Wednesday September 26th, 2018 - 3:21:am
topbanner

നിപ വൈറസ് ബാധ: ആശങ്കപ്പെടേണ്ടെതില്ലെന്ന് മന്ത്രി കെകെ ശൈലജ

Aswani
 നിപ വൈറസ് ബാധ: ആശങ്കപ്പെടേണ്ടെതില്ലെന്ന്  മന്ത്രി കെകെ ശൈലജ

മലപ്പുറം: നിപവൈറസ് ബാധ സംബന്ധിച്ച് പൊതുജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. സാഹചര്യങ്ങൾ നേരിടാൻ സർക്കാർ സംവിധാനങ്ങൾ സജ്ജമാണ്. പ്രതിരോധന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്. നിപവൈറസ് ബാധമൂലം മരിച്ച മൂന്ന് മലപ്പുറം സ്വദേശികളിലേക്ക് രോഗം പകർന്നത് രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കെത്തിയവരിൽ നിന്നാണ്. നിപ വൈറസ് ഉറവിടം മലപ്പുറത്ത് ഉള്ളതായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും ജാഗ്രത പുലർത്തണം. വൈറസ് ബാധയുള്ളവരുമായി സമ്പർത്തിക്കത്തിലായിരുന്നവരെ പ്രത്യേകം കണ്ടെത്തി നിരീക്ഷിച്ച് വരികയാണ്. നിപവൈറസ് ലക്ഷണം കണ്ടെത്തിയ 18 പേരുടെ സാമ്പിളുകൾ പരിശോധിച്ചെങ്കിലും 12 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 10 പേർ മരണപ്പെടുകയും രണ്ട് പേർ അത്യാസന്ന നിലയിലുമാണ്. ആറ് പേർക്ക് വൈറസ് ബാധയില്ലെന്നും മന്ത്രി പറഞ്ഞു.

അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിന് മലപ്പുറം കോഴിക്കോട് ജില്ലകളിലെ സർക്കാർ -സ്വകാര്യ ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. രോഗ ബാധ സംശയിക്കുന്നവരുടെ സാമ്പിളുകൾ മണിപ്പാലിലേക്ക് അയക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം പനിബാധിതരെ ചികിത്സിക്കുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകർ വ്യക്തിഗത സുരക്ഷാ യൂനിറ്റുകൾ ഉപയോഗിക്കുകയും മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. വൈറസ് ബാധ സംശയിക്കുന്ന രോഗികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിന് മുമ്പ് ജില്ലാ മെഡിക്കൽ ഒാഫീസറെ അറിയിക്കണം. അതീവ മുൻകരുതലോടെ മാത്രമേ ഇത്തരം രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റാവൂ. എല്ലാ ആശുപത്രികളും ചികിത്സാ മാനദണ്ഡം നിർബന്ധമായും പാലിക്കണം. ഒാരോ ആശുപത്രികയിലും പനി ബാധിച്ച് ചികിത്സക്കെത്തുന്നവരുടെ വിവരങ്ങൾ അതത് ദിവസം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കണം.

മന്ത്രിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. എംഎംൽഎമാരായ പി അബ്ദുൽ ഹമീദ്, എം ഉമ്മർ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ എൽ സരിത, ജില്ലാ കലക്ടർ അമിത് മീണ, മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർ അരുൺ, കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ജനറൽ മാനേജർ ഡോ. ദിലീപ്, ജില്ലാ മെഡിക്കൽ ഒാഫീസർ ഡോ. കെ സക്കീന, കേന്ദ്ര ആരോഗ്യ സംഘത്തിലുള്ള എൻസിഡിസി ഡയറക്ടർ ഡോ. സുജീത് സിങ്, എൻസിഡിസി എപിഡമോളജി വകുപ്പ് മേധാവി ഡോ. എസ്കെ ജയിൻ, ഡിവൈഎസ്പി ജലീൽ തോട്ടത്തിൽ, ഡോക്ടർമാർ, ആശുപത്രി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

Read more topics: nipha, malappuram,k k shylaja
English summary
nipah virus; don't be afraid: minister k k shylaja
topbanner

More News from this section

Subscribe by Email