Tuesday April 24th, 2018 - 4:41:am
topbanner

അര നൂറ്റാണ്ടുപിന്നിട്ട ദേശീയ റെക്കോഡുമായി ഡോ. സെബാസ്റ്റ്യന്‍ നരിവേലി

fasila
അര നൂറ്റാണ്ടുപിന്നിട്ട ദേശീയ റെക്കോഡുമായി ഡോ. സെബാസ്റ്റ്യന്‍ നരിവേലി

പാലാ: അപൂര്‍വ്വ റെക്കോഡുകളിൽ അരനൂറ്റാണ്ടിന്റെ തിളക്കവുമായി പാലായുടെ സ്വന്തം ഡോ. വി.ജെ. സെബാസ്റ്റ്യന്‍ നരിവേലി. ലിംകാ ബുക്ക് ഓഫ് റെക്കോഡ്‌സ് 2001-ല്‍ 'ഇന്‍ഡ്യാസ് യംഗസ്റ്റ് ലക്ചറര്‍' എന്ന് അംഗീകരിച്ച സെബാസ്റ്റ്യന്‍ നരിവേലി ഈ അസാധാരണതയില്‍ 2017 ജൂലൈ 11-ന് 50 വര്‍ഷം പൂര്‍ത്തിയാക്കുന്നു.

18-ാം വയസ്സില്‍ പാലാ സെന്റ് തോമസ് കോളേജിലായിരുന്നു അദ്ധ്യാപന രംഗത്തെ ഈ അസാധാരണ അരങ്ങേറ്റം. ഇപ്പോള്‍ കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ഹ്യുമാനിറ്റീസ് വകുപ്പ് മേധാവിയായ ഡോ. നരിവേലി ലോകമലയാളികളില്‍ ഏറ്റം കുറഞ്ഞ പ്രായത്തില്‍ ഡിഗ്രി കരസ്ഥമാക്കിയിട്ട് 52 വര്‍ഷം പൂര്‍ത്തിയാക്കി.

ഇതിനിടെ 1965 മുതല്‍ 99 വരെ ''ഇന്ത്യയിലെ ഏറ്റം പ്രായം കുറഞ്ഞ ബിരുദധാരി'' എന്ന സ്ഥാനവും നേടി. പി.എസ്.സി. ഗൈഡുകള്‍, ക്വെസ്റ്റ്യന്‍ബാങ്ക്, ക്വിസ് മത്സരങ്ങള്‍ തുടങ്ങിയവയില്‍ സജീവ ''സാന്നിധ്യ''മാണ് സെബാസ്റ്റ്യന്‍. എച്ച് & സി പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച 3333 - ക്വിസ് 2016-ലും പ്രൊഫ നരിവേലി ''ഉത്തര''ത്തില്‍ പ്രത്യക്ഷപ്പെടുന്നു.

കോട്ടയം ജില്ലയില്‍ പാലായ്ക്ക് സമീപം കൊഴുവനാല്‍ ഗ്രാമത്തില്‍ ഈറാനിമോസ് നരിവേലി - മേരിക്കുട്ടി ദമ്പതികളുടെ ഒമ്പതു മക്കളില്‍ രണ്ടാമന്‍ പാഠ്യരംഗത്ത് ഹരിശ്രീ കുറിച്ചത് 3-ാം വയസ്സില്‍ രണ്ടാം ക്ലാസില്‍. നാല്, അഞ്ച് ക്ലാസുകളിലെ പഠനം വീട്ടില്‍. കൊഴുവനാല്‍ സെന്റ് ജോണ്‍ നെപുംസ്യാന്‍സ് യു.പി. സ്‌കൂളില്‍ 6-ാം ക്ലാസില്‍ ചേരുമ്പോള്‍ വയസ് 6.

തുടര്‍ന്ന് മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളില്‍ നിന്ന് 12-ാം വയസ്സില്‍ 11-ാം ക്ലാസ് പിന്നിട്ടു. ടീനേജിനു മുമ്പുതന്നെ പാലാ സെന്റ് തോമസ് കോളേജില്‍ പ്രീ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായി. തുടര്‍ന്ന് ബി.എ. 1965-67-ല്‍ സെന്റ് തോമസിലെ ഇംഗ്ലീഷ് എം.എ. പ്രഥമ ബാച്ചില്‍ പ്രവേശനം. തിരുവനന്തപുരം സ്വദേശി ഡോ. ശിവരാമ സുബ്രമണ്യ അയ്യരായിരുന്നു സെന്റ് തോമസില്‍ ഇംഗ്ലീഷ് എം.എ. ആദ്യ ബാച്ചുകളുടെ മുഴുസമയ കോ-ഓര്‍ഡിനേറ്റര്‍.

