Saturday September 22nd, 2018 - 9:31:am
topbanner

ജലനിരപ്പ് ഉയർന്നാൽ ഇടുക്കി ഡാം ഘട്ടംഘട്ടമായി തുറക്കും: മന്ത്രി എം.എം മണി

fasila
ജലനിരപ്പ് ഉയർന്നാൽ ഇടുക്കി ഡാം ഘട്ടംഘട്ടമായി തുറക്കും: മന്ത്രി എം.എം മണി

ഇടുക്കി: ഇടുക്കി ഡാമിൽ വെള്ളം 2400 അടിയിൽ എത്തുന്നതിനുമുമ്പുതന്നെ ആവശ്യമെങ്കിൽ തുറന്നുവിടുമെന്നും അതിനുള്ള എല്ലാ ക്രമീകരണങ്ങളും തയ്യാറായിട്ടുണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറഞ്ഞു. കളക്ട്രേറ്റിൽ ഇടുക്കി, മുല്ലപ്പെരിയാർ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട് ചേർന്ന അടിയന്തിര യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റയടിക്ക് കൂടുതൽ വെള്ളം തുറന്നുവിടുന്നത് ഒഴിവാക്കാൻ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് അൽപ്പാൽപ്പമായി തുറന്നുവിടുന്നതാണ് പ്രായോഗികമെന്നും അതിനാണ് മുൻഗണന നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡാം തുറക്കും മുമ്പ് ആവശ്യമായ മുന്നറിയിപ്പുകൾ നൽകുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്യും. ഷട്ടറുകൾ ആദ്യമായി തുറക്കേണ്ടിവന്നാൽ രാത്രിയിൽ തുറക്കാതെ അത് പകൽസമയത്തുതന്നെ ആക്കുമെന്നും മന്ത്രി പറഞ്ഞു. ഡാം തുറന്നുവിടുന്നതുസംബന്ധിച്ച് ആർ്ക്കും ആശങ്കവേണ്ടെന്നും എല്ലാ മുൻകരുതൽ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എത്ര വീടുകളെ ബാധിക്കുമെന്നത് സംബന്ധിച്ച വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഫീൽഡ് സർവേ നടത്തി വിലയിരുത്തിവരികയാണ്.

സ്ഥിതിഗതികൾ വിലയിരുത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. അടിയന്തിര സാഹചര്യം നേരിടാൻ എല്ലാ വകുപ്പുകളും ജനപ്രതിനിധികളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും പൊതുജന, മാധ്യമ സഹകരണം ഉണ്ടാകണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. ഡാം അടിയന്തിര സാഹചര്യത്തിൽ തുറക്കേണ്ടിവന്നാൽ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും തുറന്നുവിടുന്ന വെള്ളം ഉണ്ടാക്കുന്ന ആഘാതം ഇല്ലാതാക്കാൻ നടപടികൾ തുടങ്ങിയെന്നും ജില്ലാ കളക്ടർ കെ.ജീവൻ ബാബു പറഞ്ഞു.

2400 അടിവരെ ജലനിരപ്പ് ഉയരാൻ കാക്കാതെ 2397 ലും 2398ലും എത്തുമ്പോൾ നിയന്ത്രിത അളവിൽ വെള്ളം തുറന്നുവിടുന്ന സാധ്യതകളാണ് പരിഗണിക്കുന്നത്. അപായ സൈറൺ മുഴക്കി 15 മിനിറ്റിന് ശേഷമേ ഡാം തുറക്കുകയുള്ളൂ. ജീപ്പിൽ മൈക്ക് അനൗൺസ്മെന്റ് നടത്തും. വെള്ളം തുറന്നുവിടുന്ന സമയത്ത് ആളുകൾ പുഴയിൽ പോകുന്നത് ഒഴിവാക്കും. സെൽഫി എടുക്കാനും വീഡിയോ എടുക്കാനും ആളുകൾ തടിച്ചുകൂടുന്നത് നിരുൽസാഹപ്പെടുത്തും. ഇക്കാര്യത്തിൽ ബോധവൽക്കരണം നടത്തും.

ഇതിനുമുമ്പ് ഡാം തുറന്നത് വെള്ളം 2401 ൽ എത്തിയപ്പോഴാണെന്നും അന്ന് അഞ്ച് ഗേറ്റുകളും അരമീറ്റർ ഉയർത്തിയാണ് വെള്ളം പുറത്തേക്ക് വിട്ടത് എന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.ഡാം തുറക്കുന്നതോടെ ചെറുതോണി പാലം അപകടത്തിലായാൽ പകരം ഗതാഗത ക്രമീരണങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ.ബി വേണുഗോപാൽ അറിയിച്ചു. ചെറുതോണി പാലം അപടത്തിലായാൽ കട്ടപ്പന- തൊടുപുഴ ഗതാഗതം കൊച്ചുകരിമ്പൻ പാലം വഴിതിരിച്ചുവിടും.

അവിടെയും വെള്ളം കയറിയാൽ കട്ടപ്പനയിൽ നിന്ന് ഏലപ്പാറ, വാഗമൺ വഴി തിരിച്ചുവിടും. അല്ലെങ്കിൽ കുമിളി, കെ.കെ റോഡുവഴി ഗതാഗതം ക്രമീകരിക്കും.തൊടുപുഴയിൽ നിന്നുള്ള മൾട്ടി ആക്സിൽ വാഹനങ്ങൾ മുട്ടം ഏലപ്പാറവഴി തിരിച്ചുവിടും. വളരെ അത്യാവശ്യ സന്ദർഭങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി ഡാമിന് മുകളിലൂടെയുള്ള ഗതാഗതവും പരിഗണിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

ചെറുതോണി, കരിമ്പൻ പാലങ്ങളിലൂടെ പോകുന്ന ബി.എസ്.എൻ.എൽ ഫൈബർ ഒപ്റ്റിക്കൽ കേബിൾ സംരക്ഷിക്കാനാവശ്യമായ നടപടികളും ദേശീയപാത അധികൃതർ കൈക്കൊള്ളും. യോഗത്തിൽ ജോയ്സ് ജോർജ് എം.പി, എം.എൽ.എ മാരായ പി.ജെ ജോസഫ്, റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Read more topics: idukki, dam, minister, M.M Mani
English summary
Idukki dam will open if the water level rises: minister M.M Mani
topbanner

More News from this section

Subscribe by Email