തളിപ്പറമ്പ്: പൂക്കളും പുൽച്ചെടികളും നിറഞ്ഞ പൂന്തോട്ടത്തേക്കാൾ ഒരു വീട്ടിന് വേണ്ടത് വിഷവസ്തുക്കളില്ലാത്ത പച്ചക്കറികൾ വിടർന്നു നിൽക്കുന്ന പച്ചക്കറി തോട്ടമാണെന്ന് തിരിച്ചറിഞ്ഞ തസീറ എന്ന വീട്ടമ്മ ലക്ഷങ്ങൾ ചെലവഴിച്ച് വീടിന് മുന്നിൽ പണിത ഗാർഡൻ നീക്കം ചെയ്ത് ആരംഭിച്ച പച്ചക്കറി കൃഷി നാടിന് മുഴുവൻ മാതൃകയായി.
പരിയാരം കോരൻപീടികയിൽ താമസിക്കുന്ന മാതമംഗലം സ്വദേശിനി മീത്തലെ പുരയിൽ തസീറയാണ് ഈ മാതൃകാ വനിത. അച്ചടി-ദൃശ്യ മാധ്യമങ്ങളിൽ നിന്നുള്ള പ്രചോദനത്തോടൊപ്പം ഭർത്യ മാതാവ് കെ.പി.മറിയം വീടിന് ചുറ്റും നട്ടുപിടിപ്പിച്ച നാടൻ മുരിങ്ങ മരങ്ങളുമാണ് ഇവരെ കാർഷിക രംഗത്തേക്ക് നയിച്ചത്. മൂന്ന് മാസം മുമ്പാണ് ഗാർഡൻ പൂർണമായി നീക്കം ചെയ്ത് പകരം പച്ചക്കറി കൃഷി ചെയ്തു തുടങ്ങിയത്. 22 സെന്റ് സ്ഥലത്തുള്ള വീടിന്റെ പരിസരം പരമാവധി ഉപയോഗപ്പെടുത്തിയാണ് കൃഷി.
പരിയാരം കൃഷിഭവൻ അധികൃതരുടെ സഹായത്തോടെ വെണ്ട, വഴുതിന, ഇഞ്ചി, പച്ചമുളക്, തക്കാളി, ചീര, വിവിധയിനംപയർ വർഗങ്ങൾ എന്നിവയ്ക്ക് പുറമെ മല്ലിയില, പുതിനയില എന്നിവയും ഈ വീട്ടമ്മയുടെ കൃഷിയിടത്തിൽ തഴച്ചുവളരുന്നുണ്ട്.
പൊതുവെ അന്യസംസ്ഥാനങ്ങളിൽ നിന്നും ഏറ്റവും വിഷം തളിച്ചെത്തുന്നത് മല്ലിയിലയും പുതിനയിലയുമാണെന്ന പത്രവാർത്തകളാണ് ഇവ വളർത്താൻ പ്രേരകമായതെന്ന് തസീറ പറയുന്നു. ആദ്യമൊന്നും വഴങ്ങിയില്ലെങ്കിലും മല്ലിയും പുതിനയുമൊക്കെ ഇവിടെ ഇഷ്ടം പോലെ വിളയുന്നു. വീട്ടുപരിസരത്തെ പശുക്കളെ വളർത്തുന്ന വീടുകളിൽ നിന്ന് ശേഖരിക്കുന്ന ചാണകവും പിണ്ണാക്കും മാത്രമാണ് പച്ചക്കറിക്ക് നൽകുന്ന വളങ്ങൾ. നേർപ്പിച്ച ചാണക സ്ളറിയും ചെടികൾക്ക് നൽകുന്നു.
യാതൊരു വിധ കീടനാശിനികളും ചെടികളിൽ തളിക്കുന്നില്ല. കൃഷിഭവൻ അധികൃതർക്ക് പുറമെ മുക്കുന്നിലെ പരമ്പരാഗത പച്ചക്കറി കൃഷിക്കാരൻ ചന്ദ്രന്റെ ഉപദേശങ്ങളും തേടുന്നുണ്ട്. നിരവധി പേരാണ് തസീറയുടെ പച്ചക്കറി കൃഷി കാണാനെത്തുന്നത്. കൃഷിഭവന്റെ സഹായത്തോടെ ഇവിടെ ജലസേചനത്തിനായി സ്രിപ്പ് ഇറിഗേഷൻ സംവിധാനവും അടുത്തിടെ ഏർപ്പെടുത്തിയിട്ടുണ്ട്. വീടിനു മുന്നിൽ ലക്ഷങ്ങൾ ചെലവഴിച്ച് പൂച്ചെടികളും പുല്ലുകളും വളർത്തിയ പലരും തസീറയുടെ കൃഷിയിൽ നിന്ന് പ്രചോദിതരായി ഇത്തരത്തിൽ കൃഷി ആരംഭിച്ചു കഴിഞ്ഞു.
വീടിലെ ആവശ്യത്തിന് ഉള്ളി ഒഴികെ മറ്റൊരു പച്ചക്കറിയും കടകളിൽ നിന്ന് വാങ്ങാത്ത തസീറ താൻ വളർത്തുന്ന പച്ചക്കറികൾ ആവശ്യമുള്ളവ കഴിച്ച് ബാക്കി അയൽക്കാർക്കും ബന്ധുക്കൾക്കും നൽകാനും മടി കാണിക്കുന്നില്ല. എങ്കിലും ഇത്തിരി സ്ഥലമാണെങ്കിൽ പോലും അവിടെ എന്തെങ്കിലും നട്ടുനനച്ച് വളർത്തണമെന്ന് ഈ വീട്ടമ്മ എല്ലാവരേയും ഓർമിപ്പിക്കുന്നു.
ഭർത്താവും പൊതു പ്രവർത്തകനുമായ മൊയ്തുവും മക്കളായ തഷ്ഫിൻ, റിത, തഷ എന്നിവരും കൃഷിക്ക് എല്ലാവിധ പിന്തുണയും നൽകുന്നു. രാവിലെയും വൈകുന്നേരവുമാണ് മറ്റ് ജോലികൾ കഴിഞ്ഞുള്ള സമയം കൃഷിപ്പണിക്കായി നീക്കിവെക്കുന്നത്. തസീറയുടെ സഹോദരിമാരായ വിദേശത്തുള്ള സജനയും മാതമംഗലത്തുള്ള ഷബ്നയും ഷബ്റിയും സഹോദരിയെ മാതൃകയാക്കി കൃഷി തുടങ്ങിക്കഴിഞ്ഞു.