തന്റെ പ്രിയ ശിഷ്യന് അദ്ദേഹം നല്‍കിയ പേര് ''പ്രോബ്‌ളം ചൈല്‍ഡ്''. സംസ്ഥാനത്ത് നിരവധി ജൂനിയര്‍ കോളേജുകള്‍ തുടങ്ങുകയും പലതും അപ്‌ഗ്രേഡ് ചെയ്യപ്പെടുകയും ചെയ്ത 1964-69 കാലഘട്ടത്തില്‍, ഇംഗ്ലീഷ് എം.എ. ബിരുദധാരികള്‍ക്ക ഏറെ ജോലി സാധ്യത ഉണ്ടായിരുന്നു. അങ്ങനെ ഒരപേക്ഷ പോലും എഴുതാതെ സെബാസ്റ്റ്യന്‍ ലക്ചററായി.

പില്‍ക്കാലത്ത് ജോലി ചെയ്ത രണ്ടു സ്ഥാപനങ്ങളിലും ജോലിക്ക് അപേക്ഷിക്കേണ്ടി വന്നില്ല എന്ന അപൂര്‍വ്വതയും പിന്നീട് സെബാസ്റ്റ്യനെ തേടിയെത്തി. സെബാസ്റ്റ്യന്‍ നരിവേലി പല ക്ലാസുകളിലും തന്നെക്കാള്‍ പ്രായം കൂടിയ വിദ്യാര്‍ത്ഥികളെകണ്ട് അമ്പരന്നു. ഏറ്റം പ്രായം കുറഞ്ഞ സഹപാഠികളും നിരവധി മുന്‍വിദ്യാര്‍ത്ഥികളും റിട്ടയര്‍ ചെയ്തിട്ടു നാലഞ്ചുവര്‍ഷംകൂടി സെബാസ്റ്റ്യന്‍ സര്‍വ്വീസില്‍ തുടര്‍ന്നത് പലര്‍ക്കും ജിജ്ഞാസ ഉളവാക്കി.

ഇംഗ്ലീഷ് ബിരുദാനന്തര-ഗവേഷണ വിഭാഗം മേധാവിയായി പാലാ സെന്റ് തോമസില്‍ നിന്ന് 2004-ല്‍ വിരമിച്ച സെബാസ്റ്റ്യന്‍ നരിവേലി അധ്യാപന രംഗത്ത് സജീവമാണ് ഈ അനന്യസാധാരണന്‍. 'ഏറ്റം എളിയവരില്‍ ഒരുവന്‍', 'അറ്റ് ദ് ടൈ്വലൈറ്റ് ഓഫ് എ. ഫ്‌റൂട്ട്ഫുള്‍ സെഞ്ച്വറി' എന്ന രണ്ടു പുസ്തകങ്ങള്‍ രചിച്ച ഡോ. നരിവേലി ദിനപത്രങ്ങളിലും ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്.

മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലും പിന്നീട് പാലാ അല്‍ഫോന്‍സാ കോളേജിലും കെമിസ്ട്രി പ്രൊഫസറായി വിരമിച്ച ത്രേസ്യാമ്മ ജേക്കബ് മാടപ്പള്ളിമറ്റം ആണ് സെബാസ്റ്റ്യന്‍ നരിവേലിയുടെ ഭാര്യ. രണ്ട് ആണ്‍മക്കളില്‍ മൂത്തയാള്‍ ബിപിന്‍, കുവൈറ്റില്‍ ഹുവാവൈ കമ്പനിയില്‍ സീനിയര്‍ സെയില്‍സ് മാനേജര്‍. ഭാര്യ ഫെബി ജോസ് ആണ്ടാശ്ശേരി. മക്കള്‍: റയന്‍, സെറാ. രണ്ടാമന്‍ ബോബി, മെല്‍ബണില്‍ ഡിസൈന്‍ എഞ്ചിനീയര്‍. ഭാര്യ - നമിത സക്കറിയ അത്തിക്കല്‍. മകന്‍ ജോര്‍ഡന്‍ ബോബി.

English summary
The national record of half a century goes to Dr. Sebastian Nariveli

More News from this section

Subscribe by Email