Thursday June 20th, 2019 - 3:22:pm
topbanner
topbanner

മലപ്പുറം ജില്ലയിൽ കൊതുക് കടിച്ചു മരിച്ചത് ആറ് പേർ; പകർച്ചപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കും

Aswani
മലപ്പുറം ജില്ലയിൽ കൊതുക് കടിച്ചു മരിച്ചത് ആറ് പേർ; പകർച്ചപ്പനി  പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കും

മലപ്പുറം:  പകർച്ചപ്പനി ബാധയെ തുടർന്നു ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജ്ജിതമാക്കാൻ ജില്ലാ കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ ജാഗ്രതാ യോഗം തീരുമാനിച്ചു. അസിസ്റ്റന്റ് കലക്ടർ വികൽപ് ഭരദ്വാജിന് ജില്ലയിലെ ആരോഗ്യ പ്രവർത്തനങ്ങളുടെ നോഡൽ ഒാഫീസറുടെ ചുമതല നൽകി. വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ജില്ലാ, താലൂക്ക് ആശുപത്രികളെയും കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളെയും നോഡൽ സെന്ററുകളായി നിശ്ചയിച്ചു. ബന്ധപ്പെട്ട പ്രദേശങ്ങളിലെ പ്രവർത്തനങ്ങൾ ഇൗ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തും.

ഇതിനിടെ കേസുകൾ റിപ്പോർട്ട് ചെയ്ത മക്കരപറമ്പ്, മൂർക്കനാട്, അങ്ങാടിപ്പുറം, കുറുമ്പലങ്ങോട്, ചുങ്കത്തറ, കരുളായി, കരുവാരക്കുണ്ട്, കീഴുപറമ്പ്, തൃക്കലങ്ങോട് എന്നിവിടങ്ങളിൽ ഉറവിട നശീകരണവും ഫോഗിംഗും വീടിനകത്ത് സ്പ്രേയിംഗും ആരംഭിച്ചു. ജില്ലയിലെ മറ്റു ഭാഗങ്ങളിൽ ഇതു തുടരും. ഞായറാഴ്ചകളിൽ പകർച്ചപ്പനി ബാധിത മേഖലകളിലെ വീടുകൾ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവർത്തകർ ബോധവൽക്കരണം നടത്തും. വാർഡ് തലങ്ങളിൽ ആരോഗ്യസേന പ്രവർത്തകർക്കൊപ്പം ട്രോമ കെയർ വളണ്ടിയർമാരും സന്നദ്ധ പ്രവർത്തകരും പങ്കാളികളാവും. ഇവർക്കായി പ്രത്യേക പരിശീലനം നൽകും. ജില്ലയിലെ സ്വകാര്യ ആശുപത്രികളിൽ ഡെപ്യൂട്ടി ഡി.എം.ഒ മാരുടെ നേതൃത്വത്തിൽ പരിശോധന നടത്തും. ഹോട്ടലുകൾ, മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ആരോഗ്യം, പൊലീസ്, റവന്യൂ, ഭക്ഷ്യ സുരക്ഷാ വിഭാഗങ്ങൾ സംയുക്തമായി റെയ്ഡ് നടത്തും.

കൊതുകു വളരാനിടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ തോട്ടമുടകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതു പാലിക്കാത്ത തോട്ടമുടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. കൊതുകിന്റെ ഉറവിടം നശിപ്പിക്കാത്ത വീടുകൾ, സ്ഥാപനങ്ങൾ എന്നിവക്കെതിരെ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. ബോധവൽക്കരണത്തിനായി അടുത്തയാഴ്ച മുതൽ ജില്ലയിൽ മൊബൈൽ എക്സിബിഷൻ നടത്തും. ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും പനി ബാധിത മേഖലകളിലും പ്രദർശനവും ബോധവൽക്കരണ ലഘുലേഖ വിതരണവും നടക്കും.

ജില്ലയിൽ ഇൗ വർഷം ഇതുവരെ കൊതുക് കടിച്ചു ഡെങ്കിപ്പനി ബാധിച്ചു മരിച്ചത് ആറ് പേർ. രണ്ടു പേരുടെ കൂടി മരണം ഡെങ്കി മൂലമാണെന്നു സംശയമുണ്ട്. നിരവധി പേർ പനി ബാധിതരായി വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. ഇൗഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കൊതുകു കടിയേൽക്കുന്നത് പലരും നിസാരമായി കാണുന്നതാണ് രോഗ വ്യാപനത്തിന്റെ പ്രധാന കാരണം. അലക്ഷ്യമായി ഇട്ടിരിക്കുന്ന പാത്രങ്ങൾ, പാള, ചിരട്ട, വെള്ളം ശേഖരിച്ചു വെക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, അലങ്കാര ചെടികളുടെ ട്രേ, ഫ്രിഡ്ജ് തുടങ്ങിയവയിലെ വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ട് വളരും. കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ എല്ലാവരും ജാഗ്രത പാലിക്കണം. കൂടാതെ കൊതുകു കടിയേൽക്കാതിരിക്കാൻ കൊതുകു വലയോ മറ്റു വ്യക്തിഗത മാർഗ്ഗമോ സ്വീകരിക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.

യോഗത്തിൽ അസിസ്റ്റന്റ് കലക്ടർ വികൽപ് ഭരദ്വാജ്, സ്റ്റേറ്റ് എപ്പിഡമിയോളജിസ്റ്റ് ഡോ.കെ.സുകുമാരൻ, ഡി.എം.ഒ ഡോ.കെ. സക്കീന, ഡെപ്യൂട്ടി ഡി.എം.ഒ മാർ, ജില്ലാതല പ്രോഗ്രാം ഒാഫീസർമാർ, വിവിധ വകുപ്പ് മേധാവികൾ പങ്കെടുത്തു.

 

Read more topics: malappuram, viral, fever
English summary
six people died in malappuram district because of mosquitos; take effective prevention against viral fever
topbanner

More News from this section

Subscribe by Email