topbanner
Tuesday September 26th, 2017 - 2:14:am
topbanner

മാപ്പ് മൈ ഹോം കണ്ണൂർ പദ്ധതി വിജയകരം; കൂടുതൽ ജനകീയമാക്കാൻ തീരുമാനം

NewsDesk
മാപ്പ് മൈ ഹോം കണ്ണൂർ പദ്ധതി വിജയകരം; കൂടുതൽ ജനകീയമാക്കാൻ തീരുമാനം

കണ്ണൂർ ജില്ലയിലെ മുഴുവൻ സർക്കാർ ഒാഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഗൂഗ്ൾ മാപ്പിൽ ലഭ്യമാക്കി ജില്ലാ ഭരണകൂടം തയ്യാറാക്കിയ മാപ്പ്മൈ ഹോം കണ്ണൂർ പദ്ധതി വൻ വിജയമായതായി ഇതുമായി ബന്ധപ്പെട്ട് ചേർന്ന അവലോകന യോഗം വിലയിരുത്തി. സർക്കാർ സ്ഥാപനങ്ങളുടെ സ്ഥാനം, ഫോൺ നമ്പർ, പ്രവൃത്തി സമയം തുടങ്ങിയ വിവരങ്ങൾ അറിയാൻ നിരവധി പേരാണ് ഇൗ സംവിധാനം ഉപയോഗിക്കുന്നത്. ഒാഫീസുകൾ, ആശുപത്രികൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് സന്ദർശകർ ഒാൺലൈനിൽ കുറിച്ചിടുന്ന അഭിപ്രായങ്ങളും നിർദേശങ്ങളും കൂടുതൽ മികച്ച സേവനങ്ങളൊരുക്കാൻ സഹായകമാവുമെന്നും ജില്ലാ കലക്ടർ മീർ മുഹമ്മദലി അഭിപ്രായപ്പെട്ടു.

പദ്ധതി കൂടുതൽ ജനങ്ങളിലെത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്താൻ എല്ലാ സ്ഥാപന മേധാവികളും മുൻകൈയെടുക്കണമെന്ന് അദ്ദേഹം നിർദേശം നൽകി. പദ്ധതി ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാക്കുന്നതിന്റെ ഭാഗമായി സ്ഥാപനത്തിലെ പുതിയ സൗകര്യങ്ങൾ, സംവിധാനങ്ങൾ, സേവനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ ഗൂഗ്ൾ മാപ്പിൽ ഉൾപ്പെടുത്തണം. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് പൂർത്തീകരിക്കണം. പരിശോധനകൾക്കും മറ്റുമായി ഒാഫീസുകൾ സന്ദർശിക്കുന്ന ഉദ്യോഗസ്ഥർക്ക് ഒാഫീസിനെ കുറിച്ചുള്ള അഭിപ്രായം ഒാൺലൈനായി രേഖപ്പെടുത്താവുന്നതാണെന്നും ജില്ലാ കലക്ടർ പറഞ്ഞു. അതോടൊപ്പം ഒാഫീസുകൾ സന്ദർശിക്കുന്ന പൊതുജനങ്ങളെ അഭിപ്രായം രേഖപ്പെടുത്താൻ പ്രോൽസാഹിപ്പിക്കണം.

സ്മാർട്ട് ഫോണുകളും ഇന്റർനെറ്റ് കണക്ഷനും വ്യാപകമായ ഇക്കാലത്ത് ഇത്തരം സേവനങ്ങൾ പരമാവധി ജനങ്ങളിലെത്തിക്കുന്നത് വലിയ പ്രയോജനം ചെയ്യുമെന്നും ജില്ലാ കലക്ടർ അഭിപ്രായപ്പെട്ടു. നല്ല രീതിയിൽ ജോലി ചെയ്യുന്ന സ്ഥാപനങ്ങൾ അംഗീകരിക്കപ്പെടുകയും അല്ലാത്തവ വിമർശിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ മാത്രമേ സർക്കാർ ഒാഫീസുകളുടെ നിലവാരം മെച്ചപ്പെടുകയുള്ളൂ. ഇതിനായി ഗൂഗ്ൾ മാപ്പിലെ റേറ്റ് ആന്റ് റിവ്യൂ സംവിധാനം പ്രയോജനപ്പെടുത്താൻ സന്ദർശകർ തയ്യാറാകണമെന്നും ജില്ലാ കലക്ടർ പറഞ്ഞു.
മാപ്പ് മൈ ഹോം കണ്ണൂരിന്റെ ഭാഗമായി ജില്ലയിലെ 1300 വിദ്യാലയങ്ങൾ, അക്ഷയ കേന്ദ്രങ്ങൾ, ആശുപത്രികൾ തുടങ്ങി 170 സർക്കാർ വകുപ്പുകൾക്കു കീഴിലെ 2913 സ്ഥാപനങ്ങളാണ് ഗൂഗിൾ മാപ്പിൽ അടയാളപ്പെടുത്തിയത്. ജില്ലയിലെ കുടുംബശ്രീയുടെ രണ്ടായിരത്തോളം സ്ഥാപനങ്ങൾ കൂടി ഉൾപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചുവരികയാണ്.

സ്മാർട്ട്ഫോണിൽ ഗൂഗിൾ മാപ്പ് വഴി തെരഞ്ഞാൽ ഒാഫീസുകൾ കണ്ടെത്താൻ കഴിയും. ഒാഫീസിന്റെ വിലാസം, സ്ഥാനം എന്നിവ ഉള്ളതിനാൽ ജില്ലയിലെ ഏത് ഒാഫീസിലും അനായാസം എത്തിപ്പെടാനുമാവും. ഒപ്പം ലാന്റ് ഫോൺ നമ്പറും ലഭ്യമായ സ്ഥലങ്ങളിൽ മൊബൈൽ നമ്പറും നൽകിയിട്ടുണ്ട്. മൊബൈലിൽ നിന്ന് ഗൂഗിൾ മാപ്പ്വഴി ഒാഫീസ് നമ്പറിൽ ക്ലിക്ക് ചെയ്താൽ നേരിട്ട് ഫോൺ ചെയ്യാം. സ്ഥാപനത്തിന്റെ പേര് മലയാളത്തിലോ ഇംഗ്ലീഷിലോ ടൈപ്പ് ചെയ്ത് തെരയാനും ഇതിൽ സൗകര്യമുണ്ട്. ജില്ല എെടി മിഷനാണ് ഒാഫീസ് മാപ്പിങ്ങ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്. കലക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ എെടി മിഷൻ ജില്ലാ പ്രൊജക്ട് മാനേജർ സി എം മിഥുൻ കൃഷ്ണ, വകുപ്പ് മേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.

Read more topics: map my home, kannur,
English summary
map my home kannur
topbanner topbanner

More News from this section

Subscribe by Email