത്രി

കൊച്ചി: വികസനത്തിനുളള ജനാഭിലാഷം പൂര്‍ത്തീകരിക്കുമ്പോള്‍ ബുദ്ധിമുട്ടുണ്ടാകുന്നത് പരമാവധി പരിഹരിച്ച് അക്കൂട്ടര്‍ക്ക് പ്രത്യേക പരിഗണന നല്കുന്നതാണ് സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യാഥാര്‍ഥ്യബോധത്തോടെയുളള സമീപനമാണ് വികസനത്തിലേക്കുളള വഴിയെന്നും അദ്ദേഹം പറഞ്ഞു. പച്ചാളം റയില്‍വെ മേല്‍പ്പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
 
പച്ചാളം മേല്‍പ്പാലത്തിനായി സ്ഥലം വിട്ടുകൊടുത്തവര്‍ക്ക് നന്ദി പറഞ്ഞ മുഖ്യമന്ത്രി ജനകീയമായ ഇടപെടലുകളും കൂട്ടായ്മയുമാണ് വികസനത്തിന് ആധാരമെന്ന് പറഞ്ഞു. കൊച്ചി മെട്രോ പദ്ധതിക്കായി എല്ലാവരുടെയും സഹകരണത്തോടെ എളുപ്പത്തില്‍ സ്ഥലമേറ്റെടുക്കാനായി. ഇത്തരം കൂട്ടായ്മ പുതുവിജയമാണെന്നും ഒന്നിച്ചു പ്രവര്‍ത്തിച്ചാല്‍ കേരളത്തെ എവിടെയും എത്തിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. ഈ കൂട്ടായ്മ പുതുസംരംഭങ്ങള്‍ക്ക് വലിയ പ്രചോദനമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
 
പച്ചാളം മേല്‍പ്പാലത്തില്‍ ടോള്‍ പിരിക്കില്ലെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച റയില്‍വെയുടെ ചുമതല വഹിക്കുന്ന ഊര്‍ജമന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രഖ്യാപിച്ചു. പണി മുഴുവന്‍ കഴിഞ്ഞ മേല്‍പ്പാലം കൊച്ചി നഗരസഭയ്ക്കു വിട്ടുകൊടുക്കുകയാണെന്നും അവരും ടോള്‍ പിരിക്കരുതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
 
നേരത്തെ ചാത്യാത്ത് മൗണ്ട് കാര്‍മല്‍ പളളിക്കു മുമ്പില്‍ നിന്ന് നാട്ടുകാരുടെയും താളമേളങ്ങളുടെയും അകമ്പടിയോടെയാണ് മുഖ്യമന്ത്രിയേയും സംഘത്തെയും പാലത്തിലേക്ക് ആനയിച്ചത്. പാലത്തിന്റെ ഉദ്ഘാടനം നടത്തിയ മുഖ്യമന്ത്രിയും സംഘവും തുടര്‍ന്നാണ് വേദിയിലെത്തിയത്.
 
ചടങ്ങില്‍ ഫിഷറീസ് മന്ത്രി കെ.ബാബു, മേയര്‍ സൗമിനി ജയിന്‍, പ്രൊഫ.കെ.വി. തോമസ് എം.പി, എം.എല്‍.എമാരായ ഡോമിനിക് പ്രസന്റേഷന്‍, ലൂഡി ലൂയിസ്, മുന്‍ എം.പി ചാള്‍സ് ഡയസ്, ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ ഡപ്യൂട്ടി മേയര്‍ ടി.ജെ.വിനോദ്, ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്‍, ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം, കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, കൗണ്‍സിലര്‍മാരായ ആല്‍ബര്‍ട് അമ്പലത്തിങ്കല്‍, ഒ.പി.സിനില്‍, ഡലീന പിന്‍ഹീറോ, ആന്‍സ തുടങ്ങിയവര്‍ പങ്കെടുത്തു. ഹൈബി ഈഡന്‍ എം.എല്‍.എ സ്വാഗതം പറഞ്ഞു.

English summary
pachalam railway over bridge inaugurated by CM Ommen Chandy
topbanner

More News from this section

Subscribe by Email