Friday July 20th, 2018 - 12:07:pm
topbanner
Breaking News

നാടക കലാസാഹിത്യ രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ അതുല്ല്യ പ്രതിഭ ഒ.കെ കുറ്റിക്കോല്‍ ഓര്‍മ്മയായി

SNEHA
നാടക കലാസാഹിത്യ രാഷ്ട്രീയസാംസ്‌കാരിക രംഗത്തെ അതുല്ല്യ പ്രതിഭ ഒ.കെ കുറ്റിക്കോല്‍ ഓര്‍മ്മയായി

 

തളിപ്പറമ്പ് : മലയാള നാടകവേദിയിലെ അതുല്യപ്രതിഭയായിരുന്ന ഒ.കെ.കുറ്റിക്കോല്‍ അന്തരിച്ചു 74 വയസായിരുന്നു. ഒ.കെ കുറ്റിക്കോലിന് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, എംപിമാര്‍ തുടങ്ങിയ പ്രമുഖരടക്കം സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട നൂറുക്കണക്കിന് ആളുകള്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഒ.കെ കുറ്റിക്കോലിന്റെ വിയോഗം കലാ രാഷ്ട്രീയ സാംസ്‌കാരിക രംഗത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഞായറാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അന്ത്യം.ഹൃദയവാല്‍വിന് തകരാര്‍ സംഭവിച്ചതിനാല്‍ ഏറെക്കാലമായി ചികിത്സ നടത്തിവരികയായിരുന്നു. രോഗം കലശലായതിനെ തുടര്‍ന്ന് ശനിയാഴ്ച്ച രാത്രി തളിപ്പറമ്പ് ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുയും അവിടെവച്ച് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം രാവിലെ 10 മണി മുതല്‍ വൈകീട്ട് 3 വരെ കുറ്റിക്കോല്‍ പൊതുജന വായനശാലയില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനം നടന്നു. ഒ.കെ.കുറ്റിക്കോലിന്റെ അഭിലാഷപ്രകാരം ഭൗതിക ശരീരം പരിയാരം മെഡിക്കല്‍ കോളജിന് കൈമാറി.

നാടകത്തിലൂടെ സമകാലിക വിഷയങ്ങള്‍ സമൂഹത്തിന് മുമ്പിലെത്തിച്ച അപൂര്‍വ്വ പ്രതിഭയെന്നാണ് മന്ത്രി കെ.കെ.ശൈലജ വിശേഷിപ്പിച്ചത്. കലാസാഹിത്യ പ്രവര്‍ത്തനം സമൂഹത്തിനായി നടത്തിയ വിപ്ലവകാരിയാണ് ഒ.കെ.കുറ്റിക്കോലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. . നാടകരംഗത്തെ സഹപ്രവര്‍ത്തകരായിരുന്ന ഇബ്രാഹിം വെങ്ങര, കരിവെള്ളൂര്‍ മുരളി, സിനിമാ നടന്‍ സന്തോഷ് കീഴാറ്റൂര്‍ എന്നിവരും ഒ.കെ.കുറ്റിക്കോലിനൊപ്പമുള്ള ഓര്‍മ്മകള്‍ക്കു മുന്നില്‍ അന്തിമോപചാരമര്‍പ്പിച്ചു..

എം.പി.മാരായ പി.കെ.ശ്രീമതി, കെ.കെ.രാഗേഷ്, ജയിംസ് മാത്യു എം.എല്‍.എ, തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് രജനി രമാനന്ദ് തുടങ്ങി നാടിന്റെ നാനാതുറകളില്‍ പെട്ടവര്‍ അന്തിമോപചാരമര്‍പ്പിച്ചു.

ഓല്‍നിടിയന്‍ കരുണന്‍ കുറ്റിക്കോല്‍ എന്നതാണ് ഒ.കെ.കുറ്റിക്കോലിന്റെ യഥാര്‍ത്ഥ നാമം. പ്രതിഭ കൊണ്ട് ഉന്നതിയില്‍ നിന്നപ്പോഴും ഖാദി ജുബ്ബയും മുണ്ടും ധരിച്ച് കയ്യിലൊരു തുണിസഞ്ചിയുമായി തളിപ്പറമ്പിന്റെ നഗരവീഥിയിലൂടെ നടന്നു നീങ്ങുന്ന ഈ മനുഷ്യന്‍ ലാളിത്യത്തിന്റെ പ്രതീകം കൂടിയാണ്. സാധാരണ കുടുംബത്തില്‍ ജനിച്ച കരുണാകരന്‍ ഉപജീവനമായി തിരഞ്ഞെടുത്തത് അധ്യാപനമായിരുന്നു. 1997 ല്‍ ചെറിയൂര്‍ ഗവ.യു.പി.സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ചു. കൗമാരത്തിലെ കലയോടുള്ള അഭിനിവേശം മൂലം നാടകത്തെ മാറോടണച്ചു. ആറ് പതിറ്റാണ്ട് കാലം ഉറക്കമിളച്ചും മലബാറിലെ ഗ്രാമീണ മേഖലകളില്‍ ഓടിനടന്ന് നാടകപ്രവര്‍ത്തനം നടത്തി. ഏവരാലും പ്രശംസിക്കപ്പെട്ട സംവിധാന ശൈലിയായിരുന്നു ഒ.കെ.കുറ്റിക്കോലിന്റെത്. അവിടെ മാത്രം ഒതുങ്ങി നിന്നില്ല ആ പ്രതിഭ. നാടകകൃത്തായി, നടനായി, കണ്ണൂര്‍ സംഘചേതനയുടെ എക്കാലത്തെയും മികച്ച ചമയക്കാരിലൊരാളായി.

നാടകം ഇവിടെ പൂര്‍ണ്ണമാകുന്നു.... നാടകാവസാനം നാം സ്ഥിരമായി കേള്‍ക്കുന്ന ഒരു അറിയിപ്പാണിത്. അതോടെ രംഗത്തെ ദീപങ്ങള്‍ സാവധാനം മങ്ങിവരും, രംഗപടം പതിയെ താഴ്ന്നുവരും. നാടകത്തെയും കലാ സാംസ്‌കാരിക സാമൂഹിക പ്രവര്‍ത്തനങ്ങളെയും നെഞ്ചിലേറ്റി, ജീവശ്വാസമായി കൊണ്ടുനടന്ന ഒരാള്‍ ജീവിതത്തില്‍നിന്ന് ഒരു അറിയിപ്പുമില്ലാതെ വിടപറഞ്ഞിരിക്കുന്നു. ഒ.കെ കുറ്റിക്കോല്‍ എന്ന അതുല്ല്യ പ്രതിഭ ജീവിത നാടകത്തിലെ അവസാന സീനും തീര്‍ത്ത് അരങ്ങൊഴിഞ്ഞു.

 

English summary
ok kutikkol a talented artist in the arts and culture of theater, remembered
topbanner

More News from this section

Subscribe by Email