Wednesday August 15th, 2018 - 11:21:am
topbanner
Breaking News

ജീവനക്കാരില്ലാതെ ഫാർമസി; ആലപ്പുഴ മെഡിക്കൽ കോളേജിൽ രോഗികൾ ക്യൂ നിന്ന് വലയുന്നു

Neethu
ജീവനക്കാരില്ലാതെ ഫാർമസി; ആലപ്പുഴ മെഡിക്കൽ കോളേജിൽ രോഗികൾ ക്യൂ നിന്ന് വലയുന്നു

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഫാര്‍മസിയില്‍ വേണ്ടത്ര ജീവനക്കാരില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. തിങ്കള്‍ മുതല്‍ ശനിവരെ എല്ലാ ദിവസവും ഒ.പി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ചില പ്രത്യേക വിഭാഗം ഒ.പിയുംകൂടി പ്രവര്‍ത്തിക്കുന്നതിനാല്‍ അന്യജില്ലകളില്‍നിന്നുള്‍പ്പെടെ ആയിരക്കണക്കിന് രോഗികളാണ് ഈ ദിവസങ്ങളില്‍ എത്തുന്നത്.

എന്നാല്‍ പരിശോധന കഴിഞ്ഞ് മരുന്നിനായി ഫാര്‍മസിയില്‍ എത്തുന്ന രോഗികള്‍ക്ക് മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ട അവസ്ഥയാണുള്ളത്. ദൂരെ സ്ഥലങ്ങളില്‍നിന്നും യാത്രചെയ്ത് രാവിലെ ഏഴുമണി മുതല്‍ ഒ.പി. ചീട്ടെടുക്കാനും ഡോക്ടറെ കാണുവാനുമായി മണിക്കൂറുകള്‍ കാത്തുനിന്ന് അവശരായി മരുന്നു വാങ്ങുവാന്‍ ഫാര്‍മസിയിലെത്തുന്ന രോഗികള്‍ക്കാണ് വീണ്ടും രണ്ടും മൂന്നും മണിക്കൂറുകള്‍ ക്യൂനില്‍ക്കേണ്ടതായി വരുന്നത്.

ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകള്‍ നിന്നും ഇരുന്നും മടുത്ത് നടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ് രോഗികള്‍ ഫാര്‍മസിയില്‍നിന്നു മരുന്നു വാങ്ങി തിരികെ പോകുന്നത്. പല രോഗികള്‍ക്കും ചീട്ടുമായി ഇത്രയധികം ത്യാഗം സഹിച്ച് കൗണ്ടറില്‍ ചെല്ലുമ്പോഴാണ് കുറുപ്പടിയിലുള്ള മരുന്നുകള്‍ ഇല്ലെന്നറിയുന്നത്. അഥവാ അഞ്ചും ആറും തരം മരുന്നുകള്‍ കുറിച്ചിട്ടുണ്ടെങ്കിലും ചിലപ്പോള്‍ ഒന്നോ രണ്ടോ മരുന്നുകളേ കാണാറുള്ളൂ. ആദ്യംതന്നെ ചീട്ടുകള്‍ നോക്കി മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് വിവരം നല്‍കാന്‍ ജോലിക്കാരുണ്ടായിരുന്നുവെങ്കില്‍ മരുന്നുകള്‍ ഇല്ലാത്ത കുറിപ്പടിയുമായി രോഗികള്‍ മണിക്കൂറുകളോളം ക്യൂനിന്നശേഷം നിരാശരായി മടങ്ങിപ്പോകേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ല.

ആയിരക്കണക്കിന് രോഗികളെത്തുന്ന ഇവിടെ പതിനഞ്ചോളം കൗണ്ടറുകളും അതിനനുസരിച്ച് ജീവനക്കാരും വേണ്ടിടത്ത് ആകെയുള്ളത് നാലു കൗണ്ടറുകളും വിരലിലെണ്ണാവുന്ന ജീവനക്കാരും മാത്രമാണ്. തീരെ ഇടുങ്ങിയ ഒരു വരാന്തയിലാണ് നൂറുകണക്കിന് രോഗികള്‍ നിന്നുതിരിയാന്‍ പോലും സ്ഥലമില്ലാതെ മണിക്കൂറുകള്‍ മരുന്നിനായി കാത്തുനില്‍ക്കുന്നത്. രോഗികള്‍ കൂടുതലുള്ള ദിവസങ്ങളില്‍ വരാന്തയില്‍ തിങ്ങിനിറഞ്ഞ് പുറത്ത് വെയിലും മഴയും കൊണ്ട് വേണം രോഗികള്‍ നില്‍ക്കാന്‍.

ജീവനക്കാരുടെ എണ്ണം കൂട്ടണമെന്നും രോഗികള്‍ക്ക് നില്‍ക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കണമെന്നും മാസങ്ങള്‍ക്ക് മുമ്പ് ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ മന്ത്രി ആശുപത്രി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും നാളിതുവരെയും യാതൊരു നടപടിയും എടുത്തിട്ടില്ല. ആശുപത്രി വികസന ഫണ്ടില്‍ നിന്നും നിരവധി തുക അത്യവശ്യമില്ലാത്ത പലതിനും ഉപയോഗിക്കുന്നുണ്ടെങ്കിലും വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെടുന്ന ഫാര്‍മസിയിലെ ദുരിതത്തിന് നടപടിയില്ല.

English summary
no staf medical college hospital
topbanner

More News from this section

Subscribe by Email