Friday May 24th, 2019 - 12:47:pm
topbanner
topbanner

നഞ്ചൻഗോഡ്-നിലംമ്പൂർ റെയിൽവെ: എംഎൽഎമാരുടെ സമ്മർദ്ദം ഫലം ചെയ്യുന്നില്ലെന്ന് ആക്ഷൻ കമ്മിറ്റി

സി.വി. ഷിബു
നഞ്ചൻഗോഡ്-നിലംമ്പൂർ റെയിൽവെ: എംഎൽഎമാരുടെ സമ്മർദ്ദം ഫലം ചെയ്യുന്നില്ലെന്ന് ആക്ഷൻ കമ്മിറ്റി

കൽപ്പറ്റ: നഞ്ചൻഗോഡ്-നിലംമ്പൂർ റെയിൽപാത യാഥാർഥ്യമാകുന്നതിലെ തടസങ്ങൾ നീക്കുന്നതിനു വയനാട്ടിലെ എംഎൽഎമാർ സർക്കാരിൽ ചെലുത്തുന്ന സമ്മർദം ഫലം ചെയ്യുന്നില്ലെന്ന് നീലഗിരി-വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ അഡ്വ.ടി.എം. റഷീദ്, അഡ്വ.പി. വേണുഗോപാൽ, പി.വൈ. മത്തായി, എം.എ. അസൈനാർ, ജോസ് കപ്യാരുമല, ജോർജ് നൂറനാൽ, മോഹൻ നവരംഗ്, ജോണി പാറ്റാനി എന്നിവർ വാർത്താസമ്മേളനത്തിൽ വിമർശിച്ചു.

റെയിൽ പദ്ധതിയോടുള്ള സംസ്ഥാന സർക്കാരിന്‍റെ നിഷേധാത്മക സമീപനത്തിനെതിരെ 23നു വയനാട് കളക്ടറേറ്റ് പടിക്കൽ പ്രതിഷേധസംഗമം നടത്തി മനുഷ്യ റെയിൽപാത നിർമിക്കുമെന്ന് അവർ അറിയിച്ചു. പാതയുടെ ഡിപിആർ തയ്യാറാക്കുന്നതിനു അനുവദിച്ച പണം ഡിഎംആർസിക്ക് നൽകുന്നതിലെ തടസം എന്തെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു.

കൊച്ചിയെ എഴ് മണിക്കൂർകൊണ്ട് ബംഗളൂരുമായി ബന്ധിപ്പിക്കാൻ സഹായിക്കുന്നതാണ് നഞ്ചൻഗോഡ്-നിലംമ്പൂർ പാത. സംസ്ഥാനത്തിന്‍റെ 80 ശതമാനം പ്രദേശങ്ങളിലും ഉള്ളവർക്ക് കാർണാടകയിലെ പ്രധാന പട്ടണങ്ങളിലും ഡൽഹി ഉൾപ്പെടെ ഉത്തരേന്ത്യൻ നഗരങ്ങളിലും എളുപ്പം എത്താൻ പാത ഉതകും.

നഞ്ചൻഗോഡ്-നിലംമ്പൂർ പാതയ്ക്ക് കേന്ദ്രാനുമതി ലഭിക്കുകയും 30 സംയുക്ത സംരംഭങ്ങളിൽ ഉൾപ്പെടുത്തി 3,000 കോടി രൂപ വകയിരുത്തുകയും ചെയ്തിട്ടുണ്ട്. പാതയുടെ ഡിപിആർ തയാറാക്കുന്നതിനു സംസ്ഥാന സർക്കാർ 2016 ജൂണിൽ ഡിഎംആർസിയെ ചുമതലപ്പെടുത്തുകയും ചെലവിനത്തിൽ എട്ടു കോടി രൂപ വകയിരുത്തുകയും ചെയ്തിരുന്നു.

പ്രാഥമിക ചെലവുകൾക്കായി രണ്ട് കോടി രൂപ ഡിഎംആർസിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനു സർക്കാർ ഉത്തരവും പുറപ്പെടുവിച്ചു. എന്നാൽ ഈ പണം നിക്ഷേപിക്കാതെ ഡിഎംആർസിയെ പദ്ധതിയിൽനിന്നു പിന്മാറുന്നതിനുള്ള ചരടുവലികളാണ് പിന്നീട് സർക്കാർതലത്തിൽ നടന്നത്.

സംയുക്ത സംരഭങ്ങളുടെ മുൻഗണനാപട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന നഞ്ചൻഗോഡ്-നിലംമ്പൂർ റെയിൽപാതയുടെ സർവേയ്ക്ക് സംസ്ഥാന വനം വകുപ്പ് അനുമതി നൽകിയിട്ടില്ല. കർണാടക വനം വകുപ്പിന്‍റെ അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടികളും കേരള സർക്കാർ സ്വീകരിക്കുന്നില്ല.

സർവേയ്ക്ക് അനുമതി നൽകുന്നതിൽ തടസമില്ലെന്ന് കർണാടക വ്യക്തമാക്കിയാണ്. എന്നിട്ടും അനുമതി തേടിയുള്ള കത്ത് സംസ്ഥാന സർക്കാരോ കേരള റെയിൽ ഡവലപ്പ്മെന്‍റ് കോർപറേഷനോ കർണാടകയ്ക്ക് നൽകുന്നില്ല.

റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിലെ മൂന്ന് എംഎൽഎമാരും നടത്തുന്ന പരിശ്രമങ്ങൾക്ക് സർക്കാരിൽ സ്വാധീനം ചെലുത്താൻ കഴിയുന്നില്ല. സർക്കാരിനെ നിയന്ത്രിക്കുന്ന ചിലരുടെ ഇടപെടലുകൾ വയനാടിന്‍റെ താത്പര്യങ്ങളെ കടത്തിവെട്ടുകയാണ്. നഞ്ചൻഗോഡ്-നിലംമ്പൂർ പദ്ധതി അട്ടിമറിക്കുന്നതിനു സർക്കാർതലത്തിൽത്തന്നെയുള്ള നീക്കങ്ങൾ ദൗർഭാഗ്യകരമാണ്.

റെയിൽ പദ്ധതിക്കായി ശക്തമായ ജനകീയസമരങ്ങൾക്ക് നേതൃത്വം നൽകാനാണ് ആക്ഷൻ കമ്മിറ്റി തീരുമാനം. പ്രക്ഷോഭത്തിന്‍റെ ആദ്യഘട്ടം എന്ന നിലയിലാണ് തിങ്കളാഴ്ചത്തെ സമരം. പ്രതിഷേധസംഗമം രാവിലെ 10.30നു എം.പി. വീരേന്ദ്രകുമാർ എംപി ഉദ്ഘാടനം ചെയ്യും. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ, മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ് തുടങ്ങിയവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

English summary
nanjangud nilambur railway line action committee wayanad
topbanner

More News from this section

Subscribe by Email